ഇറയത്തേക്ക് ഷൈലോക്ക് പൊട്ടി വീണു. കത്തിയുടെ മിന്നായം കാണുമോ എന്നവള്‍ ഭയപ്പെട്ടു. (എത്ര റാത്തലാ നെഞ്ചു കീറുന്നത്?) എയ്യാനാഞ്ഞ അമ്പും വില്ലുമായി തോള്‍വളകളും വീര്‍പ്പിച്ച മസിലുമണിഞ്ഞു കൊണ്ടു ഭിത്തിയില്‍ പതിഞ്ഞിരുന്ന ചിത്രം നോക്കി അവള്‍ വിളിച്ചു. "ദൈവമേ. " അവള്‍ ഭര്‍ത്താവിനും ഷൈലോക്കിനും ഇടയില്‍ തടഞ്ഞു നിന്നു. ഷൈലോക്ക് ചിരിച്ചു: "വീട്ടമ്മേ, കാലം എന്റെ പാപവൃക്ഷം ഉണക്കി കളഞ്ഞു, ഞാന്‍ ഇന്ന് കാരു ണ്യവാനാണ്. മോനെവി ടെ? മോനിങ്ങു വന്നേ." അവളുടെ മകന്‍ ആതിഥ്യ മര്യാദയുടെ പാഠങ്ങള്‍ ഓര്‍ത്തു. "മോനെ, പന്തീരണ്ടെത്രാ ? ഏഴാറെത്രാ? മൂപ്പതിമ്മൂന്നെത്രാ? പെരുക്കപ്പട്ടികകള്‍ക്കെല്ലാം അവന്‍ ഉത്തരം നല്‍കി. " അയ്യോ, ഈ കുട്ടിക്കിത്രേം ബുദ്ധിയോ? " ഇളംപ്രായത്തില്‍ ബുദ്ധി അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നയാള്‍ പറഞ്ഞു പ്രായമാകുമ്പോള്‍ സ്വപ്നാടകനായിത്തീരുമെന്ന പ്രവചനം കേട്ട് അച്ഛനും അമ്മയും ഞെട്ടി. "ബുദ്ധി അല്‍പ്പം നിയന്ത്രിക്കുകയേ വേണ്ടൂ." ഷൈലോക്ക് തോള്‍ സഞ്ചിയില്‍ നിന്നും ഒരു കുപ്പി എടുത്തു തുറന്നു. കുട്ടിക്ക് ഒരു സ്പൂണ്‍ മരുന്ന് നല്‍കിയിട്ട് അയാള്‍ കൈയടിച്ചു. "സബ്ബാഷ്. തീഷ്ണമായ ശക്തി തലച്ചോറിനെ വിട്ടു പിരിയും." അവര്‍ എത്രയോ നേരം സംസാരിച്ചിരുന്നു. മകന്‍ അവിടെത്തന്നെകിടന്നുറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ അവന്‍ മഞ്ഞുപാളിയെക്കുറിച്ച്, ഓര്‍മ്മയ്ക്ക് മീതെ ഉള്ള ഒരു മഞ്ഞിന്‍പടല ത്തെക്കുറിച്ച് പരാതി പറഞ്ഞു. മറവിയുടെ ഓരിഴത്തുണ്ടം വലിച്ചു നീക്കാന്‍ അവന്‍ അച്ഛനോടാവശ്യപ്പെട്ടു. എങ്ങനെ? അവന്‍ നിമിഷ നേരം കൊണ്ടു ശാരീരികമായി ചെറുതായി, ചെറുതായി ഒന്നര അടി നീളമുള്ള ഒരു കുഞ്ഞായി മാറി. എന്നാല്‍ അവന്റെ ചിന്തകള്‍ വാക്കുകളായി പുറ പ്പെട്ടപ്പോഴോ? " അച്ഛാ, ഞാന്‍ വലുതാകുന്നു." ആ വീടിന്റെ വാതിലുകളും മച്ചും ഉയര്‍ത്തണമെന്നും കട്ടിലിന്റെ നീളം കൂട്ടണമെന്നും അവന്‍ ആവശ്യപ്പെട്ടു. അവന്‍ എഴുത്തു മേശക്കടുത്ത് കസേരക്കയ്യില്‍ കയറി നിന്നു കൊണ്ടു പാഠങ്ങള്‍ ചെയ്തു. അപ്പോഴും ആ ഒന്നര അആടി നീളക്കാരന്‍ ഉയരമുള്ള ഒരു മേശക്കു വേണ്ടി വഴക്കിട്ടു. "ഷൈലോ, നിങ്ങളിത് കാണുന്നില്ലേ?" ഷൈലോക്ക് സമര്‍ത്ഥമായ പോംവഴികളുടെ നിറകുടമാണ്. അയാള്‍ പറഞ്ഞത് യഥാര്‍ത്ഥത്തില്‍ കുട്ടി വളരുകയാണെ ന്നാണ്. അവന്റെ അച്ഛന് അതു മനസ്സിലാക്കാന്‍ കഴിയാത്തത് അയാളുടെ പഴഞ്ചന്‍ ബുദ്ധിക്കുണ്ടായ അപഭ്രംശം കൊണ്ടാണ്. മകന്‍ കഴിച്ച മരുന്ന് അല്‍പ്പം ഉപയോഗിച്ചാല്‍ മതി. എല്ലാം ശരിയാകുമെന്നയാള്‍ പറഞ്ഞു. അച്ഛന്‍ രണ്ടു സ്പൂണ്‍ മരുന്ന് കഴിച്ചു കണ്ണടച്ചിരുന്നു. അയാള്‍ കണ്ണ് തുറന്നു ഉത്സാഹത്തോടെ ഭാര്യയോടു പറഞ്ഞു. "നോക്കിയേ, ഞാനും വളരുന്നു. നമ്മുടെ മോനും ഏറെ വളര്‍ന്നിരിക്കുന്നു." "വീട്ടമ്മേ, നിങ്ങളെന്താ മുണ്ടാത്തെ, മരുന്ന് തരട്ടെ?" അവളുടെ ഭര്‍ത്താവു മകനെപ്പോലെ ശോഷിച്ചു ശോഷിച്ച് ഒന്നരയടി ഉയരമുള്ള ഒരു കുട്ടിയായി മാറുന്നത് കണ്ട് അവള്‍ ദു:ഖിച്ചു. മാന്ത്രിക മരുന്നു കഴിച്ചാല്‍ അവള്‍ക്കും വളരെ ശക്തിയും ബുദ്ധിയും ഉണ്ടാകുമെന്ന് ഷൈലോക്ക് ഉറപ്പു നല്‍കി. ഷൈലോക്ക് മാന്ത്രിക മരുന്നു നല്‍കി മനുഷ്യരെ പിടിക്കുകയാ ണെന്നും അവരെയെല്ലാം ഒന്നരയടി നീളമുള്ള അശക്തരും ബുദ്ധി ശൂന്യരുമായ മനുഷ്യരാക്കുകയാണെന്നും വിളിച്ചു പറഞ്ഞുകൊണ്ട് അവള്‍ തെരുവിലൂടെ ഓടി. അവള്‍ അഭയം തേടിയെത്തിയ സ്ഥലങ്ങളില്‍ നാട്ടുപ്രമാണിമാരും,ജനപ്രതിനിധികളും, നീതിമാന്മാരും,നിയമപാലകരും,സമുദായസ്നേഹികളുമെല്ലാം ഒന്നരയടി മാത്രം ഉയരമുള്ളവരായിരുന്നു. അവര്‍ അവളെ ഉപദേശിച്ചു. "ആ വൈദ്യനാണ് നമ്മളെ രക്ഷിച്ചത്. ബുദ്ധിയില്ലാതെ, ശോഷിച്ച ശരീരവുമായി നീ എന്ത് ചെയ്യാന്‍ പോകുന്നു? ആ മരുന്ന് നിന്നെക്കൊണ്ടു കഴിപ്പിക്കാന്‍ വേണ്ടി വന്നാല്‍ ഒരു നിയമം തന്നെ നിര്‍മ്മിച്ചു കളയും, ഞങ്ങള്‍. സൂക്ഷിച്ചോ." ആ കാരുണ്യവാന്റെ അപദാനങ്ങള്‍ ഏറെ നേരം കേള്‍ക്കതിരിക്കാനായി അവള്‍ ചെവിയില്‍ വിരലുറപ്പിച്ച് അലറി വിളിച്ചു. "ദൈവമേ, ദൈവമേ"കിരീടവും,തോള്‍വളകളും,മസിലും,അമ്പും,വില്ലുമെല്ലാം നഷ്ടപ്പെട്ട ദൈവം അവളുടെ മുമ്പിലൂടെ എങ്ങോട്ടോ ഓടിപ്പോയി.
2 comments:
വായനക്കാരനെ ചെപ്പടി വിദ്യ കാട്ടി ചെറുതാക്കി എന്ന് കരുതി കളയണ്ട അവന്‍ എഴുനേറ്റു വന്നു കടലാസും പേനയും കീ ബോര്‍ഡ് വലിച്ചു പിടിച്ചു വങ്ങും എന്ന് കരുതേണ്ട വളരെ അധികം വായന ഉള്ളവര്‍ക്കെ ഈവിധം എഴുതുവാന്‍ കഴിയുകയുള്ളൂ പിന്നെ വായനക്കാരന് അതുപോലെ എഴുത്ത് തുടരു ആശംസകള്‍
കേരളത്തിലെ ചില കുത്തക പത്രങ്ങളും, നമ്മുടെ സര്‍ക്കാരും, അരാഷ്ട്രീയ വല്‍കരണവും, തിന്മകള്‍ക്കെതിരെ ശ്ബ്ദിക്കുന്നവരെ നിശബ്ദരാക്കാനുള്ള വാരിക്കുഴികളും ഓര്‍മ്മയില്‍ മിന്നി മറഞ്ഞത് യാദൃശ്ചികമോ?
Post a Comment