Saturday, February 25, 2012

തിന്മയ്ക്കു മേല്‍ നന്മയുടെ ഉജ്വല വിജയം

             തിരുവോണനാളില്‍ പൂക്കളമൊരുക്കുകയായിരുന്നു തുറന്ന ജയിലിലെ അന്തേവാസികള്‍.  ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കാണികളായിരുന്നു. ജയില്‍ സൂപ്രണ്ട് പൂക്കളും, കമ്മീഷണര്‍ നിറം പിടിപ്പിക്കാനുള്ള പരല്‍ ഉപ്പും നല്‍കിയിരുന്നു. അവിദഗ്ധമായ കൈവിരലുകള്‍ ഉപ്പു പരലുകളില്‍ ഒരു സ്ത്രീ രൂപം തീര്‍ത്തത് കണ്ട്‌ കമ്മീഷണര്‍ അടുത്തു ചെന്നു പറഞ്ഞു:
          എടാ, അവളുടെ മൂക്കിനല്‍പ്പം വളവു കൂടിപ്പോയി.  നേരെയാക്കു. 
           ഒരു കവര്‍ച്ചക്കേസിലെ പ്രതിയായിരുന്നു ചിത്രകാരന്‍ എന്നതിനാല്‍ ആ പെണ്ണ് അത്രയ്ക്ക് സുന്ദരിയായിരുന്നില്ല.  പരലുപ്പില്‍ വാര്‍ന്നു വീണ ആ  സ്ത്രീരൂപത്തിനു ചുറ്റും      വൃത്താകൃതിയില്‍ പുഷ്പങ്ങള്‍ കൊണ്ടലങ്കാരങ്ങള്‍ ചെയ്ത്‌ അയാള്‍ മണ്ണില്‍ കോറിയിട്ടു:  
          ഓണാശംസകള്‍.
          കമ്മീഷണര്‍ കാല്‍മുട്ട് കൊണ്ടു അയാളുടെ തോളില്‍ തട്ടി. 
          അവളുടെ മൂക്ക് അല്‍പ്പം കൂടി ഉയര്‍ത്തി വരക്കെടാ. 
          ചിത്രകാരന്‍ കേള്‍ക്കാത്ത ഭാവത്തിലിരുന്നു കൊണ്ട് സൌന്ദര്യമില്ലാത്ത തന്റെ സൃഷ്ടി നോക്കി പുഞ്ചിരി പൊഴിച്ചപ്പോള്‍ ജയില്‍ സൂപ്രണ്ട് ചാടിച്ചെന്ന് അയാളുടെ പുറത്തു തൊഴിച്ചു.
             കമ്മീഷണര്‍സാര്‍ പറഞ്ഞാല്‍ അനുസരിക്കില്ലേടാ...
             ചിത്രകാരന്‍ കമിഴ്ന്നു വീണത്‌ പെണ്ണിന്റെ മുകളിലേക്കായിരുന്നു. അയാള്‍ അവളുടെ കണ്ണിലെ കറിയുപ്പിന്റെ സ്വാദറിഞ്ഞപ്പോള്‍  വല്ലാതെ വിഷമിച്ചു പോയി.  കാരണം  ത് അയഡൈസ് ചെയ്യാത്ത വെറും പരലുപ്പായിരുന്നു. 

Friday, February 24, 2012

ശബ്ദവും വെളിച്ചവും










ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് കോളനിക്ക് ചെവി കേള്‍ക്കാന്‍ വയ്യാത്ത ഒരംഗത്തെ കിട്ടിയത്. കണ്ടു പിടിക്കപ്പെട്ടത്തില്‍ വെച്ച് ഏറ്റവും വലിയ ധനവാനും മനുഷ്യ സ്നേഹിയും ആയിരുന്നു അദ്ദേഹം എന്ന് ഞങ്ങള്‍ യോഗം ചേര്‍ന്ന് നിര്‍ണ്ണയിച്ചു. കാരണം അയാള്‍ കീശയില്‍ കയ്യിട്ടു കൈലെസെടുക്കുംപോഴൊക്കെ അഞ്ഞൂറി ന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ പുറത്തേക്കു വരുമായിരുന്നു. ബധിരനായ ആ കുടുംബനാഥനും അദ്ദേഹത്തിന്‍റെ സുന്ദരിയും സ്നേഹവതിയുമായ പ്രിയപത്നിക്കും നന്മ വരേണമേ എന്ന് ഒരു വാചാപ്രമേയം അവതരിപ്പിച്ചു ഞങ്ങള്‍ ദൈവത്തോട പ്രാര്‍ത്ഥിക്കുകയും തുടര്‍ന്നു മേല്‍പ്പറഞ്ഞ മനുഷ്യ സ്നേഹിക്ക് ഒരു ശ്രവണ സഹായി നല്കാന്‍ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹത്തെ അതറിയിക്കാന്‍ ഞങ്ങള്‍ വളരെ പണിപ്പെട്ടു. അംഗ വിക്ഷേപങ്ങളിലൂടെയും മണ്ണെഴുത്തിലൂടെയും ആകാശത്തെഴുത്തിലൂടെയും കുറെയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ അദ്ദേഹം വിനയാന്വിതനായി തൊഴുതു. ഞങ്ങളോട് നന്ദി പ്രകാശിപ്പിച്ചു. എന്ത് ചോദിച്ചാലും ഉറക്കെപ്പറ , ഉറക്കെപ്പറ എന്നല്ലാതെ അദ്ദേഹം ഒന്നും പറയുമായിരുന്നില്ല. നല്ലൊരു മനുഷ്യന്‍. ചെവി കേട്ടൂടാ. അല്ലായിരുന്നെങ്കില്‍ ഒരന്തി വായ്പ അല്ലെങ്കില്‍ ഒരയിരമോ പതിനായിരമോ ചോദിക്കാമായിരുന്നു. ആ മുഖം കണ്ടോ. തീര്‍ച്ചയായും തരുമായിരുന്നു. പാവം. ഞങ്ങള്‍ ഒറ്റക്കും കൂട്ടായും ചിന്തിച്ചതിങ്ങനെയാണ്‌. ടൌണ്‍ ഹാളിലെ യോഗത്തില്‍ അധ്യക്ഷന്‍ അലറിക്കരഞ്ഞു.

"നല്ലവനായ ഈ ചെറുപ്പക്കാരന് ചെവി കേട്ടൂടാത്തതിനാലാണ്‌ നമ്മള്‍ ഈ ചെവിയന്ത്രം വക്കാന്‍ തീരുമാനിച്ചത്. അയാള്‍ എല്ലാം കേട്ട് തുടങ്ങിയാല്‍ ഈ കോളനിക്കാര്‍ രക്ഷപെട്ടു.. ഇട്ടു മൂടാന്‍ സ്വത്തല്ലിയോ ബധിര ശിരോമണിയുടെ
മണിപ്പേര്‍സില്‍ ."

     അധ്യക്ഷന്‍ അദ്ദേഹത്തെ നോക്കി തല കുലുക്കി. തന്നെ സ്തുതിക്കുകയാണെന്നു കരുതി ശിരോമണി കൈയുയര്‍ത്തി തൊഴുതു. നഗരപിതാവ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ ചെവിയന്ത്രം അദ്ദേഹത്തിന്റെ തലയിലുറപ്പിച്ചു കൊടുത്തു . ഇരു ചെവികളിലും തൊട്ടിരുന്ന അത് അദ്ദേഹത്തിനൊരു കിരീടധാരിയുടെ പകിട്ടേകി. നഗരപിതാവ് ഉറക്കെപ്പറഞ്ഞു . " ഇവന്റെ ചെവിയിലേക്ക് നാം ശബ്ദത്തെ പറഞ്ഞയക്കുകയാണ് . ഞാന്‍ സ്വിച്ചിടുമ്പോള്‍ നിങ്ങളിലാരെങ്കിലും ഒരാള്‍ എഴുന്നേറ്റുവന്ന്‌ അവന് അഭിവാദ്യമോതണം . ശരി. ഒന്നേ , രണ്ടേ, മൂന്നേ . ഇതാ സ്വിച്ചോണായി ."
     സദസ്സ് മുഴുവന്‍ എഴുന്നേറ്റുനിന്ന് അലമുറയിടുന്നത് കേള്‍ക്കായി.

     "സാറെ , എനിക്ക് പണം വേണം "
     "എന്നെ സഹായിക്കണമേ "
     "വീട്ടുചെലവിനു വഹയില്ല "
     "പിരിവ് "
     " സപ്താഹം "
     " ബോണസ് "
     " കച്ചോടം പൊളിഞ്ഞു "
     " അഡ്വാന്‍സ്‌ : ചെക്കായാലും മതി കാശു വേണമെന്നില്ല "
അദ്ദേഹം അനങ്ങാതെ ഒന്നും പ്രതികരിക്കാതെ ഇരുന്നു.  


     " ഞാനൊന്നും കേട്ടില്ലല്ലോ " 
      അത്രയും മാത്രമാണ് ആ മനുഷ്യന്‍ പറഞ്ഞത്. എല്ലാവര്‍ക്കും വിഷമമായി. യന്ത്രച്ചെവി വച്ചാലും അയാള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ലെന്നുറച്ച് ഞങ്ങള്‍ നിരാശരായി. ഒരു തരത്തിലും പ്രയോജനമില്ലാത്ത അത്തര മൊരുവനെ പ്രകീര്‍ത്തിച്ചിട്ട് ഒന്നും നേടാനില്ലെന്നു മനസ്സിലാക്കി ഞങ്ങള്‍ സ്വതസ്സിദ്ധമായ ഭാഷയില്‍ അയാളെ തെറി വിളിക്കാന്‍ തുടങ്ങി. തെറിയുടെ ഉസ്താദുമാരായ അധ്യക്ഷനും നഗരപിതാവും മറ്റു വിശിഷ്ട വ്യക്തികളും, മൈക്കിലൂടെയാണ് അയാളെ ചീത്ത വിളിച്ചത്.

     പാവം അദ്ദേഹമാട്ടെ, ഈ ഭാവമാറ്റത്തിന്റെ അര്‍ഥം അറിയാതെ മിഴിച്ചിരുന്നു കൊണ്ട് ചെവിയന്ത്രത്തിന്‍റെ ഏതോ ഒരു ബട്ടണില്‍ അമര്‍ത്തിപ്പിടിച്ചു.അപ്പോള്‍ അയാളുടെ തലയിലേക്ക് ശബ്ദവും വെളിച്ചവും കടന്നുചെന്നു.അയാള്‍ ചാടിയെഴുന്നേറ്റു.
     "ദേ, ശരിക്കുള്ള ബട്ടനമര്‍ത്തിയപ്പോള്‍ ഞാന്‍ എല്ലാം വ്യക്തമായി കേള്‍ക്കുന്നു .ഇതാണോ നമ്മുടെ ഭാഷ. അയ്യേ, ഇതെനിക്ക് വേണ്ടായേ. "

     അയാള്‍ യന്ത്രചെവി ഊരി സദസ്സിനു നേരെ എറിഞ്ഞിട്ടു വേഗം ഇറങ്ങി ഓടിപ്പോയി.


++++++++++++++++++++++++++++++++++++++++++++++


NB : ആദ്യ വായനക്കാരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരുവന്‍ നമ്മുടെ കഥാകൃത്തിന് ഇങ്ങനെ ഒരു കത്തയച്ചു. "മഹാനെ, അയാളുടെ കൈയിലെ പണത്തിനു പ്രാധാന്യം കൊടുക്കുകയും ഞങ്ങളുടെ കോളനിക്കാരെ അത്യാര്‍ത്തിക്കാരാക്കുകയും ചെയ്യുക വഴി ഈ കഥയെഴുതിയവന്‍ സമൂഹത്തെ അപമാനിക്കുന്നു. നിഷേധിക്കാമോ? രണ്ടാമതായി, നഗരപിതാവിനെക്കൊണ്ടു തെറ്റായ സ്വിച്ചിടുവിച്ചതു തന്നെ കഥാകൃത്തി ന്‍റെ കഴിവുകേടായിട്ടേ ഞാന്‍ കാണൂ. എന്താ, രാഷ്ട്രീയക്കാര്‍ മണ്ടന്മാരാണെന്നാണോ നിങ്ങളുടെ വിചാരം? അതൊക്കെ പോട്ടെ, ഈ കഥ വായിച്ചാല്‍ എനിക്കെന്തു കിട്ടും? ശരിയാണല്ലോ. അയാള്‍ക്കെന്തു കിട്ടും?

Thursday, February 23, 2012

പരാജിതര്‍ക്ക്



  

എനിക്കു കേട്ടറിവു മാത്രമുണ്ടായിരുന്ന ദാര്‍ശനികന്‍ കുമാരേട്ടന്‍ ഒരിക്കല്‍ എന്‍റെ മുമ്പില്‍ പ്രത്യക്ഷനായി. എന്‍റെ വീടിനു വലം വച്ചിട്ട് എന്റെ ശത്രു ദോഷത്തെക്കുറിച്ചും സാമ്പത്തിക പരാധീനതയെക്കുറിച്ചും വാചാലനായി. വാസ്തുവി ന്‍റെ ശാപമേറ്റു കഴിയാനാണോ എന്റെ വിധിയെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ എന്താണ് ആ വസ്തു എന്നായി എന്‍റെ ചിന്ത. വീടുകള്‍ക്കും ജീവനുണ്ടെന്നും അവ മനുഷ്യരെപ്പോലെ പ്രാണവായു ശ്വസിക്കുന്നെന്നും, സ്ഥാനം തെറ്റിയതും കണക്കു പിഴച്ചതുമായ ഗൃഹം നാശകാരിയാണെന്നും അദ്ദേഹം എനിക്കു പറഞ്ഞു തന്നു. എന്നെ കൂടുതല്‍ വിശ്വസിപ്പിക്കാനായി ഓസോണ്‍ പാളി കിഴിഞ്ഞതും എനെര്‍ജിയുടെ ക്വാണ്ടം ചാട്ടവും അദ്ദേഹം വാക്കുകളിലൂടെ വരച്ചു കാണിച്ചു. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ആ വീട്ടില്‍ ഞങ്ങള്‍ കഴിയുകയാണെന്ന് പറയാന്‍ തോന്നിയെങ്കിലും സ്വതേ ഒരു തികഞ്ഞ ഭീരുവായ ഞാന്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ ഒന്നും മിണ്ടാതെ തലയാട്ടിക്കൊണ്ടിരുന്നു.

കുമാരേട്ടന്‍ പറഞ്ഞാണ് ഞാന്‍ വീട് വിറ്റതും അദ്ദേഹത്തിന്റെ

വ്യവസായത്തില്‍ നിക്ഷേപിച്ചതും. നിക്ഷേപം മാസംതോറും ഇരട്ടിയായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം എന്നെ ഓര്‍മിപ്പിച്ചപ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തോട് 'അങ്ങെ ന്‍റെ ദൈവമാണ് കുമാരേട്ടാ, ദൈവം' എന്ന് പറയുമായിരുന്നു. ഞാന്‍ ദൈവം ദൈവമെന്നു വിളിച്ചു വിളിച്ച് കുമാരേട്ടന്‍ എപ്പോഴോ എന്റെ പണവുമായി പ്രപഞ്ച രഹസ്യങ്ങളിലേക്ക് അപ്രത്യക്ഷനായി. ഒരു ജന്മത്തില്‍ ഒന്നിലേറെ തവണ ഈശ്വര ദര്‍ശനം അസാധ്യമെന്നു പഴമക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഞാന്‍ ഇപ്പോഴും തപസ്സിലാണ്‌.

പക്ഷെ, ചെറുപ്പത്തില്‍ത്തന്നെ എന്‍റെയുള്ളില്‍ കയറിയിരുപ്പാണ്

പരാജിതനായ ഒരു യുക്തിവാദി.











Tuesday, February 21, 2012

ഷോര്‍ട്ട് മെസ്സേജ്

കഴിഞ്ഞ ആറു മാസമായി, നഷ്ടപ്പെടാത്ത തുടര്‍ച്ചയോടെ എന്‍റെ പ്രഭാതങ്ങളില്‍ എത്താറുണ്ട്, ഒരാളുടെ എസ്സെമ്മെസ് മെസ്സേജുകള്‍ . "എഴുന്നെറ്റെ, ചൂട് ചായ കുടിക്കും മുന്‍പ് എന്‍റെ ഗുഡ് മോണിംഗ് ആസ്വദിക്കു. സൂര്യനും പക്ഷി മൃഗാദികളും താങ്കള്‍ക്ക് സുപ്രഭാതം ഓതുവാന്‍ കാത്തിരിക്കുന്നു , ഞാനും. എഴുന്നേറ്റു വരിക.""സ്നേഹിതാ, നീണ്ട ഉറക്കത്തിനുശേഷം ഇതാ പുതിയ പ്രതീക്ഷകളുമായി നിങ്ങളുടെ പുതു പ്രഭാതം . എന്‍റെ സുപ്രഭാതം കൂടി ..."മുടക്കമില്ലാതെ എന്‍റെ കാര്യം ഓര്‍ക്കുന്ന ബാല്യകാല സുഹൃത്ത് രമേശായിരുന്നു അത്. കണ്ടിട്ടു മുപ്പത്തൊന്നു വര്‍ഷമായി. ആറു മാസം മുന്‍പ് എ ന്‍റെ സെല്‍ഫോണില്‍ വിളിയെത്തി. അതിങ്ങനെ ആയിരുന്നു. "എടേ, നിന്‍റെ പഴയ ചെങ്ങാതി രമേശ്‌ ആണ് ഞാന്‍. സമയം കിട്ടുമ്പോള്‍ ഇടയ്ക്കിടെ വിളിക്കണം. കോഴിക്കോട്ടു വരുമ്പോള്‍ കൂടാം. എത്ര കഷ്ടപ്പെട്ടെന്നോ നിന്‍റെ ഫോണ്‍ നമ്പര്‍ കിട്ടാന്‍ ? ശരിയെടാ." പലപ്പോഴും ജോലിസ്ഥലത്തെ തിരക്കില്‍ ഞാന്‍ പതറുകയാണ്. എന്നിട്ടും ഇടക്കിടെ രമേശിന്‍റെ നമ്പരില്‍ വിളിച്ചു. ഏപ്പോഴും അവന്‍റെ ഫോണ്‍ തിരക്കിലായിരുന്നു . ദുര്‍വാശിയോടെ റീഡയല്‍ ചെയ്ത എന്നെ ആ തിരക്കുപിടിച്ച നമ്പര്‍ പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷെ അപ്പോഴും അയാളുടെ ഭാവനാവിലാസമാര്‍ന്ന എസ്സെമ്മെസ് ദൂതുകള്‍ എന്നെ ഉണര്‍ത്തുമായിരുന്നു. എന്‍റെ പഴയ പ്രസാധകനെ കണ്ടു കണക്കു തീര്‍ക്കനയിട്ടാണ് ഞാന്‍ കോഴിക്കോട്ടെത്തിയത് . സ്റ്റാന്‍ഡില്‍ ബസ് എത്തും മുമ്പുതന്നെ രമേശിന്‍റെ നമ്പരിലേക്കാണ് ഞാന്‍ ആദ്യം വിളിച്ചത്. എന്റെ ഫോണിന്‌ ഇത്തവണ ഭാഗ്യമുണ്ടായി. അത് രമേശുമായി ബന്ധത്തിലേര്‍പ്പെട്ടു. "അലൌ" "എന്‍റെ രമേശ്‌ ഇത് ഞാനാണ്‌. നിന്‍റെ ബാല്യകാല സുഹൃത്ത്‌. നീ ഇപ്പോള്‍ എവിടെയാണ് ? "
രമേശിന് മനസ്സിലായില്ല ."രമേശ്‌ നീ എവിടെയാണിപ്പോള്‍. നേരില്‍ കാണണം" ഞാന്‍ അമരാവതി ലോഡ്ജിലെത്തി. ഒരിക്കല്‍ പഴയ പ്രസാധകന്‍ എന്‍റെ നോവലിന്‍റെ കയ്യെഴുത്ത് പ്രതിക്ക് വേണ്ടി കാത്തിരുന്ന അമരാവതി ലോഡ്ജിലെ അതേ മുറി തന്നെ. ഞാന്‍ വാതിലില്‍ മുട്ടി. ക്ഷണം ലഭിച്ചപ്പോള്‍ വാതില്‍ തള്ളിത്തുറന്ന് അകത്തേക്കു പറഞ്ഞു. "നമസ്തേ "തണുപ്പന്‍ പ്രത്യഭിവാദ്യം എന്നെ ചൊടിപ്പിച്ചു. "രമേശ്‌, ആറു മാസം മുന്‍പ് ഒരു വ്യാഴാഴ്ച രാത്രി നീ എന്നെ വിളിച്ചിരുന്നു."
എന്തോ കാര്യമായ ചിന്തയിലായിരുന്നു രമേശ്‌. എന്തു പറയണമെന്നറിയാതെ ഞാന്‍ നിന്നുപോയി.
"എന്നോട് പേര് വിളിച്ചു സംസാരിക്കാനും "നീ" എന്നു സംബോധന ചെയ്യാനും ആരാണ് നിങ്ങള്‍, പറയൂ "
അപ്പോള്‍ ഏതോ കോണില്‍ മറഞ്ഞിരുന്ന ക്രൂദ്ധനായ ഒരു പരിചാരകന്‍ എന്നെ വാതില്‍ക്കലേക്കു നടത്തിച്ചു. "ശല്യം ചെയ്യാതെ പോ , അദ്ദേഹം സ്ക്രിപ്റ്റെഴുതുകയാണ്."
അയാളുടെ വിരലുകള്‍ എ ന്‍റെ തോള്‍പ്പലകയില്‍ വേദനയെടുപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു പോയി.
"രമേശ്‌, ഇന്ന് രാവിലെ കൂടി നീ അയച്ച ഗുഡ് മോണിംഗ് മെസ്സേജാണെന്നെ ഉണര്‍ത്തിയത് "
പരിചാരകന്‍ പ്രവാചകനായി. " അതദ്ദേഹമല്ല"
ഒരിക്കല്‍ കമ്പുട്ടറില്‍ ചാര്‍ത്തിക്കൊടുത്ത നമ്പരുകളിലേക്ക് യന്ത്രം തനിയെ മെസ്സേജയക്കുന്നതാണ്. അമരാവതി ലോഡ്ജിലെ ആ അടഞ്ഞ വാതിലിലേക്ക് കുറേനേരം നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.എന്നെ ഉണര്‍ത്തി യെടുക്കാനെന്നോണം എന്‍റെ നെഞ്ചോടു ചേര്‍ന്നുകിടന്ന ഫോണില്‍ ഒരു മെസ്സേജുകൂടി വിറച്ചു നിന്നു. അത് തുറന്ന എനിക്ക് ഒരജ്ഞാതന്‍റെ നവവത്സരാശംസകള്‍ കിട്ടി.
സാരമില്ല. ഞാന്‍ വന്ന കാര്യം ഇതൊന്നുമായിരുന്നില്ല. കോഴിക്കോട്ടെ എന്‍റെ പ്രസാധകന്‍റെ നമ്പറിലേക്ക് ഞാന്‍ വിരലമര്‍ത്തി. ഞാനൊരു ക്യൂവിലാണെന്ന് കേട്ടു. എനിക്കെത്ര നേരം വേണമെങ്കിലും കാത്തിരിക്കാം. കണക്കു തീര്‍ത്തു കുറച്ചു പണമെങ്കിലും കിട്ടുമല്ലോ. വീണ്ടും വീണ്ടും ഞാന്‍ ക്യൂവിലായി. പിന്നെ അറുത്തു മുറിച്ചു പറയുന്നത് കേട്ടു. 
രമേശിന് മനസ്സിലായില്ല ."രമേശ്‌ നീ എവിടെയാണിപ്പോള്‍. നേരില്‍ കാണണം" ഞാന്‍ അമരാവതി ലോഡ്ജിലെത്തി. ഒരിക്കല്‍ പഴയ പ്രസാധകന്‍ എന്‍റെ നോവലിന്‍റെ കയ്യെഴുത്ത് പ്രതിക്ക് വേണ്ടി കാത്തിരുന്ന അമരാവതി ലോഡ്ജിലെ അതേ മുറി തന്നെ. ഞാന്‍ വാതിലില്‍ മുട്ടി. ക്ഷണം ലഭിച്ചപ്പോള്‍ വാതില്‍ തള്ളിത്തുറന്ന് അകത്തേക്കു പറഞ്ഞു. "നമസ്തേ "തണുപ്പന്‍ പ്രത്യഭിവാദ്യം എന്നെ ചൊടിപ്പിച്ചു. "രമേശ്‌, ആറു മാസം മുന്‍പ് ഒരു വ്യാഴാഴ്ച രാത്രി നീ എന്നെ വിളിച്ചിരുന്നു."എന്തോ കാര്യമായ ചിന്തയിലായിരുന്നു രമേശ്‌. എന്തു പറയണമെന്നറിയാതെ ഞാന്‍ നിന്നുപോയി."എന്നോട് പേര് വിളിച്ചു സംസാരിക്കാനും "നീ" എന്നു സംബോധന ചെയ്യാനും ആരാണ് നിങ്ങള്‍, പറയൂ "അപ്പോള്‍ ഏതോ കോണില്‍ മറഞ്ഞിരുന്ന ക്രൂദ്ധനായ ഒരു പരിചാരകന്‍ എന്നെ വാതില്‍ക്കലേക്കു നടത്തിച്ചു. "ശല്യം ചെയ്യാതെ പോ , അദ്ദേഹം സ്ക്രിപ്റ്റെഴുതുകയാണ്."അയാളുടെ വിരലുകള്‍ എ ന്‍റെ തോള്‍പ്പലകയില്‍ വേദനയെടുപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു പോയി. "രമേശ്‌, ഇന്ന് രാവിലെ കൂടി നീ അയച്ച ഗുഡ് മോണിംഗ് മെസ്സേജാണെന്നെ ഉണര്‍ത്തിയത് "പരിചാരകന്‍ പ്രവാചകനായി. " അതദ്ദേഹമല്ല"ഒരിക്കല്‍ കമ്പുട്ടറില്‍ ചാര്‍ത്തിക്കൊടുത്ത നമ്പരുകളിലേക്ക് യന്ത്രം തനിയെ മെ സ്സേ ജയക്കുന്നതാണ്. അമരാവതി ലോഡ്ജിലെ ആ അടഞ്ഞ വാതിലിലേക്ക് കുറേനേരം നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.എന്നെ ഉണര്‍ത്തി യെടുക്കാനെന്നോണം എന്‍റെ നെഞ്ചോടു ചേര്‍ന്നുകിടന്ന ഫോണില്‍ ഒരു മെസ്സേജുകൂടി വിറച്ചു നിന്നു. അത് തുറന്ന എനിക്ക് ഒരജ്ഞാതന്‍റെ നവവത്സരാശംസകള്‍ കിട്ടി. സാരമില്ല. ഞാന്‍ വന്ന കാര്യം ഇതൊന്നുമായിരുന്നില്ല. കോഴിക്കോട്ടെ എന്‍റെ പ്രസാധകന്‍റെ നമ്പറിലേക്ക് ഞാന്‍ വിരലമര്‍ത്തി. ഞാനൊരു ക്യൂവിലാണെന്ന് കേട്ടു. എനിക്കെത്ര നേരം വേണമെങ്കിലും കാത്തിരിക്കാം. കണക്കു തീര്‍ത്തു കുറച്ചു പണമെങ്കിലും കിട്ടുമല്ലോ. വീണ്ടും വീണ്ടും ഞാന്‍ ക്യൂവിലായി. പിന്നെ അറുത്തു മുറിച്ചു പറയുന്നത് കേട്ടു. " നിന്‍റെ ആള്‍ ഈ സമയം ഒരു വിളിയും സ്വീകരിക്കുന്നില്ലെടാ"പത്തു മിനിട്ട്, അര മണിക്കൂര്‍, ഒരുമണിക്കൂര്‍. വീണ്ടും വീണ്ടും ശ്രമം തുടര്‍ന്നു. പക്ഷെ എന്‍റെ പ്രസാധകന്‍ തിരക്കോടു തിരക്കു തന്നെ.