Saturday, May 26, 2012

ഉള്ളുണര്‍ത്താതിരിക്കുക

*******************
ഇരട്ടമക്കളുടെ  പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ബാല്‍രാജിനു എന്തോ സംഭവിച്ചിട്ടുണ്ട്.കോലാഹലങ്ങള്‍  അവസാനിച്ചപ്പോള്‍  ബാല്‍രാജ് ഒരത്ഭുത വസ്തുവിനെ എന്നവണ്ണം ക്ലോക്കിലേക്ക് നോക്കിയിരുന്നു.
അയാള്‍ക്ക്‌  ഇനി ഒന്ന് കിടന്നുറങ്ങിക്കൂടെ ? നേരം പതിനൊന്നായല്ലോ.
ഒരിക്കല്‍ അവിദഗ്ദ്ധനായ ഒരു തയ്യല്‍ക്കാരന്‍ ആയിരുന്നു ബാല്‍രാജ്. തയ്ക്കാന്‍ ആരും ഒരു കുഞ്ഞുടുപ്പു പോലും കൊടുത്തിരുന്നില്ല. എന്നിട്ടും കട വരാന്തയിലിരുന്നു 'തനിനിറം പത്രം' വായിക്കാന്‍  മാത്രമായി ആളുകള്‍ എത്തുമായിരുന്നു. അവരോടു കുശലം പറഞ്ഞുപറഞ്ഞു ബാല്‍രാജ് ഇന്നത്തെ നിലയിലായി. 
അയാള്‍ മുകളിലേക്കുള്ള കോണി കയറിയപ്പോള്‍ താഴെ സെറ്റിയുടെ അടിയില്‍ നിന്നും പുറത്തേക്കു നീണ്ടു കിടന്ന ഒരു കാല്‍പ്പാദം കണ്ടു. അത് കവി ആയിരുന്നു. ബാല്‍രാജ് കവിയെ താങ്ങി ഇരുത്തി. കുപ്പികള്‍ ഏറെ വിഴുങ്ങി മൂത്രത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു കവി. അയാള്‍ ഉറക്കം വിട്ടു ബാല്‍രാജിന്റെ തോളില്‍ തൂങ്ങി നിന്ന്  ചര്‍ദ്ദിച്ചു .
     നിന്റെ ആഘോഷത്തിന്റെ അവസാന തുള്ളി വരെ ഞാന്‍ കമട്ടും. ഇതെല്ലാം നീ മറ്റുള്ളവരെ കബളിപ്പിച്ചുണ്ടാക്കിയ പണമാ.
     ബാല്‍രാജിന്റെ മന്ദഹാസം മരവിച്ചു പോയി. എന്നിട്ടും നെറ്റിയില്‍ ചുളിവുകള്‍ വീഴാതിരിക്കാനും പരുക്കന്‍ വാക്കുകള്‍ പുറത്തു ചാടാതിരിക്കാനും അയാള്‍ ശ്രദ്ധിച്ചു.അതാണ്‌ ബാല്‍രാജ്.  അയാള്‍ ആരോടും മോശമായി സംസാരിച്ചിട്ടില്ല. ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ല. ശത്രുക്കളില്ല. എല്ലാവരെയും പ്രശംസിച്ചും സന്തോഷിച്ചും മാത്രം സംസാരിച്ചിരുന്നു. അതുകൊണ്ടെന്ത് ? മറ്റാര്ക്കും സാധിക്കാനാവാത്ത കാര്യങ്ങള്‍ എത്രയാ നേടിയത്? സുന്ദരിയായ ഭാര്യ. നല്ല വീട്. അടിപൊളി കാര്‍. ആധുനിക സൌകര്യങ്ങള്‍ ഒന്നും സ്വന്തമാക്കാന്‍, പക്ഷെ,നമ്മുടെ കവിശ്രേഷ്ടന് കഴിഞ്ഞില്ലല്ലോ.  ആരാണയാള്‍ക്ക് ചോദ്യം ചെയ്യാനുള്ള അവകാശം കൊടുത്തത്?
     സ്വയം വളരാന്‍ വേണ്ടി നീ നശിപ്പിച്ചവര്‍ എത്രയെന്നറിയാമോ ബാലാ, നിനക്ക്. നിന്റെ സ്വന്തം വിയര്‍പ്പില്‍ നിന്നുണ്ടായത് എന്തെങ്കിലും ഇവിടെയുണ്ടോ?
     ആ ചോദ്യം നെറ്റി പിളര്‍ന്ന് അകത്തു കയറി. വായില്‍ ദേഷ്യം നുര കുത്തി. എന്നിട്ടും അയാള്‍ കവിയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. കവി ചര്‍ദ്ദില്‍വീണ ഉടുപ്പിന്റെ കുടുക്കുകള്‍ നേരെയാക്കി. മൂത്രത്തില്‍ കുതിര്‍ന്ന മുണ്ടു മടക്കി ഉടുത്തുകൊണ്ട് സ്വയം വാതില്‍ തുറന്ന് ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി. ഇരുട്ട് ബാല്‍രാജിനോടു വിളിച്ചു പറഞ്ഞു:
     രാമന്‍ ചെട്ടിയാരുടെ എത്ര ലക്ഷമാ നീ കബളിപ്പിച്ചത്? ഗുമസ്തന്‍ രാജേഷിന്റെ ശമ്പളത്തില്‍ നിന്നും നിന്റെ ഒന്നര ലക്ഷത്തിന്റെ ജാമ്യപ്പണമാ പിടിക്കുന്നത്. ഗോപീചന്ദിന്റെ തുണിക്കട പൂട്ടിയത് നീ കാരണമല്ലേ?.
     ഈ കവിയുടെ പോക്കു കണ്ടാല്‍ ഈ ലോകം നന്നാക്കിയേ അടങ്ങൂ എന്ന് തോന്നും. ക്ഷമ നശിച്ചപ്പോള്‍ ബാല്‍രാജ് പറഞ്ഞു പോയി.
    എട, കള്ളുകുടിയാ.
     പൂര്‍ണ വിരാമത്തിനു പകരം ബാല്‍രാജിന്റെ നേര്‍ക്ക്‌ ഇരുള്‍ വല്ലാത്ത പ്രയോഗങ്ങള്‍ തൊടുത്തു.
     മഹാ മദ്യപാനി, ഭ്രാന്തന്‍, കവി ഇവരൊന്നും മനപ്പൂര്‍വം ആരെയും ദ്രോഹിക്കാറില്ല. നിന്നെപ്പോലെ ഒരു തുള്ളി പോലും അടിക്കാത്ത, ഒരു വരി വായിക്കാത്ത കീടം, ഹാ, എത്ര മഹത്തായ പദം, ചിന്തിച്ചു പുകയാനായി നിനക്കൊരു ശുഭരാത്രി.
   യാത്രാമംഗളം കേട്ട് ബാല്‍രാജ് വീടിന്റെ സുരക്ഷിതത്വത്തിലേക്ക് രക്ഷപ്പെട്ടു. കവിയുടെ തമാശ അധികമായെന്നു വിഷാദിച്ചു ബാല്‍രാജിനുറക്കം കെട്ടു,
     രാമന്‍ ചെട്ടിയാര്‍ ബാങ്കിലടക്കാന്‍ ഏല്‍പ്പിച്ച മൂന്നു ലക്ഷം രൂപാ സ്വന്തം ആവശ്യത്തിനുപയോഗിച്ചു. കുറ്റം ഏറ്റുപറഞ്ഞു മാപ്പു ചോദിച്ചപ്പോള്‍ അദ്ദേഹം ക്ഷമിച്ചു.
     ബാല്‍, അബദ്ധം ആര്‍ക്കു പറ്റും. നിന്റെ സത്യസന്ധത എനിക്ക് ഏറെ പിടിച്ചു. കഴിയും വേഗം നീ ആ പണം ഉണ്ടാക്കി തന്നാല്‍ മതി.
     മാന്യരായ പണക്കാരെ സേവിക്കാന്‍ ഈ കവിക്ക്‌ ഒട്ടും അറിയില്ല. ചിട്ടിക്കമ്പനിക്കാര്‍ രാജേഷിന്റെ ശമ്പളം പിടിക്കുന്നതിനോടു യോജിപ്പില്ല. പക്ഷെ, സ്വന്തമായി വരുമാനമില്ലാത്ത ബാല്‍രാജ് എന്ത് ചെയ്യും. ജീവിക്കേണ്ടേ? അയാള്‍ക്ക്‌ നൂറു നൂറു കാര്യങ്ങള്‍ ആലോചിക്കാനുണ്ട് . എന്നിട്ടും ഉറക്കം മുട്ടിപ്പോയ ആ രാത്രിയുടെ ശേഷിച്ച ഭാഗങ്ങളില്‍ കവിയുടെ മുള്ളുവാക്കുകള്‍ ഓര്‍ത്തോര്‍ത്തു ബാല്‍രാജ് സ്വയം മറന്നങ്ങനെ നടന്നു കൊണ്ടിരുന്നു.
    ചാരനിറമുള്ള ബര്‍മുഡയില്‍ ബാല്‍രാജ് ആദ്യം കടന്നത്‌ ബാത്ത് റൂമിലേക്കായിരുന്നു. കോട്ടുവാ ഇട്ട്, അയാള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ ബര്‍മുഡയുടെ ഒരു കാലുയര്‍ത്തിപ്പിടിച്ചുകൊണ്ട് യൂറോപ്യന്‍ ക്ലോസറ്റിലേക്ക് നോക്കി നിന്നു. ഏറെ നേരം കഴിഞ്ഞിട്ടും അയാള്‍ എന്തിനാണവിടെ ചെന്നതെന്ന് ആലോചിക്കാനറിയാതെ അങ്ങനെ നിന്നു പോയി.
ബര്‍മുഡയുടെ കാലിലെ പിടിവിട്ട് അയാള്‍ ബാത്റൂം ടൈലുകളുടെ ഭംഗി ആസ്വദിച്ചു. അയാളുടെ വിരലുകള്‍ ചെങ്കല്‍ നിറമാര്‍ന്ന ടൈലുകളിലൂടെ നീങ്ങിയപ്പോള്‍ അയാള്‍ പുറത്തിറങ്ങി. ചര്‍ദ്ദില്‍ ഗന്ധം മുറ്റിനിന്ന ഹാളിലൂടെ, അടുക്കളയിലൂടെ, പിന്നെ എല്ലാ ഇടങ്ങളിലൂടെയും അയാള്‍ കയറി ഇറങ്ങി നടന്നു കൊണ്ടിരുന്നു.
  
ഗോപീചന്ദിന്റെ തുണിക്കട പൂട്ടിയെന്നോ? അയാളുടെ പണം കൊണ്ടുണ്ടാക്കിയ കോണിക്ക് എന്ത് ചന്തം. ഫുള്‍ ഈട്ടിത്തടിയാ.  എമ്മെല്ലേക്ക് പോലും ഇങ്ങനെ ഒരു സുന്ദരി കോണിപ്പടി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
    ബാല്‍രാജ്, ഉറങ്ങുന്ന ഭാര്യയേയും രണ്ടു കുഞ്ഞുങ്ങളെയും നോക്കി നിന്ന് ഏതൊരു നല്ല കുടുംബനാഥനെയും പോലെ അഭിമാനത്തോടെ ആശ്വസിച്ചു, എന്റെ വലിയ സമ്പാദ്യം. എന്നാല്‍ അയാള്‍ക്ക്‌ അങ്ങനെ അധിക നേരം നോക്കി നില്‍ക്കാനായില്ല. അയാള്‍ വീട്ടിനുള്ളില്‍ നടപ്പു തുടര്‍ന്നു. അയാള്‍ അറിയാതെ പറഞ്ഞുകൊണ്ടിരുന്നു:- കവി ചോദിച്ചത് ശരിയല്ലേ?  രാജേഷിന്റെ സൌജന്യം ചുടുകട്ട.  രാമന്‍ചെട്ടിയാരുടെ സിമന്റും കമ്പിയും,
ഗോപീചന്ദിന്റെ മര്ബ്ബിള്‍ത്തറയും ഈട്ടിക്കോണിയും, കൃഷ്ണന്‍കുട്ടിയുടെ  അടുക്കള, ജഗദീഷിന്റെ വൈദ്യുതോപകരണങ്ങള്‍, നൌഷാദിന്റെ ക്രോക്കറീസും പൂജാമുറിയിലെ നിലവിളക്കുകളും.
      അയാള്‍ നടപ്പിനു വേഗം കൂട്ടി. കവി പറഞ്ഞ ഇനത്തില്‍പ്പെട്ട ഒന്ന്, സ്വയം വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ ഒന്ന്, അയാള്‍ തിരഞ്ഞു. അയാള്‍ അടുക്കളപ്പാത്രങ്ങള്‍ ഓരോന്നായി തട്ടിയെറിഞ്ഞു. ചില്ലലമാരികള്‍ ചിതറിവീണു.  ഫര്‍ണീച്ചര്‍ കടപുഴകി.  ഭാര്യ വിളിച്ചിട്ടും കുഞ്ഞുങ്ങള്‍ അല
റിക്കരഞ്ഞിട്ടും ബാല്‍രാജ് നിന്നില്ല. ആ വീടിനുള്ളില്‍ ഓടിനടന്ന് അയാള്‍ എന്തോ ഒന്ന് തിരയുകയായിരുന്നു. ബാല്‍രാജ് പഴങ്കഥയിലെ മന്ദബുദ്ധിയെപ്പോലെ ചോദിച്ചു:
     എവിടെ?അങ്ങനെയൊന്നു കാണിച്ചു താ.
അയാള്‍ അത് ചോദിച്ചു:- രാജേഷിന്റെ, ചെട്ടിയാരുടെ, ജമാലിന്റെ, ആരു
ടേതുമല്ലാത്ത അതാണ്‌ വേണ്ടത്. കാണിച്ചു താ
ആ കവിയെ ആണ് ഇതിനു കുറ്റപ്പെടുത്തേണ്ടത്. 
മൂന്നാലു മണിക്കൂര്‍ തോരത്തോരെ മദ്യം അകത്താക്കീട്ട്, ഉടുമുണ്ടില്‍ മൂത്രമൊഴിച്ചുകൊണ്ട് അയാള്‍ സാരോപദേശം നല്കിയില്ലായിരുന്നെങ്കില്‍ ബാല്‍രാജിന് ഈ പെടാപ്പാടു വേണ്ടിവരുമായിരുന്നില്ല. 
     ബാല്‍രാജ് ഓടിച്ചെന്നു കുട്ടികളെ എടുത്തു.
     എനിക്ക് ഇവിടെ ഉറങ്ങാന്‍ കഴിയില്ല. എല്ലാം അന്യരുടെ. ഭ്രാന്തു പിടിക്കും. വേഗം പുറത്തു കടന്നോ.
ഭാര്യ കണ്ണീര്‍ പൊഴിച്ചു.
     നമ്മുടെ വീട്.
     സ്വന്തമല്ലാത്തത്‌, വിയര്‍പ്പൊഴുക്കാത്തത്, ചതിയില്‍ ഉരുവായത്, ആരു വേണമെങ്കിലും എടുത്തോട്ടെ.
ഈ സമയമെങ്കിലും തെറ്റ് മനസ്സിലാക്കി കവിസുഹൃത്ത്‌  ഈ കഥയിലേക്ക്‌ മടങ്ങി വരേണ്ടതായിരുന്നു. അയാള്‍ സ്നേഹത്തോടെ രണ്ടുവരി കവിത തൊണ്ടക്കുഴിയിലെ മുഴങ്ങുന്ന ശബ്ദത്തോടെ പാടിക്കേള്‍പ്പിച്ചു, വാഹ്, വാഹ് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നെങ്കില്‍ ബാല്‍രാജിന്റെ കലി അടങ്ങിയേനെ.  ബാല്‍രാജ് ഒന്നിനും കാത്തുനിന്നില്ല. 
     വേഗം വരൂ. ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഒരു സാധാരണ ജീവിതം. എന്റെ സ്വന്തമായതു മാത്രം. കുഞ്ഞുങ്ങളുമായി വേഗം വരൂ. ഈ വീടു വിടണം.
    ബാല്‍രാജ് ഇരട്ടക്കുഞ്ഞുങ്ങളെ ഉമ്മവച്ച് അവരുമായി വാതില്‍പ്പടി ഇറങ്ങി നടന്നു.
    നില്‍ക്കൂ.
ഭാര്യയുടെ വിളി കേട്ടപ്പോള്‍ അയാള്‍ കരുതിയത്‌ ബര്‍മുഡ മാത്രം ധരിച്ചു പോകരുതെന്ന് അവള്‍ പറയാന്‍ തുടങ്ങുമെന്നാണ്.
    നിങ്ങളുടേതല്ലാത്തതൊക്കെ ഉപേക്ഷിച്ചു ഞാന്‍ വരട്ടോ?
    എല്ലാം കളഞ്ഞേക്കൂ. നീയും മക്കളും മാത്രം മതി.
 ഭാര്യ സംശയത്തോടെ  ചോദിച്ചു.
    കുഞ്ഞുങ്ങളെയും ഉപേക്ഷിക്കട്ടെ?
അയാള്‍ക്കവളെ നിശ്ശബ്ദയാക്കാനാകും മുന്‍പ് അവള്‍ വെളിപ്പെടുത്തി.
    ചെട്ടിയാരുടെ മൂന്നു ലക്ഷത്തില്‍ നിന്നും കുഞ്ഞുങ്ങളെ തട്ടിക്കിഴിക്കണം.
******************************************************
ഗുണപാഠം: കവികളും കലാകാരന്മാരുമായി കൂട്ടുകൂടാതിരിക്കണം 

No comments: