Saturday, April 21, 2012

സ്നേഹത്തഴമ്പ്

    ഇന്റന്‍സീവ് കെയര്‍ യൂണിറ്റിന്റെ ചില്ലുജാലകം നോക്കിയിരിക്കുകയാണ് ഗോപാലന്‍.  ആ പച്ചത്തുണിക്കപ്പുറം രാധച്ചേച്ചിയുണ്ട്.
    -മരിച്ചാലും എന്റെ കണ്ണുകള്‍ തുറന്നു തന്നെയിരിക്കും. അത് നിന്നെ കാണാനാണ്.
    ആരാണങ്ങനെ പറഞ്ഞത്? ആര്. ആര്‍?
    ആശുപത്രിച്ചുമര്‍ ചാരിയിരുന്ന് അയാള്‍ ഭയപ്പെട്ടു. ആരോ പിന്തുടരുന്നുണ്ടെന്ന തോന്നല്‍. നേരറിയുന്ന രണ്ടു കണ്ണുകള്‍, അയാളുടെ ചെറിയ തമാശകളെപ്പോലും പ്രോത്സാഹിപ്പിച്ചിരുന്ന പൊട്ടിച്ചിരി. എല്ലാം അയാളുടെ വിദൂര ഭൂതകാലത്തില്‍ നിന്നും അയാളെ തേടിയെത്തി യിരിക്കുന്നതുപോലെ. കടുത്ത നിരാശയില്‍, മുഷ്ടി ചുരുട്ടി നെറ്റി താങ്ങി ഇരുന്നു കൊണ്ട്‌  ഗദ്ഗദങ്ങളോ നിശ്വാസങ്ങളോ അയാളറിഞ്ഞു, ഒരിളങ്കാറ്റിന്റെ തലോടലായി. 
   -ഇല്ല മോനെ, ചേച്ചിക്കൊന്നും വരില്ല. ധൈര്യമായിരിക്ക്‌.
   ചില്ലുജാലകത്തിന്റെ  പര്‍ദ്ദ ഇളകി മാറിയപ്പോള്‍ ഒത്തിരിപ്പേര്‍ അവിടേക്കോടിച്ചെന്നു തിക്കിത്തിരക്കി. അവരുടെ കഴുത്തുകള്‍ക്കും കക്ഷങ്ങള്‍ക്കും ഇടയിലൂടെ അകത്തേക്ക് നോക്കാനും രാധച്ചേച്ചിയെ ഒരു നിമിഷത്തേക്കെങ്കിലും കാണാനുമുള്ള അയാളുടെ ശ്രമം പരാജയപ്പെട്ടു. 
   കടന്നു കയറ്റത്തില്‍ അയാള്‍ എന്നും പുറകിലായിരുന്നു. 
  -ഗോബാല, നീ ഒറ്റ അളിയനാ എനിക്ക്. അതോണ്ടു പറേവാ. പണത്തിനു വേണ്ടി മാത്രമായി നീ ഇങ്ങനെ ജീവിതം തോലച്ചു കളേരുത്.
   ചേച്ചിയുടെ ഭര്‍ത്താവിന്റെ നിരന്തരമായ ഉപദേശം അതിന്റെ വഴി കണ്ടെത്തി. ജോലി ഉപേക്ഷിച്ചു മറുനാട്ടില്‍ നിന്നും കൈ നിറയെ പണവുമായി തിരിച്ചെത്തിയപ്പോള്‍ സ്നേഹത്തിന്റെ വിലയറിയുകയായിരുന്നു, ഗോപാലന്‍. കൈ വിരലുകളുടെ പിടിയില്‍ നിന്നും സമ്പാദ്യം പറന്നു പോയി. ത്യാഗം ചെയ്തു നശിക്കുന്നതിനെതിരെ ചേച്ചി രഹസ്യമായി അയാളെ താക്കീത് ചെയ്തു. 
  -മോനെ, നീ എന്റെ നെറ്റിയിലെ കരുവാളിച്ച ഒരു മുറിവിന്റെ അടയാളം കണ്ടോ? 
  അയാള്‍ ചെറുപ്പത്തില്‍ എറിഞ്ഞു പറ്റിച്ച മുറിവാണത്‌. ചേച്ചി അതിനു സ്നേഹത്തഴമ്പ് എന്ന് പേരിട്ടു. അവര്‍ പറഞ്ഞത് സ്നേഹത്തഴമ്പ് അവര്‍ക്കൊരലങ്കാരമാണെന്നാണ്.  അയാളുടെ നെഞ്ചു നീറി. 
  -നിന്റെ പണം ആ ദുഷ്ടനു കൊടുത്തു നീ ഇങ്ങനെ നശിക്കരുത്. 
 ചിതലരിക്കുന്ന വീടിന്റെ കഴുക്കോലുകളും വാതില്‍പ്പാളികളും ചൂണ്ടി അവര്‍ എത്ര തവണ ഓര്‍മ്മിപ്പിച്ചു  .
  -നിനക്കൊരു ജീവിതമില്ലേ ഗോപാലാ? 
  -എനിക്കു നിങ്ങളുണ്ടല്ലോ. എന്റെ ചേച്ചിയും കുഞ്ഞുങ്ങളും. 
  പച്ച പര്‍ദ്ദക്കപ്പുറം രാധച്ചേച്ചി സുഖം പ്രാപിക്കുകയായിരിക്കും. ചേച്ചിക്കെന്താണ്‌ പറ്റിയത്? ഭര്‍ത്താവും കുട്ടികളും എവിടെ?
  വാതില്‍ തുറന്ന നഴ്സ് വിളിച്ചു ചോദിച്ചു.  
  -കഞ്ഞിയുണ്ടോ? 
  ആള്‍ക്കൂട്ടം 'കഞ്ഞീ, കഞ്ഞീ' എന്നു പിറുപിറുത്തു. 
  ഗോപാലന്‍ അതിശയിച്ചു. ഇവിടെ രാധച്ചേച്ചിക്കിത്രയധികം ബന്ധുക്കളോ? കഞ്ഞിപ്പാത്രം നീട്ടാന്‍ രണ്ടു സ്ത്രീകള്‍ മത്സരിച്ചു. 
  -രാധച്ചേച്ചിക്കീ കഞ്ഞി കൊട്.
  -അതു കൈ വെഷമാ, ഇതു കൊട്. 
  ഒരു പാത്രം പിടിച്ചു വാങ്ങിക്കൊണ്ടു നഴ്സ് തിരിച്ചു പോയി. 
  ഏറെ നേരം കാത്തിരുപ്പ്. അയാള്‍ വാതിലില്‍ മുട്ടി വിളിച്ചു. ക്രൂദ്ധമായ നോട്ടത്തോടെ കതകു തുറന്ന നഴ്സിനോടയാള്‍ കെഞ്ചി. 
  -രാധച്ചേച്ചിയെ ഒന്നു കാണണം.
  ഒന്നും പ്രതികരിക്കാതെ, ദുഷ്ടമായ ഞരക്കത്തോടെ കതകടഞ്ഞു. സ്ത്രീകള്‍ പരസ്പരം ചോദിച്ചു:
  -ആരാടീ, ഈ പുതിയ ബന്ധു? 
  ഒരു വല്ലാത്ത ശബ്ദത്തോടെ അലാറം മുഴങ്ങുന്നതും കതകുകള്‍ വേഗം തുറന്നടയുന്നതും ഡോക്ടര്‍മാരും സഹായികളും ഓടി നടക്കുന്നതും വിയര്‍ക്കുന്നതുമൊക്കെ കാണായി.ഡോക്ടര്‍മാര്‍ സ്ഥലം വിട്ടപ്പോള്‍ ആര്‍ദ്ര നയനങ്ങളോടെ നഴ്സ് ആള്‍ക്കൂട്ടത്തെ അറിയിച്ചു.
  -ഹോപ്പില്ല.കഴിഞ്ഞുപോയി.
  കൂട്ടക്കരച്ചിലിനിടയില്‍ ഒരു സ്ത്രീ വിളിച്ചു പറഞ്ഞു: അവള്‍ടെ കഞ്ഞി കൊടുത്തപ്പഴേ അറിയാം. എല്ലാം പോയില്ലേടീ.
  മലര്‍ക്കെ തുറന്ന ഐ. സീ . റൂമിലേക്കയാള്‍ ഓടിച്ചെന്നു. ഭാഗ്യം. മരിച്ചത് അയാളുടെ രാധച്ചേച്ചിയല്ല. മറ്റാരോ ആണ്. സന്തോഷം പ്രകടിപ്പിക്കാനായി അയാള്‍ അപരാഹ്നത്തിന്റെ തളര്‍ച്ചയിലേക്കിറങ്ങി നടന്നു. വഴിവിട്ട തോന്നലുകളാണെല്ലാം എന്നാലോചിച്ചു കൊണ്ട് അയാള്‍ ആശുപത്രിക്കെട്ടിടത്തിന്റെ ഗാംഭീര്യം ആസ്വദിച്ചുകൊണ്ടു നടന്നു. രാധച്ചേച്ചിക്കു സുഖമില്ലെന്ന് ആരാണയാളോടു പറഞ്ഞത്. അയാള്‍ക്ക്‌ എത്തും പിടിയും കിട്ടിയില്ല. ഇത്രയും ദൂരം താണ്ടി വന്നിട്ട്  രാധച്ചേച്ചിയെയും കുട്ടികളെയും കാണാതെ പോകുന്നതെങ്ങിനെ? പക്ഷെ അവരുടെ ആ ദുഷ്ടനായ ഭര്‍ത്താവ്.  അയാള്‍ക്കു നല്‍കാന്‍ ഗോപാലനു സമ്പാദ്യം മിച്ചമൊന്നുമില്ലായിരുന്നു. പോകണോ, വേണ്ടായോ?. ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ അയാള്‍ കുഴങ്ങി. 
   അയാളെ പൊടിമണ്ണില്‍ കുളിപ്പിച്ചുകൊണ്ട് ഒരു കാര്‍ വന്നു നിന്നു.
   -മോനെ, ഗോപാലങ്കുട്ടീ.
   കാറില്‍ നിന്നും രാധച്ചേച്ചിയുടെ വിളി കേട്ട് അയാളുടെ പ്രായം നാല്‍പ്പതു വര്‍ഷം പുറകോട്ടു പോയി. ചേച്ചിയുടെ ഭര്‍ത്താവ് ഇറങ്ങിച്ചെന്ന് അയാളുടെ  കൈ കടന്നു പിടിച്ചുകൊണ്ട് അവിടെ നിന്നും അകന്നു മാറി. 
   -ഗോബാല്‍, നീ അവളെ കാണരുത്. ഒന്നും ചോദിക്കരുത്. രോഗം മൂര്‍ച്ചിക്കും.
   -പറ്റില്ല, പറ്റില്ല. 
   ഗോപാലന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ കൈ കുതറി മാറാന്‍ ശ്രമിച്ചു. അതു കണ്ടു രാധച്ചേച്ചിയുടെ മൂത്ത മകന്‍ ഓടിച്ചെന്ന് അയാളുടെ തോളില്‍ അമര്‍ത്തിപ്പിടിച്ചു
  -അമ്മാവാ. ഞങ്ങള്‍ അനുവദിക്കാതെ താന്‍ അവരെ കാണാന്‍ പോകുന്നില്ല. വന്ന വഴിക്കു പോകണം. 
   ഗോപാലന്‍ സ്തംഭിച്ചു പോയി. ആശുപത്രി വരാന്തയില്‍ ഒരൊഴിഞ്ഞ കോണില്‍ ടൂബുലൈറ്റിന്റെ വെള്ളി വെളിച്ചത്തില്‍ പൊരിഞ്ഞ് എത്ര നേരം അയാള്‍ അങ്ങനെ ഇരുന്നെന്നറിഞ്ഞില്ല.  കാലം അയാള്‍ക്കു മുമ്പിലൂടെ അയഥാര്‍ദ്ധമായ ഒരു തീവണ്ടിയില്‍ പായുകയായിരുന്നു. വര്‍ഷങ്ങള്‍ പൂത്തിരിയായി കത്തിയമരുന്നത് അയാളെ നടുക്കി. നടുക്കത്തിലും ഒരു നേര്‍ത്ത പുഞ്ചിരിയുടെ അടയാളം അയാളുടെ മുഖപേശിയില്‍ അവശേഷിച്ചിരുന്നു. അയാള്‍ക്കവിടം വിട്ടു പോകാന്‍ കഴിയുമായിരുന്നില്ല. ചേച്ചിയുടെ വിളിക്ക് കാതോര്‍ത്ത് അയാളങ്ങനെ ഇരുന്നു. അളിയന്‍ അടുത്തെത്തിയതായി തമ്പാക്കിന്റെ ദുഷ്ടമായ മണത്തില്‍ നിന്നും അയാള്‍ അറിഞ്ഞു.
   -നീ വിഷമിക്കരുത്, ഗോബാല്‍. 
   ചെറുപ്പത്തില്‍ ചേച്ചി എടുത്തുകൊണ്ടു നടന്നതും കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്തതുമെല്ലാം അയാള്‍ ഒരിക്കല്‍ക്കൂടി പറയാന്‍ തുടങ്ങിയപ്പോള്‍ ഗോപാലന്‍ തടഞ്ഞു.
  -ഇനി നിങ്ങള്‍ ഇങ്ങനെ പറഞ്ഞിട്ടു കാര്യമില്ല. എനിക്കിനി  സ്വത്തോ പണമോ ഒന്നും തരാന്‍ ബാക്കിയില്ല.
   അളിയന്‍ തമാശ അഭിനയിച്ചു. 
  -നീ കരുതുന്നതുപോലെ അവള്‍ക്കു നിന്നോടു സ്നേഹമില്ല. അവള്‍ നിന്നെ ശപിക്കാത്ത ദിവസമില്ല. 
   ഗോപാലന്‍ വെറുതെ ചിരിച്ചു. രാധച്ചേച്ചിയെ ഐ. സീ . റൂമില്‍ പ്രവേശിപ്പിച്ചു എന്നും ആ പച്ച പര്‍ദ്ദക്കപ്പുറം അവര്‍ നഴ്സുമാരോടു തമാശ പറഞ്ഞിരിക്കുകയാണെന്നും അളിയന്‍ പറഞ്ഞു.
   -നിന്നെ കാണാതിരിക്കാനാണ് അവള്‍ക്കിഷ്ടം. നീ പോയിക്കഴിഞ്ഞേ അവള്‍ പുറത്തു വരൂ. 
   ഗോപാലന്‍ നിസ്സംഗതയോടെ കേട്ടിരുന്നു. 
   -ചിലപ്പോള്‍ നിന്നെ പേടിപ്പിക്കാന്‍ അവള്‍ നേരെ മോര്‍ച്ചറിയിലേക്ക് നീങ്ങിപ്പോയെന്നും വരും. നീ ദുഷ്ടനായിത്തന്നെ അഭിനയിച്ചേക്കു. നിന്റെ ചേച്ചിയെ ചീത്ത പറഞ്ഞേക്ക്. അവളുടെ ദുഷ്ടതകള്‍ പിന്നേം പിന്നേം പറഞ്ഞു നിന്റെ ഉള്ളില്‍ ശത്രുത വളര്‍ത്ത്. 
   യാത്രക്കിടയില്‍ എപ്പോഴോ കഴിച്ച ഹോട്ടല്‍ ഭക്ഷണത്തോടൊപ്പം ഉള്ളില്‍ കടന്ന കീടാണുക്കള്‍  ഗോപാലന്റെ വയറ്റില്‍ പെറ്റുപെരുകിക്കൊണ്ടിരുന്നു. അയാള്‍ എരിയുകയായിരുന്നു. ഐ സീ റൂമില്‍
ഡോക്ടര്‍മാര്‍ ചേച്ചിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. 
  -ഗോബാല്‍ ഇനിയും ശത്രുത വളര്‍ത്തി വളര്‍ത്തി നീ ഇവിടെ നിന്നും അകന്നു പോ. അവള്‍ നിന്നെ കണ്ടാല്‍ വെറുപ്പുകൊണ്ടു മരിക്കും. നീ ഇനി അവളുടെ നെറ്റി എറിഞ്ഞു പൊട്ടിച്ച് അവളെ കൊല്ലുമെന്നവള്‍ ഭയക്കുന്നുണ്ട്.
   കരച്ചില്‍ പുരുഷനുള്ളതല്ലെന്നോര്‍ത്ത് ഗോപാലന്‍ എഴുന്നേറ്റു. ഐ സീ റൂമിലെ പച്ചത്തുണി ഒരിക്കല്‍ക്കൂടി മാറി. ജനം തള്ളിക്കൂടി. അയാളും അങ്ങോട്ടു പോയി. അളിയനും മക്കളുംകൂടി അയാളെ തള്ളി മാറ്റി.

നഴ്സു വാതില്‍ തുറന്നു പിടിച്ചു. 
  -രാധയുടെ കൂടെ വന്ന ഗോപാലന്‍കുട്ടി എവിടെ? 
  വാതിലിലേക്കയാള്‍  കുതിച്ചു. അളിയനെയും മക്കളെയും നഴ്സു തടഞ്ഞു. ഗോപലങ്കുട്ടിയെ കണ്ടാല്‍ മതി. 
   ചേച്ചിയുടെ നെറ്റിയിലെ സ്നേഹത്തഴമ്പു തിളങ്ങി നിന്നു. ഗോപാലന്‍ ഒരു കൊച്ചുകുഞ്ഞായി മാറി. ചേച്ചിയുടെ കണ്ണുകള്‍ തുളുമ്പി. അയാളുടെ മുഖത്തു തലോടി. 
  -മോനെ, നിന്നോടു ക്രൂരത കാറ്റില്‍ നീ പൊറുക്കണം. 
   അയാള്‍ മന്ദഹസിക്കാന്‍ ശ്രമിച്ചു. നഴ്സു ധൃതി കാട്ടി. 
  -മതി മതി. പുറത്തു പോകണം. 
   തുറന്നു വച്ച ഒരുജോടി കണ്ണുകള്‍ അയാളെ പിന്തുടരുന്നുണ്ടായിരുന്നു. അയാളുടെ കാഴ്ചയിലേക്ക് പച്ചത്തുണിത്തുണ്ടം ആരോ വലിച്ചിട്ടു. 
  

1 comment:

SDS BABU said...

good story.