Sunday, May 20, 2012

അങ്കക്കലി




അറച്ചുനില്‍ക്കുന്ന ശിശുപാലന്‍ എന്ന മിത്രത്തെ പിടിച്ചു വലിച്ച് തങ്കപ്പാജിയുടെ വിശ്രമസ്ഥാനിലേക്ക്, നട്ടുച്ചക്കും ഇരുട്ടും കുളിരും മായാതെ കിടന്ന ആ മുറിയിലേക്ക്, കടന്നു ചെന്നപ്പോള്‍ കണ്ണ് പിടിക്കാതെ ഞാനല്‍പ്പനേരം കുഴങ്ങിപ്പോയി. 
     -ഇരിയ്ക്കെടോ.
തങ്കപ്പാജിയുടെ കൈയാംഗ്യമറിഞ്ഞ് തണുത്ത സിമന്റു തറയില്‍ ചമ്രം പൂട്ടി ഇരിക്കുമ്പോള്‍ മാത്രമാണ് എന്റെ പുറകില്‍, ആ മുറി നിറയെ ആളുകള്‍ ഇരിപ്പുണ്ടായിരുന്നെന്നു ഞാനറിയുന്നത്. ശിശുപാലന്റെ പ്രശ്നം ആള്‍ക്കൂട്ടത്തില്‍ വച്ചു പരിഹരിക്കപ്പെടേണ്ടതല്ല. അതുവരെ ആള്‍ക്കൂട്ടത്തോടു വര്‍ണിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്വന്തം കൌമാരകാല കഥകള്‍ തങ്കപ്പാജി തുടര്‍ന്നു.
     -അതൊക്കെ എന്റെ ചെറുപ്പത്തിലേ ഉള്ള ശീലമാണെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ.
ആള്‍ക്കൂട്ടം ശരിവച്ചു. ആള്‍ക്കൂട്ടത്തിന്റെ ആരവമൊടുങ്ങിയപ്പോള്‍ ശിശുപാലന് സങ്കടം ഉണര്‍ത്തിക്കാനുണ്ടെന്നു ഞാന്‍ വിളിച്ചു പറഞ്ഞു.
     -എന്താദ്, ശിശുവേ?
ശിശുപാലന് വാക്കുകള്‍ വന്നില്ല. അവന്റെ കണ്ണ് നിറഞ്ഞു. അവന്‍ വിറയലോടെ പറഞ്ഞു:
     -എവന്‍ പറേം. അത് മതി.
തങ്കപ്പാജി തലയാട്ടി. അദ്ദേഹം ചാരുകസേരയില്‍ ചാരിവച്ചിരുന്ന ഒരു വലിയ ചതുരംഗപ്പലക എടുത്തു മടിയില്‍ വച്ചു. എന്റെ പുറകിലെ ആള്‍ക്കൂട്ടം ഒരാരവം തൊടുത്തു വിട്ടു.
     -ഇതങ്ങോട്ടു കൊടുത്തേ.
ഒരു കൂട്ടം ചതുരംഗ കരുക്കള്‍ കൈമാറി കൈമാറി എന്റെയടുത്തെത്തി. ഞാന്‍ നല്‍കിയ കരുക്കള്‍ പലകമേല്‍ നിരത്തിക്കൊണ്ടു തങ്കപ്പാജി ശിശുപാലന്റെ കഥയ്ക്ക്‌ ചെവിയോര്‍ത്തു.
     -ഈ ശിശുപാലന്‍ ഞങ്ങളുടെ നഗരത്തിന്റെ ചപ്പു ചവറുകള്‍ വിതക്കുന്നിടത്തു കുടില്‍ കെട്ടി കഴിഞ്ഞു പോന്നു.
തങ്കപ്പാജി വെള്ളത്തിനു വേണ്ടി ആംഗ്യം കാണിച്ചു.
ആള്‍ക്കൂട്ടം പിറുപിറുത്തു: വെള്ളാം........
     -ഇതങ്ങോട്ടു കൊടുത്തേ.
അവിടെ മറ്റൊരാരവം ഉത്ഭവിച്ച് എന്റെ നേര്‍ക്കു വന്നതറിഞ്ഞു.
ഞാന്‍ വെള്ളം കൈയെത്തിപ്പിടിച്ചു തങ്കപ്പാജിക്ക് നല്‍കി. വെള്ളമല്ല. വീര്യമുള്ള മദ്യമായിരുന്നു.
     -ഈ കോഴിക്കാലങ്ങോട്ടു കൊടുത്തേ.
പപ്പും പൂടയും കൊക്കുമില്ലാത്ത രണ്ടു കോഴിക്കാലുകളുടെ പ്രയാണമായിരുന്നു അത്. കോഴിക്കാല്‍ ചവച്ചുകൊണ്ട് തങ്കപ്പാജി അദ്ദേഹത്തിന്റെ യൌവനകാലത്തെ ഒരു സംഭവം പറയാന്‍ തുടങ്ങി. ശിശുപാലന്റെ കഥ തുടരാനാവാതെ ഞാന്‍ സംശയിച്ചു നിന്നു. ദേഷ്യം വന്നു ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോകുമെന്ന് ശിശുപാലന്‍ ഭയന്നു. അവന്റെ ദൈന്യതയെ ഓര്‍ത്തു ഞാന്‍ സ്വയം നിയന്ത്രിച്ചു. എന്നിട്ടും എന്നില്‍ ഒരുതരം കലി മുളപൊട്ടുകയായി.
തങ്കപ്പാജി എച്ചില്‍ക്കൈ കൊണ്ടു ചതുരംഗ കരുക്കള്‍ നീക്കാന്‍ തുടങ്ങി. കറുത്തൊരു തേര്‍ എന്റെ നേരെ വരുന്നതു കണ്ട് ഒരു വെളുത്ത കാലാള്‍ തടയിട്ടു.
ശിശുപാലന്‍ തങ്കപ്പാജിയുടെ നേര്‍ക്കു കൈ നീട്ടി.
      -എന്റെ കഥ കേട്ട് പരിഹാരം ചെയ്യണേ.
ഈ ശിശുപാലന്‍ ഒരു മോട്ടോര്‍ വര്‍ക്കുഷോപ്പിലെ പെയിന്ററാണ്. സ്പ്രേഗണ്‍ വച്ച് അവന്‍ വണ്ടികള്‍ മനോഹരമായി പെയിന്റ് ചെയ്യും. അവന്റെ ഭാര്യയായിരുന്ന കനകമണി ദേഷ്യപ്പെടുകയും മുഖം കറുപ്പിക്കുകയും ചെയ്യുമ്പോള്‍ അവന്‍ അവള്‍ക്കു നേരെയും ഇതുപോലെ കൈ നീട്ടി നില്‍ക്കുമായിരുന്നു. അങ്ങനെയുള്ള ആ നില്‍പ്പില്‍ അവന്‍ സങ്കല്‍പ്പത്തിലെ സ്പ്രേഗണ്ണില്‍ നിന്നും അവളുടെ മുഖത്തേക്ക് നിറങ്ങള്‍ വീശുകയാണെന്നു സ്വയം കരുതുമായിരുന്നു. ഈ ശിശുപാലന് കുട്ടികളെ ഇഷ്ടമാണ്. അതുകൊണ്ടായിരിക്കാം അവന് അന്നു കുട്ടികളില്ലായിരുന്നു. ദുഃഖം അകറ്റാനായി അവന്‍ കമ്പോളത്തില്‍ കിട്ടുന്ന പാരഡിഗാനങ്ങള്‍ അത്രയും വാങ്ങി കേള്‍ക്കുമായിരുന്നു. അല്‍പ്പം ചിരിക്കാന്‍ അവന്‍ അത്രയധികം ആഗ്രഹിച്ചു. ഏറെ കഴിയും മുമ്പ് തന്നെ ആ ഗാനങ്ങള്‍ക്ക് അവന്റെ കുടിലിനു ചുറ്റും അഴുകുന്ന ചപ്പു ചവറുകളേക്കാള്‍ ദുര്‍ഗന്ധമാണെന്നറിഞ്ഞ് അവന്‍ അവ കുപ്പത്തൊട്ടിയിലിട്ടു.
തങ്കപ്പാജിക്കായി പൊതിഞ്ഞ ഒരു കുപ്പി കൂടി എത്തിച്ചേര്‍ന്നു.
     -ആരാവള്‍, കനകമണി?
അദ്ദേഹം ആള്‍ക്കൂട്ടത്തിനോടു തിരക്കി.
     -നമ്മുടെ വിച്ചസ്ഹെവനിലെ സൈല്‍സ് ഗേളാണ് , ജീ അവള്‍.
     -ശിവ ശിവാ, അവള്‍ താങ്കപ്പെട്ടവളാണ് ശിശുവേ.
തങ്കപ്പാജി അവളെ നൂറു നാവുകളില്‍ പ്രശംസിച്ചു. ശിശുപാലന്‍ എന്നെ ഉണര്‍ത്തി.
അവന്റെ കുടിലിലേക്ക് കിഴിച്ചിറങ്ങിയ കേബിളിലൂടെ കടന്നു വന്ന ലോകത്തിന്റെ ഒരു പതിനാലിഞ്ചു പതിപ്പ് കണ്ടു കണ്ട് കനകമണി എല്ലാം മറന്നതും, ഈ ശിശുപാലന്റെ സമ്പാദ്യമെല്ലാം കവര്‍ന്ന് അവനെ അടിച്ചു പുറത്താക്കിയതും ഞാന്‍ തങ്കപ്പാജിയോടു പറഞ്ഞു. 
     -ജീ, കേബിള്‍ ടീവീക്കാര്‍ ലൈന്‍ ഒഫുചെയ്യുമ്പോഴും വൈദ്യതി ഇല്ലാത്ത നേരവും അവളീശിശുപാലനോട് ഒട്ടിയിരുന്നു പറയുമായിരുന്നു: നമുക്കൊരു കുഞ്ഞില്ലല്ലോ ശിശൂ.
എന്റെ വാക്കുകള്‍ക്കു ശക്തി പോരെന്നു തോന്നിയ ശിശുപാലന്‍ എഴുന്നേറ്റു.
     -ജീ, ഡോക്ടരുടെ അടുത്തു പോകാന്‍ അവള്‍ വന്നില്ല. ഞാന്‍ തനിയെ പോയി. എനിക്ക് കുഴപ്പം ഒന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
അവന്‍ കരയുന്നത് കണ്ടു ആള്‍ക്കൂട്ടം കുരവയിട്ടു.
     -കുഴപ്പമൊന്നുമില്ലെന്നു ഡോക്ടര്‍ പറഞ്ഞത് കുഴപ്പമായോ ശിശുവേ?
ശിശുപാലന്‍ ഒരു കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കനകമണി എതിര്‍ത്തു. സുന്ദരിയായ ഒരു പെണ്ണിനും അത് കഴിയില്ലെന്നവള്‍ തറപ്പിച്ചു പറഞ്ഞു. ശിശുപാലന്‍ ആ കുടിലുപേക്ഷിക്കില്ലായിരുന്നു, ജീ. പക്ഷെ ദിവസവും രാച്ചെല്ലുമ്പോള്‍ ഒരു പറ്റം ഗുണ്ടകള്‍ കുടില്‍ വളഞ്ഞ് ശിശുപാലനെ പിടികൂടി ഇടിച്ചു ചതക്കാന്‍ തുടങ്ങിയപ്പോള്‍ അവനവിടം വിട്ടു.
താങ്കപ്പാജിയുടെ കറുത്ത കുതിര ഒരു വെളുത്ത കാലാളിനെ വിഴുങ്ങി. ഒറ്റയ്ക്കു കളിക്കുന്നവന്‍ ഇപ്പോഴും കറുത്ത രാജാവിന്റെ ഭാഗത്ത്‌ തന്നെയാണ്. വെളുത്ത രാജാവിന്റെ കിരീടത്തില്‍ പിടിച്ചുയര്‍ത്തിക്കൊണ്ടു തങ്കപ്പാജി വായുവില്‍ കുത്തിക്കുത്തിപ്പറഞ്ഞു.
     -നോക്കൂ. അവര്‍ ഗുണ്ടകളൊന്നുമായിരുന്നില്ല. എന്റെ കുട്ടികള്‍ തന്നെ ആയിരുന്നു. തെറ്റിധാരണ ഒഴിവാക്കണം.
ആള്‍ക്കൂട്ടം ശരിവച്ചു. എന്റെ നേരെ ആരോ നീട്ടിയ ഐസ് പാത്രം ഞാന്‍ തന്കപ്പാജിക്കു കൈമാറി.
     -ജീ. നഗരത്തില്‍ കുറെക്കൂടി മോശമായോരിടത്ത് ഒരു ചെറിയ വാടകമുറിയെടുത്ത് ഈ ശിശുപാലനെ ഞാന്‍ അവിടെയാക്കി. അവിടെ പാരഡിഗാനങ്ങള്‍ക്ക് പകരം അവന്‍ ഒരു കുട്ടിയെ ദത്തെടുത്തു. ആ കുട്ടിയുടെ അമ്മയെ, ആരും ഇല്ലാത്തവളെ ഈ ശിശുപാലന്‍ വിവാഹം കഴിച്ചു.
      തങ്കപ്പാജി ചതുരംഗ കരുക്കള്‍ക്കിടയിലേക്കു വച്ച ഗ്ലാസില്‍ പൊങ്ങിക്കിടക്കുന്ന മഞ്ഞുകട്ട താഴ്ത്തുന്ന കളിയാണിപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. മദ്യം വിഷമിപ്പിച്ച ആ കണ്ണുകള്‍ കറുപ്പും വെളുപ്പും കളങ്ങളോ, കരുക്കളോ കാണുന്നില്ല.
     -രണ്ടാം ഭാര്യയില്‍ ശിശുപാലന് ഒരു കുട്ടിയുണ്ടായി.
തങ്കപ്പാജി ചിരിച്ചു തലയാട്ടി.
     -അതിന്റെയൊക്കെ രഹസ്യങ്ങള്‍ ഞാന്‍ പത്തു വയസ്സുള്ളപ്പോള്‍ തന്നെ പഠിച്ചിരുന്നു.
ഞാന്‍ കൊപമാടക്കി.
     -ശിശുപാലന്റെ ആദ്യ ഭാര്യ ഇപ്പോഴും കുഴപ്പമുണ്ടാക്കുന്നു. അവള്‍ക്കിപ്പോള്‍ വലിയൊരു തുക വേണമെന്ന് പറഞ്ഞു ശിശുപാലനെ ഉപദ്രവിക്കുന്നു.
      -ആ ഗുണ്ടാ സംഘം എന്നെ ഇപ്പോഴും ദ്രോഹിക്കുന്നു. എന്നെ രക്ഷിക്കണം ജീ, ആ കനകമണിയില്‍ നിന്നും.
അതുകേട്ടു തങ്കപ്പാജി ചിരിക്കാനായി മീശ തപ്പി. വായിലേക്ക് വളച്ചുവച്ചിരുന്ന മീശരോമങ്ങള്‍ തുപ്പിക്കൊണ്ട് അയാള്‍ വിളിച്ചു പറഞ്ഞു.
     -ആ കനകമണി നല്ല കുട്ടിയാ. അവളെ അനുസരിക്ക്, ശിശുവേ.
എനിക്ക് കോപമടക്കുവാനായില്ല. ഞാന്‍ അയാളുടെ മടിയിലിരുന്ന ചതുരംഗപ്പലക തട്ടി. അത്, ആ കരുക്കളോ
ടും നിറഗ്ലാസ്സിനോടമൊപ്പം താങ്കപ്പാജിയുടെ മുഖത്ത് പതിച്ചു. എന്താണ് നടന്നതെന്ന് ആള്‍ക്കൂട്ടം ശരിക്കു മനസ്സിലാക്കും മുമ്പ് ഞാന്‍ ശിശുപാലനെയും കൊണ്ടു നടയിറങ്ങി. തങ്കപ്പാജി നനഞ്ഞ മീശ തപ്പിക്കൊണ്ടു വിളിച്ചു  പരഞ്ഞുകൊണ്ടിരിക്കുകയാണ്.
     -ശിശുവേ, ആ കനകം പറയുന്നത് കേട്ടോളാ..
ഇപ്പോള്‍ ശിശുപാലന്‍ പറയുന്നത് ഞാന്‍ ചതുരംഗപ്പലക തട്ടിയതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നാണ്. ഭാഗ്യം. ആള്‍ക്കൂട്ടം ഒന്നും അറിഞ്ഞിട്ടില്ല.

1 comment:

grkaviyoor said...

ജീവിതം എന്ന ചതുരംഗ പലകയിലെ കരുക്കളാം നാം നിത്യം നടന്നു നീങ്ങുമ്പോള്‍ ശിശു പാലന്മാരും തങ്കപ്പന്‍ ജീയും ഒക്കെ കണ്ടു മുട്ടുന്നുവല്ലോ