Tuesday, March 20, 2012

ധൃതരാഷ്ട്രര്‍

വൈകുന്നേരത്തെ വാര്‍ത്താ ബുള്ളറ്റിനുകള്‍ ഇന്നും രക്ത പങ്കിലമായിരിക്കും. നാടോടിപ്പെണ്‍കുട്ടി  കൊല്ലപ്പെട്ടതിന്റെ കവറേജ് ഉണ്ടാകും.  കുറ്റവാളിയുടെ കുടുംബ പശ്ചാത്തലം ഏറെ ശ്രദ്ധേയമാണ്. ജീവിതം സാമൂഹ്യ പ്രവര്‍ത്തനത്തിനായി ഉഴിഞ്ഞു വച്ച ഒരു വലിയ മനുഷ്യന്റെ മകനാണ് അയാള്‍ എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒന്നിലേറെ സ്ഥാപനങ്ങളുടെ അധ്യക്ഷനും പ്രായപൂര്‍ത്തിയായ രണ്ടു പെണ്മക്കളുടെ പിതാവുമാണ് കൊലപാതകി എന്നത് നമ്മുടെ നാടിനെ ബാധിച്ചു കഴിഞ്ഞ ചില തെറ്റായ പ്രവണതകളിലേക്ക് വെളിച്ചം വീശുന്നുണ്ട്.
     നാടോടിപ്പെണ്‍കുട്ടിക്ക് ഭക്ഷണം കൊടുക്കാമെന്നു പറഞ്ഞായിരുന്നു ഒറ്റപ്പെട്ട ആ സ്ഥലത്തേക്ക് അയാള്‍ കൊണ്ടു പോയത്. മുഷിഞ്ഞു നാറിയ വസ്ത്രം ധരിച്ചിരുന്നിട്ടും ആ ആറു വയസ്സുകാരിയുടെ മെലിഞ്ഞ ശരീരം അയാള്‍ക്കിഷ്ടമായി. അയാള്‍ക്ക്‌ അധികം ബലം പ്രയോഗിക്കേണ്ടി വന്നില്ല. അവള്‍ വേഗം കീഴ്പെട്ടു പോയി. എല്ലാം കഴിഞ്ഞു നിശ്ചേഷ്ടയായി കിടന്നു പോയ അവളില്‍ നിന്നും അയാള്‍ എഴുന്നേറ്റു. അയാള്‍ താല്‍ക്കാലികമായി ഭയാശങ്കകള്‍ക്കു കീഴടങ്ങി.തണുത്തു തുടങ്ങിയ ആ ശരീരത്തിലെ മാംസം കൊച്ചുപിച്ചാത്തി കൊണ്ടു വാര്‍ന്നെടത്തു നുറുക്കി അയാള്‍ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞുകൊണ്ടിരുന്നു.  കാക്കകള്‍ക്കും ഉറുമ്പുകള്‍ക്കും സുഖത്തിന്റെ നാളായിരുന്നു. ആ ശരീരത്തോടുള്ള കൊതി തീരാത്തതിനാല്‍ മുറിച്ചെടുത്ത അവളുടെ ഇളം ചുണ്ടുകള്‍ അയാള്‍ കളഞ്ഞില്ല. അയാളത് ഏറെ നേരം വായിലിട്ടു കടിച്ചു ചവച്ചു തിന്നു. എല്ലിന്‍ കൂടും വസ്ത്രങ്ങളും കൂടി അയാള്‍ ചെളിക്കുളത്തില്‍ ചവിട്ടിത്താഴ്ത്തുമ്പോഴായിരുന്നു അവളെ അന്വേഷിച്ച്‌ നാടോടികള്‍ എത്തിച്ചേര്‍ന്നത്. അവര്‍ക്ക് പുറകെ നാടാകെ ആ ചെളിക്കുളത്തിന്‍  കരയിലേക്ക് പാഞ്ഞു ചെന്നു. തല്ലും തോഴിയുമേറ്റ് അയാള്‍ കുളത്തിന്‍ കരയില്‍ വീണു.
     ഇന്ന് പകല്‍ വികാരധിക്യത്താല്‍ അയാളെ ഉപദ്രവിക്കുകയും, കൊന്നു കളയണമെന്ന് ആക്രോശിക്കുകയും ചെയ്ത  നാട്ടുകാര്‍ തന്നെ ആയിരിക്കും വരും നാളുകളില്‍ കോടതി വരാന്തയിലിരുന്ന് വക്കീലന്മാര്‍ കാണാപ്പാഠം പഠിപ്പിച്ച പോയ്മൊഴികള്‍  ഉരുവിടുന്നത്. പോലീസുകാര്‍ അയാളെ ആദ്യം വീട്ടിലേക്കാണ് കൊണ്ടു പോയത്.പ്രതാപത്തോടെ തലയുയര്‍ത്തി നിന്ന ആ വലിയ വീടിന്റെ മുറ്റത്തെ തണലിലിട്ട ചാര് കസേരയില്‍ കിടക്കുകയായിരുന്നു അയാളുടെ അച്ഛന്‍. തേജസ്‌ നഷ്ടപ്പെട്ട കണ്ണുകളില്‍ വെയില്‍ ചൂടരിച്ചു കയറിയപ്പോള്‍ വൃദ്ധനു വിഷക്കാനുള്ള പകലായിരുന്നെന്നു മനസ്സിലായിരുന്നു. അപ്പോഴാണ്‌ മുറ്റത്തെ പൊടി ഉയര്‍ത്തിക്കൊണ്ടു വരുന്ന ആളുകളുടെ ആരവം കേട്ടത്. നൂറു കണക്കിന് കാലുകള്‍ ആ വീടിന്റെ വഴിത്താരയിലൂടെ കടന്നു ചെല്ലുകയായിരുന്നു. ആ ഗ്രാമം മുഴുവന്‍ വന്ന്‌ ആദരവോടെ മുമ്പില്‍ നില്‍ക്കുന്നതായി അയാള്‍ക്ക്‌ തോന്നി. പക്ഷെ ആ കാഴ്ചയെ അയാളുടെ തിമിരക്കണ്ണുകള്‍ വിലക്കിക്കളഞ്ഞു.
     ബലഹീനത മറച്ചു വച്ച് അയാള്‍ പഴയകാല ഗര്‍വ്വോടെ അവരെ എതിരേറ്റു.
     കടന്നു വരിന്‍, കാഴ്ചക്ക് തെളിച്ചമില്ലെന്നെയുള്ളൂ.  ആള്‍ക്കൂട്ടത്തിന്റെ ബഹളത്തിന്നിടയില്‍  പോലീസുകാര്‍ പറഞ്ഞത് കേള്‍ക്കാന്‍ അയാള്‍ ഏറെ കഷ്ടപ്പെട്ടു. ഒരു പെണ്‍കുട്ടിയെ ക്രൂരമായി കൊന്നത് തന്റെ മകനാണെന്ന് പോലീസുകാര്‍ പറഞ്ഞപ്പോള്‍ വൃദ്ധന്‍ തളര്‍ന്നു പോയി. അയാള്‍ പരസഹായത്തോടെ എഴുന്നേറ്റു നടന്നു നടന്നു ചെന്ന് മകന്റെ തോളിലും കഴുത്തിലും തപ്പി തടവി നോക്കിയിട്ട് കൈ വീശി ആഞ്ഞടിച്ചു.
     നീ എന്താണ് ചെയ്തത്.
     അയാള്‍ തൊണ്ട പൊട്ടുമാറലറി. ക്രൂരന്മാരായ എല്ലാ പീഡകര്‍ക്കും ഇതൊരു പാഠമാകട്ടെ  എന്നു പറഞ്ഞു കൊണ്ടു കാണികള്‍ ആ വൃദ്ധ പിതാവിനെ അനുമോദിച്ചു. പാഞ്ഞെത്തിയ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വിസ്മയ ദൃശ്യങ്ങള്‍ ഒപ്പി നടക്കുന്നുണ്ടായിരുന്നു. നാടോടികളുടെ കരച്ചിലും ബഹളവും നാട്ടുകാരുടെ പ്രതികരണങ്ങളും ഒക്കെക്കൂടി അവരെ ഹരം പിടിപ്പിച്ചു. ക്യാമറ നോക്കി തലയാട്ടുകയും പല്ലിളിക്കുകയും പറക്കുന്ന ഉമ്മ കൊടുക്കുന്നവരേയും രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരെയും ഒക്കെ വിട്ട് റിപ്പോര്‍ട്ടര്‍മാര്‍ കുറ്റവാളിയെ സമീപിച്ചു. നീട്ടിയ  മൈക്രോഫോണുകളെ നോക്കി അയാള്‍  അക്ഷോഭ്യനായി നിന്നു. അച്ഛന്‍ അടിച്ച മുഖം പൊത്തിപ്പിടിച്ചു കൊണ്ട് താന്‍ ശിക്ഷയര്‍ഹിക്കുന്നില്ല എന്ന് അയാള്‍ക് തീര്‍ത്തു പറഞ്ഞു. വ്യക്തിപരമായ സുഖം തേടാന്‍ അയാള്‍ക്ക്‌ സ്വാതന്ത്ര്യ മുണ്ടെന്നും ആ സുഖം പറ്റാന്‍ കഴിയാത്തവരാണ് തന്നെ കുറ്റ പ്പെടുത്തുന്നതും ശിക്ഷിക്കുന്നതുമെന്നും അയാള്‍ തുടര്‍ന്നു. അയാള്‍ ക്യാമറകളെ നോക്കി നിസ്സങ്കോചം ഇങ്ങനെ ചോദിച്ചു: നിങ്ങള്‍ക്കും കഴിയില്ലേ ഇതൊക്കെ? അവനവന്റെ അവസരങ്ങള്‍ അവനവന്‍ തന്നെ സൃഷ്ടിക്കണം. നിങ്ങള്‍ അസൂയാലുക്കളാണ്.
     ചാനലുകാര്‍ അയാളെ വിട്ട് മരത്തണലിലിരുന്ന വൃദ്ധന്റെ നേര്‍ക്കു തിരിഞ്ഞു. അവരിലൊരാള്‍ സ്നേഹത്തോടെ ചോദിച്ചു:
     സ്വന്തം മകന്‍ ഇങ്ങനെയൊരു ക്രൂര കൃത്യം ചെയ്തതില്‍ താങ്കള്‍ക്ക് മനസ്താപമുണ്ടോ?
     വൃദ്ധന്‍ കാഴ്ച നഷ്ടപ്പെട്ട കണ്ണുകള്‍ പൊത്തി. ചോദ്യം വീണ്ടും കേട്ടു.
     മകന്റെ ക്രൂരത സഹിക്കാന്‍ വയ്യാതല്ലേ താങ്കള്‍ അദ്ദേഹത്തിന്റെ മുഖത്തടിച്ചത്? താങ്കളെപ്പോലൊരു പഴയകാല സാമൂഹ്യപ്രവര്‍ത്തകനും വലിയ മനുഷ്യനും അയാളുടെ ഈ ക്രൂരതയില്‍-
    വൃദ്ധന്‍ തടഞ്ഞു:
    നിര്‍ത്തിന്‍. ഞാനവനെ തല്ലിയത് അവനൊരു വലിയ മണ്ടനായിട്ടാണ്. അവന്‍ എന്തിനു പിടി കൊടുത്തു? എന്ത് കൊണ്ട്  ഒളിച്ചു പോയില്ല. എല്ലാം ഇനി ഒന്നേന്നു പഠിപ്പിക്കണോ?  നാളെ അവന്‍ ഈ നാട്ടിലെ ആരാകേണ്ടവനാണെന്നറിയാമോ?
    കുറ്റിക്കാടും, അവിടെ, മണ്ണിലെ ചുവന്ന നനവും കൃത്യമായി ഒപ്പിയെടുത്തിട്ടു ചതുപ്പു കുളത്തിലേക്കും, കരക്കെടുത്തിട്ട ഒരു ചെളിക്കൂനയിലേക്കും അതിനടുത്തു കാവലിരിക്കുന്ന നാടോടികളുടെ എലുമ്പന്‍ മുഖങ്ങളിലേക്കും, നിര്‍വികാരമായ നൂറു കണക്കിനു മുഖങ്ങളിലേക്കും നോക്കി നിന്നതിനു ശേഷം ചാനലു കാരുടെ ക്യാമറകള്‍ കണ്ണടച്ചു.
     ഓ. വാര്‍ത്തയുടെ  സമയമായല്ലോ.

2 comments:

grkaviyoor said...

മാഷേ ഇതു സമയം എടുത്തു ഞാന്‍ വായിക്കുന്നുണ്ട് തിരികെ വരാം

grkaviyoor said...

ചന്ദ്ര ബാബു കഥയുടെ തലേക്കെട്ട് പോലെ തന്നെ മഹാ ഭാരത കഥാ പാത്രവുമായി നല്ലവണ്ണം സദൃശം വരുത്തി ഇന്നിന്റെ ക്യാമറാ കണ്ണുകള്‍കൊണ്ട് ഒപ്പിയെടുത്തു വളരെ അനുകുലിക വിഷയം അവതരിപ്പിച്ചു അതാണ് ശ്രേദ്ധെയമാര്‍ന്ന കാര്യം ഗാന്ധാരിയുടെ രംഗ പ്രവേശനവും ഉള്‍പ്പെടുത്താമായിരുന്നു എന്നാലും നല്ല കഥ ഇനിയും എഴുത്ത് തുടരു ,ഇത് പുതുമയുള്ള ആശയമല്ല പുരാണങ്ങളും മായി ഉള്ള ജുഗല്‍ ബെന്തി എന്നിരുന്നാലും മികവു പുലര്‍ത്തി ,വായന മനസ്സിരുത്തി തുടങ്ങി അവസാനിപ്പിച്ചപ്പോള്‍ നല്ല ഒരു കഥ വായിച്ച പ്രതീതിയും സന്ത്രുപ്പ് ത്തിയും നല്‍കുന്നുമുണ്ട് ,ആശംസകള്‍