Friday, June 15, 2012

പഞ്ചതന്ത്രത്തിലെ മകന്‍


 പഞ്ചതന്ത്രത്തില്‍  എന്നെപ്പോലൊരു മകന്‍ ഉണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ കടുത്ത രോഗാവസ്ഥയില്‍ എന്നെ അരികെ വിളിച്ച് ഒരു നാടന്‍ കൃഷീവലനു വേണ്ട എല്ലാ ഭാവഹാവാദികളോടും കൂടി എന്റെ അച്ഛന്‍ ഉപദേശിച്ച കാര്യങ്ങള്‍ കേള്‍ക്കെ എനിക്ക് ബോധ്യമായി: എന്റെ അച്ഛന്‍ പഞ്ചതന്ത്രത്തിലെ അച്ഛന്‍ തന്നെയാണ്. 
    അച്ഛന്‍ കുഴിച്ചിട്ട നിധി തേടി ഞാന്‍ പറമ്പു കിളച്ചു മറിച്ചു.  പണിയായുധങ്ങള്‍ക്ക് വിശ്രമം കൊടുത്തില്ല. എന്റെ കൂന്താലി ഏതു നേരവും മണ്‍കട്ടകള്‍ക്കിടയില്‍ നിന്നും തിളങ്ങുന്ന ഒരു മഞ്ഞ സൂര്യനെ, അച്ഛന്‍ ശ്വാസതടസ്സങ്ങള്‍ക്കിടയില്‍ പ്രകീര്‍ത്തിച്ച നിധി, ഇളക്കി എടുത്തു വെളിയില്‍ കൊണ്ടുവരുമെന്ന് ഞാന്‍ ആഗ്രഹിച്ചു. സ്വര്‍ണ്ണനാണയങ്ങള്‍ നിറഞ്ഞ കുടം എനിക്കു കിട്ടിയില്ല.
പഞ്ചതന്ത്രത്തിലെ അറിവുകള്‍ എന്നെ അച്ഛന്റെ വഴികളിലേക്ക് തള്ളിവിട്ടു. ഒരു കൃഷിക്കാരനാവുക അത്ര എളുപ്പമല്ലെന്ന് എനിക്കറിയാന്‍ അധികകാലം വേണ്ടി വന്നില്ല. കിളച്ചു മറിച്ച മണ്ണിലേക്ക് ഞാന്‍ വിത്തെറിഞ്ഞു. ഋതുക്കളുടെ വേഗത അറിയുന്ന ഒരു നാടന്‍ കൃഷിക്കാരനാവുകയായിരുന്നു ഞാന്‍. കളപ്പുര നിറഞ്ഞപ്പോള്‍ ഞാന്‍ അച്ഛന്റെ നിധി കണ്ടു. ഞാന്‍ മുണ്ടു കൊടുത്തു കൊണ്ടുവന്ന പെണ്ണിനോട്  എന്നും അച്ഛന്റെ ബുദ്ധിയെക്കുറിച്ചു പറയുമായിരുന്നു. അത് കേട്ട് അവള്‍ - മറ്റൊരു പ്രമാണിയായ കൃഷിക്കാരന്റെ പുത്രി - മണ്ണിനോടുള്ള പഴയവരുടെ ബന്ധത്തെക്കുറിച്ച് പ്രകീര്ത്തിക്കുമായിരുന്നു.  വര്‍ണ്ണക്കൂട്ടുകള്‍ വാരിത്തേക്കാത്ത അവളുടെ മുഖം നോക്കിയിരുന്ന് എല്ലാ സായം കാലങ്ങളിലും ഞാന്‍ പറയുമായിരുന്നു.
    "ഒരു പക്ഷെ ഗോമതീ, നീയാണെന്റെ നിധി. അച്ഛന്‍ സൂചിപ്പിച്ച നിധി"
കവിളില്‍ കപട ഗൌരവം വരുത്തി അവള്‍ എന്നെ ഗുണദോഷിച്ചു പോന്നു.
    "ഭൂമി മലയാളത്തിലെ കൃഷീവലാ, ഇപ്പോള്‍ ഒരു നല്ല കൃഷിക്കാരന്‍ ആയിട്ടും നിധിയെക്കുറിച്ചുള്ള ചിന്ത തന്നെയോ മനസ്സ് നിറയെ?"
അവള്‍ പറഞ്ഞത് സത്യമായിരുന്നു. അച്ഛന്റെ ഉപായം ഒരളവുവരെ എന്നെ രക്ഷിച്ചെങ്കിലും ആ നിധി തേടിയുള്ള അലച്ചില്‍ എന്നെ ഇതാ മഹാ ദുരിതത്തിലേക്ക് എത്തിച്ചിരിക്കുന്നു. എല്ലാ ഭാഗ്യങ്ങളും അസ്തമിച്ചു കഴിഞ്ഞ ഒരു കൃഷിക്കാരന്റെ നിലനില്‍പ്പിനായുള്ള അവസാന കുതിപ്പാണ് ഇനിയുള്ള ഏതാനും നിമിഷങ്ങളില്‍. 


ഇപ്പോഴെത്തും ; രാമു വക്കീല്‍ ഇവിടെ ബസ്സിറങ്ങും. സന്ധ്യമയക്കത്തില്‍ ഈ കവലയില്‍ വന്നിറങ്ങി വീട്ടിലേക്കു നടക്കുമെന്നാണ് കേള്‍ക്കുന്നത്. ഒരു പുനര്‍വിചിന്തനത്തിന്  വിധേയെയമാക്കാതെ , വരും വരായ്കകളെ ഓര്‍ത്തു ഭീതി കൊള്ളാതെ ഞാന്‍ കാത്തിരിക്കുകയാണ്., രാമു വക്കീലിനെ. ബസ്സിറങ്ങിയാല്‍ വക്കീല്‍ നേരെ പുഴക്കടവില്‍ എത്തുമെന്നാണ് ഒരാള്‍ പറഞ്ഞത്. വള്ളക്കാരനെ കൈ വീശി വിളിക്കും. കടത്തു കടന്നെത്തുന്ന വക്കീലിനെ കാത്ത് അക്കരെയും ആള്‍ക്കാരുണ്ടാവും. ഒന്നാം ഊഴം തേടി ഈ ഞാന്‍.  തലയില്‍ കോറിയ വരകള്‍ ഉഴിഞ്ഞു കളയാന്‍ എത്ര ശ്രമിച്ചു? പഞ്ചതന്ത്രത്തിലെ മാര്‍ഗങ്ങളൊന്നും എനിക്ക് വഴങ്ങുന്നില്ല. ഇതാ ഞാന്‍ വ്യവഹാരം തുടങ്ങാന്‍ പോകുന്നു. ഉറക്കത്തിന്റെ കണ്ണീച്ചകള്‍ ക്രമേണ പറന്നു തുടങ്ങി. പകല്‍ ചുട്ട വഴികള്‍ നടന്നു ഞാന്‍ ക്ഷീണിച്ചിരിക്കുന്നു.  ഈ കാത്തിരുപ്പ് എത്ര നേരം കൂടി?
     ഉറക്കം മാറ്റാനായി പദങ്ങള്‍ ഉരുവിട്ടു പഠിക്കുന്നതാണ് നല്ലതെന്ന് തോന്നി.
    "ഹേ, നീതിമാന്‍, സത്യപ്പെരുമാളായ രാമു വക്കീലെ, എന്റെ ഭാര്യയേയും മക്കളെയും മറ്റൊരാള്‍ വശത്താക്കി വച്ചിരിക്കുകയും, ഇക്കാലമത്രയും പിതൃസ്വത്തായി കൈവന്നു ഞാന്‍ വച്ചനുഭവിക്കുകയും ചെയ്തു പോന്ന
സ്ഥാവരവസ്തുക്കള്‍ അയാള്‍ കൈക്കലാക്കുകയും ...."
ശിക്ഷയായി.  ഇത്ര നീണ്ട വാചകങ്ങളോ? രാമു വക്കീലിനെ കാണുമ്പോള്‍ ഒരു വിഭ്രാന്തിയുടെ വക്കോളം എത്തിയാലോ എന്ന് ശങ്കിച്ചായിരുന്നു ഈ വിഷമംപിടിച്ച വാചകം ഞാന്‍ കാണാപ്പാഠം പഠിച്ചത്. എന്റെ പേശികള്‍ക്കുള്ളില്‍ എന്തോ വലുതായി മഥിച്ചു.  നാക്ക്‌ ആ വാക്കുകളെ ക്രൂരമായി തിന്നു. പിടികിട്ടാപ്പുള്ളിയെപ്പോലെ  എന്റെ വ്യവഹാരഭാഷ എന്നെ അമ്പരപ്പിച്ചു. എനിക്കറിയാം, എല്ലാറ്റിനും കാരണം എന്റെ അതി മോഹം ആയിരുന്നു. അല്ല, എന്റെ വരണ്ട മനസ്സില്‍ മോഹവിത്തുകള്‍ കിളിര്‍പ്പിച്ച പഞ്ചതന്ത്രത്തിലെ അച്ഛനായിരുന്നു. എല്ലാ പിതാക്കന്മാരും ഇങ്ങനെ തന്നെ. മിട്ടായികള്‍ക്കൊപ്പം അതിമോഹത്തിന്റെ വലകളും അവര്‍ മക്കള്‍ക്കായി ഒരുക്കിയിടാറുണ്ട്.  ഒരു നല്ല കൃഷിക്കാരന്‍ പ്രകൃതിയോടു ചേര്‍ന്ന് ജീവിക്കണമെന്നും നിധിപോലുള്ള മായക്കഥകള്‍ വിശ്വസിക്കാതെ നോക്കണമെന്നും അനുഭവങ്ങളിലൂടെ അറിഞ്ഞ എനിക്ക് എന്താണ് സംഭവിച്ചത്?
     എല്ലാം എനിക്കോര്‍ക്കാന്‍ കഴിയുന്നുണ്ട്. ഒരു വൈകുന്നേരം ചക്രം വച്ച് കണ്ടത്തിലേക്ക്‌ വെള്ളം കയറ്റിക്കൊണ്ടിരുന്നപ്പോള്‍ രാമചന്ദ്രന്‍ എന്നെ തേടിയെത്തി. 
എന്റെ ബന്ധു ആണത്രെ അയാള്‍. എന്റെ കാലുകള്‍ ചവിട്ടി ഉയര്‍ത്തുന്ന വെള്ളത്തിലേക്ക്‌ നോക്കിനിന്ന് രാമചന്ദ്രന്‍ എന്നോടു സംസാരിച്ചു. അയാള്‍ ഗവേഷണ യാത്രയിലായിരുന്നു. ഭേദപ്പെട്ട കുറെ കൃഷിക്കാരുടെ അനുഭവങ്ങള്‍ അറിയണം. ശാസ്ത്രീയ രീതികള്‍ വല്ലതും അവലംബിച്ചിട്ടുണ്ടോ?.  ഈ പൊന്മേനി വിളയിക്കാന്‍ ആധാരം എന്ത്? ഒക്കേറ്റിനും ഈശ്വരകൃപ ഒന്നാണടിസ്ഥാനം എന്ന് ഞാന്‍ പറഞ്ഞു.  പണി കഴിഞ്ഞു, വെളിമ്പറമ്പില്‍ മേഞ്ഞുകൊണ്ടിരുന്ന കാളകളെയും തെളിച്ചു വീട്ടിലേക്കു പോരാന്‍ തുടങ്ങുമ്പോള്‍ രാമചന്ദ്രന്‍ കൂടെ കൊണ്ടുവന്ന ഒരു വലിയ തുകല്‍പ്പെട്ടി ഞാന്‍ കൊതിയോടെ നോക്കിക്കൊണ്ടിരുന്നു. ഇക്കാലത്ത് വലിയ മനുഷ്യര്‍ പാവപ്പെട്ട ബന്ധുക്കളെ അന്വേഷിച്ചു വരുക അസാധാരണം ആണ്. രാമചന്ദ്രന്‍ എന്നെ തേടിവന്നതോര്‍ത്ത് ഞാന്‍ അതിശയിച്ചു. എനിക്ക് അയാളോട് വല്ലാത്ത അടുപ്പവും ബഹുമാനവും തോന്നി. ഒരു നല്ല നാടന്‍ കര്‍ഷകന് ഒരിക്കലും ഈ പിഴവ് പറ്റാതിരിക്കട്ടെ.  രാമചന്ദ്രന്റെ ഭീമശരീരവും നരച്ച മേല്‍മീശയും മൂക്കോളം എത്തിയ കവിളെല്ലും എന്നെ ആകര്ഷിച്ചതെങ്ങനെ? ആ തടിച്ച തുകല്‍പ്പെട്ടിയുടെ  ഉടമസ്ഥന്‍ ആയിരുന്നു അയാള്‍ എന്നത് മാത്രമാണ് അതിനു കാരണമെന്ന് ഞാന്‍ അപ്പോള്‍ മനസ്സിലാക്കിയിരുന്നില്ല. ഒരു മാത്ര ആ തടിച്ച തുകല്‍പ്പെട്ടി  ഒന്ന് തൊടാന്‍ കൂടി ഞാന്‍ കൊതിച്ചു. 
      രാമചന്ദ്രന്‍ എന്നോടൊപ്പം കുറെ നാള്‍ താമസിക്കാന്‍ അനുവാദം ചോദിച്ചു. ഞാന്‍ ആ തടിച്ച പെട്ടിയോടായിരുന്നു സമ്മതം മൂളിയത്. താര്‍ ചെയ്ത വഴി വിട്ട് അമ്പലക്കുളം ചുറ്റിപ്പോകുന്ന വെട്ടുവഴിയിലൂടെ, ഇരുപുറവും മരച്ചീനിക്കമ്പുകൊണ്ടു വേലികെട്ടിയ ഇടങ്ങളിലൂടെ  ഞങ്ങള്‍ വീട്ടിലേക്കു നടന്നു. നീലനും മണിയനും കുടമണി കുലുക്കി ഞങ്ങള്ക്കു പുറകെ ഉണ്ടായിരുന്നു. രാമചന്ദ്രന്റെ തുകല്‍പ്പെട്ടി ചുമക്കാന്‍ എനിക്ക് പ്രയാസം തോന്നി. ഒരു പക്ഷെ എന്റെ ഭാഗ്യസൂര്യന്‍ ആകേണ്ടിയിരുന്ന  പെട്ടിയും പേറി ഞാന്‍ നടക്കുകയായിരുന്നു.  ഭൂമിയുടെ ഭാരം ചുമക്കുന്ന ഒരടിമയായിപ്പോയി ഞാന്‍. ഭാരം എന്നെ തളര്ത്തിയപ്പോള്‍ അഴുക്കു ചാലിലേക്ക് അതെറിഞ്ഞു കളഞ്ഞാലോ
എന്നുകൂടി ഞാന്‍ ആലോചിച്ചു. അത്ഭുതസിദ്ധികള്‍ ആവാഹിച്ച പെട്ടിയാകാം അത്.  പഞ്ചതന്ത്രത്തിലെ എന്റെ നിധിയും ആകാം. നിധി എറിഞ്ഞു കളയേണ്ടതല്ല. രാമചന്ദ്രന്റെ മുമ്പില്‍ ഞാന്‍ എത്ര നിസ്സാരന്‍ എന്ന തോന്നല്‍ ഒരു മിന്നലായി എനിക്കുണ്ടായി. വീടിന്റെ പടിക്കെട്ടുകള്‍ കയറുമ്പോള്‍ എന്റെ ഞരമ്പുകള്‍ വിയര്‍പ്പു ചീറ്റുംപോലെ-ഇരുട്ടില്‍ മണിയനോ, നീലനോ എന്റെ പാദത്തില്‍ കുളമ്പമര്‍ത്തി നോവിച്ചു. പെട്ടി പുറംതിണ്ണയില്‍ ഇറക്കി വക്കുമ്പോള്‍ എന്നെ ഒന്ന് സഹായിക്കാന്‍ പോലും നില്‍ക്കാതെ രാമചന്ദ്രന്‍ അകത്തു കയറി വിളിച്ചു.
     "ഗോമതിയേ, ....."
കാളകളെ തൊഴുത്തില്‍ കേട്ടിയിടാനോ, ഗോമതിയെ തിണ്ണയിലേക്ക് വിളിക്കാനോ എനിക്ക് കഴിഞ്ഞില്ല. പെട്ടിയുടെ ഭാരം എന്നെ കുഴക്കിയിരുന്നു.
കുഴഞ്ഞു വീണ ഞാന്‍ പെട്ടിയില്‍ തന്നെ മുഖമമര്‍ത്തി ലേശം ഉറങ്ങിപ്പോയി. അതോ, ആ പെട്ടി വിട്ടുപോകാനുള്ള മടികൊണ്ടാണോ എനിക്ക് തളര്‍ച്ചയുണ്ടായത് ? ആ ആര്‍ക്കറിയാം. ഞാന്‍ ഉണര്‍ന്നപ്പോള്‍ രാമചന്ദ്രന്‍ എന്റെ സമീപം കസേരയിലിരുന്നു കാല്‍ കൊണ്ടു പെട്ടിയില്‍ താളമിട്ടു മൂളിപ്പാട്ടു പാടുകയായിരുന്നു. കണ്ണ് തുറന്ന എന്നോട് ആദ്യം പറഞ്ഞ വാചകം കേട്ട് ഞാന്‍ സ്തംഭിച്ചുപോയി.
     "ഒരു കൃഷിക്കാരന് ഇത്രയും സുന്ദരിയായ ഭാര്യയെ കിട്ടിയല്ലോ. നിങ്ങള്‍ ഭാഗ്യവാനാണ്.":
റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ എനിക്ക് തോന്നിയത് ഞാന്‍ ചില്ലിനുള്ളില്‍ കുടുങ്ങിയ ഒരീച്ചയാണെന്നാണ്‌. എന്റെ ഭാവം കണ്ടു രാമചന്ദ്രന്‍ ചിരിച്ചു.
    വീട്ടിലെ പ്രധാനിയെന്ന നിലക്ക് അതുവരെ ഞാന്‍ ഉപയോഗിച്ചിരുന്ന മുറി എനിക്ക് നഷ്ടപ്പെട്ടു. ഏതു നിലക്കും ഞാന്‍ സുരക്ഷിതനായിരിക്കണമെന്നു കരുതിയാണ് നാലുപുറവും ഇഷ്ടികച്ചുമരുള്ള ഒരു സ്വകാര്യ മുറി വീടിനോടു ചേര്‍ന്ന് പണിയിച്ചത്.  എന്റെ ഭാര്യയെയോ മക്കളെയോ ഓര്‍ത്തു ഞാന്‍ അത്രയ്ക്കു സുരക്ഷിതത്വ നടപടികളെടുത്തിരുന്നില്ല .  അവര്‍ക്ക് വേണ്ടി വെടിപ്പും ഉറപ്പുമില്ലാത്ത മണ്‍ഭിത്തികളുള്ള രണ്ടു മുറികള്‍ ഉണ്ടായിരുന്നു. കുടുംബത്തലവനായ എന്റെ സുരക്ഷിതത്വം കൊണ്ടു മാത്രം അവര്‍ക്കും തൃപ്തിപ്പെടേണ്ടിവന്നു. കാരണം ഞാന്‍ രാജ്യത്തിന്റെയും കുടുംബത്തിന്റെയും നട്ടെല്ലായ ഒരു കൃഷിക്കാരനായിരുന്നല്ലോ. അഹന്ത കലര്‍ന്ന എന്റെ ഇത്തരം ചിന്തകളിലേക്ക് രാമചന്ദ്രന്‍ കടന്നുവന്നത് എന്നെ പിന്നീട് വിഷമിപ്പിച്ചു. 
എനിക്കു പെട്ടി ലഭിച്ച മുഹൂര്‍ത്തം എന്റെയുള്ളില്‍ തെളിയുന്നു.  ഞാറു നടാന്‍ നിലം പാകപ്പെടുത്തിയിട്ട് നീലനും മണിയനുമുള്ള ഒരുകെട്ട്‌ പുല്ലുമായി ഞാന്‍ വീട്ടിലെത്തിയതായിരുന്നു.  നീലന്റെ കണ്ണുകളില്‍ ഈച്ചയും പാടയും കുഴഞ്ഞിരിക്കുന്നത് എന്തോ ആപല്‍സൂചനയായി എനിക്കനുഭവപ്പെട്ടു. ഒരു നല്ല കൃഷിക്കാരന്‍ അവന്റെ മൃഗങ്ങളെ ശ്രദ്ധിച്ചാല്‍ ലോകത്തിന്റെ യാത്രാരഹസ്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. എപ്പോഴും ഗോമതിയുടെ ചേലത്തുമ്പില്‍  തൂങ്ങിനടക്കാറുള്ള കുട്ടികള്‍ രണ്ടും കച്ചിത്തുറുവിന്‍ കീഴില്‍ വിരിച്ച പുല്‍പ്പായയില്‍ കിടന്നുങ്ങുന്നുണ്ടായിരുന്നു. എന്റെ മുറിക്കുള്ളില്‍, അല്ല രാമചന്ദ്രന്റെ മുറിക്കുള്ളില്‍ അടക്കിപ്പിടിച്ച സംസാരം. ഞാന്‍ കടന്നു ചെന്നപ്പോള്‍ കണ്ടത് രാമചന്ദ്രന്‍ എന്റെ ഭാര്യയോടു ചേര്‍ന്നിരുന്നു തമാശകള്‍ പറയുന്നതായിരുന്നു. അവര്‍ മറ്റൊന്നും അറിയുന്നുണ്ടായിരുന്നില്ല. കലപ്പത്തഴമ്പുള്ള എന്റെ കൈകള്‍ തരിച്ചു. വീശിയടിക്കാന്‍ ചാട്ടയുമായി ഞാന്‍ ചാടി. ഞാന്‍ അവരെ ജീവനോടെ തിന്നുമായിരുന്നു. പക്ഷെ എന്റെ നേരെ പുഞ്ചിരി പൊഴിച്ച്, നടന്നടുത്ത്, എന്റെ തോളില്‍ തലോടിക്കൊണ്ട് രാമചന്ദ്രന്‍ പതിയെ പറഞ്ഞു.
     "തുകല്‍പ്പെട്ടിയിലെ നിധി, മണ്ടാ, നീ എടുത്തോളൂ."
ഞാന്‍ സന്മനസ്സു കാട്ടി. എനിക്കു പാവം തോന്നി. ഗോമതി വേഗം കുട്ടികളെ തേടിപ്പോയി.
തുകല്‍പ്പെട്ടി സമ്മാനിക്കുമ്പോള്‍ രാമചന്ദ്രന്റെ കണ്ണുകളില്‍ നീര്‍ കണ്ട് എനിക്കും ഗല്‍ഗദമടക്കാന്‍ കഴിഞ്ഞില്ല. രാമചന്ദ്രന്‍ എത്ര നല്ലവനാണ്. ആ പെട്ടിക്കു വേണ്ടി എന്റെ സര്‍വസ്വവും ഉപേക്ഷിക്കാന്‍ ഞാന്‍ എന്നേ തയ്യാറായിരുന്നു. രാമചന്ദ്രന്റെ ഐശ്വര്യവും എന്റെ ശുഭനക്ഷത്രവും കൂടി എന്റെ ജീവിതം സുഖകരമാക്കി.
രാമചന്ദ്രന്‍ മിക്ക ദിവസങ്ങളിലും വയല്‍ വരമ്പും കുളവും കടന്നു നഗരത്തിലേക്കു പോകുമായിരുന്നു. തിരിച്ചുവരുമ്പോള്‍ ധാരാളം പണവുമുണ്ടാകും. അതില്‍നിന്നും എന്റെ കുടുംബം നിത്യവൃത്തി കഴിച്ചുപോന്നു. എനിക്ക് പാടത്തു പണിക്കു  പോകേണ്ടിവന്നില്ല. വേദനയോടെയാണെങ്കിലും മണിയനെയും നീലനെയും ഞാന്‍ വിറ്റുതിന്നു.  കോഴികളെ രാമചന്ദ്രനു കറിവച്ചുകൊടുത്തു. വേലയെടുക്കാതെ എന്റെ മേദസ്സും ഉറഞ്ഞുകൂടാന്‍ തുടങ്ങി.  എന്റെ ഓണനാളുകള്‍ നീണ്ടുനിന്നില്ല. ഞാന്‍ എന്റെ വീട്ടില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു. പറമ്പിന്റെ ഒരു കോണില്‍, കുറ്റിക്കാടുകള്‍ക്കരികെ ഒരു കൊച്ചു മാടം കെട്ടിത്തരാന്‍ രാമചന്ദ്രന്‍ സന്മനസ്സു കാണിച്ചു. പുതിയ വാസസ്ഥലത്ത് യാതൊരു  അല്ലലുമില്ലാതെ എന്റെ തുകല്‍പ്പെട്ടിയുമായി ഞാന്‍ കഴിഞ്ഞു പോന്നു. എന്റെ പഴയ വീട്ടില്‍ നിന്നും ഗോമതി കൊണ്ടുവരുന്ന ആഹാരം കഴിച്ചു ഞാന്‍ കാലം പോക്കി.
      എന്റെ അച്ഛന്‍  അന്ത്യനിമിഷങ്ങളില്‍ ദര്‍ശിച്ച നിധി ആ തുകല്‍പ്പെട്ടി തന്നെയാവുമെന്ന് ഞാന്‍ വിശ്വസിച്ചു. അന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ കഫം കൊണ്ടു മൂടപ്പെട്ടില്ലായിരുന്നെങ്കില്‍ ആ തുകല്‍പ്പെട്ടിയെക്കുറിച്ചു തന്നെ അദ്ദേഹം പറഞ്ഞേനെ എന്ന് ഞാന്‍ വിശ്വസിച്ചു. ഓര്‍ക്കാപ്പുറത്ത് എന്റെ ഭക്ഷണം നിലച്ചു. പതിവുപോലെ ചോറും കറികളും വറുത്ത മീനും കാത്തിരുന്ന എന്നെ കാണാന്‍ ഗോമതി വെറുംകൈയോടെ എത്തി.
        "അദ്ദേഹം  പറഞ്ഞിരിക്കുന്നു, വേലയെടുക്കാത്ത മടിയനീച്ചകള്‍ക്ക് തീറ്റയില്ലെന്ന് ".
അവള്‍ പോയപ്പോള്‍ ഞാന്‍ ഒത്തിരി കരഞ്ഞു. പെട്ടിയില്‍ മുഖമമര്ത്തി ഉറങ്ങിപ്പോകുംവരെ ഞാന്‍ കരഞ്ഞു. അടുത്ത പ്രഭാതത്തില്‍ ഞാന്‍ കൈക്കോട്ടുമായി വയലിലിറങ്ങി. ഒരു തൂമ്പപ്പാടു മണ്ണിളക്കാന്‍ കൂടി കൈകള്‍ അശക്തമെന്നു ഞാനറിഞ്ഞു. ഞാന്‍ മടിയനീച്ചയാണ്. തുകല്‍പ്പെട്ടിയെക്കുറിച്ചുള്ള ഓര്‍മ്മ അപ്പോഴും എന്നെ ഭരിച്ചു. ഞാന്‍ ദിവസങ്ങളോളം പട്ടിണി കിടന്നു. രാമചന്ദ്രനെ നന്ദികെട്ടവനെന്നു വിളിക്കാന്‍ പൊന്തിയ എന്റെ നാവിനെ കുടല്‍ കഠിനമായി ശാസിച്ചു. പിന്നെ ഒന്നും പറയാതെ നാളുകള്‍ താണ്ടി. ആ ദിനങ്ങളില്‍ എന്റെ മുതുമുത്തച്ഛന്‍മാരെ, അവരുടെ ഭൂമിയെ ഞാന്‍ സ്മരിച്ചു. തടിച്ച തുകല്‍പ്പെട്ടി തുറക്കാനും, അച്ഛന്‍
അനുഗ്രഹിച്ചു സൂചിപ്പിച്ച നിധി കണ്ടെത്താനും എനിക്ക് സ്വപ്നദര്‍ശനമുണ്ടായി. കരിങ്കൂറ്റനെപ്പോലെ എന്റെ മാടത്തിന്റെ മുറ്റത്തു നിന്ന ഒറ്റമരത്തണലില്‍ ഞാനിരുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ പരിശ്രമിച്ചിട്ടും ആ തുകല്‍പ്പെട്ടി തുറന്നില്ല. രാമചന്ദ്രന്റെ നിഴലിനു മാംസവും, ചോരയും, ജീവനും വച്ചു വരുന്നതായും അയാള്‍ ഒരു ദുഷ്ടമൃഗമായി എന്നെ...... ഞാന്‍ അച്ഛനെ വിളിച്ച് അലറിക്കരഞ്ഞു. ഞാന്‍ ആ പെട്ടി ഉപേക്ഷിച്ചില്ല. എന്റെ കൈനഖങ്ങളിളകി ചോപ്പൊലിച്ചതല്ലാതെ ആ പെട്ടിയിലെ അക്കപ്പൂട്ടുകള്‍ ചലിച്ചില്ല. ഉപയോഗിക്കാന്‍ പറ്റാത്ത നിധി. ഞാന്‍ ശപിച്ചുകൊണ്ട് അത് ദൂരേക്കെറിഞ്ഞു കളഞ്ഞു.  എന്നാല്‍ ശക്തി ചോര്‍ന്നുപോയ എന്റെ കൈകള്‍ക്ക് അത് ദൂരെ എത്തിക്കാനായില്ല.  വാസ്തവത്തില്‍ അത് എന്റെ കാല്‍ച്ചുവട്ടില്‍ തന്നെ വീഴുകയായിരുന്നു. വീഴ്ചയില്‍ പെട്ടി സ്വയം തുറന്നു പോയി. ഞാന്‍ ആര്‍ത്തിയോടെ നോക്കി. നിധി.
     അത്തറിന്റെ സുഖദമായ കാറ്റ് എന്നെ തൊട്ടു പോയി. അതിനു പുറകെ ചീഞ്ഞ മാംസത്തിന്റെ സാന്ദ്രമായ ദുര്‍ഗന്ധം എന്റെ മൂക്കില്‍ ചാമ്പിക്കയറി.
 എന്റെ കണ്ണുകളെ നീട്ടിയ ആ ഗന്ധത്തിന്റെ ഉറവിടം പെട്ടിക്കുള്ളില്‍ പഴുത്തു വീര്‍ത്ത ഒരു പട്ടിയുടെ ജഡമായിരുന്നു.  എനിക്കവിടെ അധിക നേരം നില്‍ക്കാന്‍ കഴിഞ്ഞില്ല. ബോധപൂര്‍വ്വമായിരുന്നില്ല യാത്ര.എന്റെ പഴയ വീട്ടില്‍, രാമചന്ദ്രനെ തേടി, എല്ലാ മുറികളിലും ഞാന്‍ ഓടി നടന്നു. അയാളെ എങ്ങും കണ്ടില്ല. എന്റെ ഭാര്യ, മക്കള്‍, എല്ലാവരും എവിടെ? ഞാനിതാ എന്റെ മനസ്സില്‍ നിധിയെക്കുറിച്ചുള്ള ആഗ്രഹം വളര്‍ത്തിയ അച്ഛനെ.........
     അല്ല, ശാപം ഒന്നിനും പരിഹാരമല്ലെന്ന് ഞാന്‍ എല്ലാ കര്‍ഷകരെയും ഉദ്ബോധിപ്പിക്കട്ടെ.  വ്യഥാസ്വപ്നങ്ങളില്‍ മുഴുകാതെ യാഥാര്‍ത്ഥ്യം കാണുക. ഞാനിതാ രാമചന്ദ്രനെതിരെ വ്യവഹാരം തുടങ്ങുകയാണ്.
     "ബഹുമാനപ്പെട്ട കോടതീ, സമൂഹത്തിലെ രക്തം കുടിക്കുന്ന മനുഷ്യകീടങ്ങളെ നശിപ്പിച്ചു, കര്‍ഷകരെ രക്ഷിക്കേണമേ."
രാമുവക്കീല്‍ കേമനാണത്രേ.  അദ്ദേഹം ഏറ്റാല്‍ കേസു ജയിച്ചെന്ന് കൂട്ടിയാല്‍ മതിയത്രേ. ഇപ്പൊ വരും. സന്ധ്യമയക്കത്തില്‍ കവലയില്‍ ബസ്സിറങ്ങി, ഈ കടത്തു കടന്ന്.....
       അതാ വരുന്നു, തേടിയ വള്ളി.
രാമുവക്കീല്‍ കറുത്ത
കോട്ടുമായി ബസ്സിറങ്ങി.
സന്ധ്യവെളിച്ച
ത്തില്‍ ഞാന്‍ ശരിക്കും കണ്ടു. അയാള്‍ ചിരിക്കുകയല്ല. നരച്ച മേല്‍മീശയുടെ വെളുപ്പാണ്.  ഭീമശരീരം, മൂക്കോളമുന്തിയ കവിളെല്ല്....
     അതയാള്‍ തന്നെ.
രാമചന്ദ്രന്‍ തന്നെയോ, നമ്മുടെയീ രാമുവക്കീല്‍ !!! 

2 comments:

ajith said...

ഒരുപാട് ചിന്തിപ്പിക്കുന്ന കഥ. രാമചന്ദ്രന്മാര്‍ പിടിച്ചടക്കാന്‍ വരുന്ന കാലം. വായന വ്യര്‍ത്ഥമായിപ്പോകാത്ത കഥകള്‍ ഇവിടെയുണ്ടല്ലോ.

puthiyakadha said...

നന്ദി സാര്‍...