Tuesday, March 6, 2012

ജന്മവാസന

    തകര്‍ക്കപ്പെട്ട ശിരസ്സ്‌. കണ്ണുകളെ നനച്ച് കവിളിലൂടെ ഒഴുകിയിറങ്ങുന്ന ചുവപ്പ്.  രക്തത്തില്‍ കുളിച്ചു നില്‍ക്കുകയാണ് ഗുരു.
    ഇരുമ്പുവടി വലിച്ചെറിഞ്ഞ് സാധുദാസ് കിതച്ചു. രക്താഭിഷിക്തനായി  മുമ്പില്‍ നിന്നാടുന്ന ഗുരു അടുത്ത നിമിഷത്തില്‍ത്തന്നെ തകര്‍ന്നു വീഴുമെന്നയാള്‍ കരുതി. സ്വയം നിയന്ത്രിക്കാനായി സാധുദാസ് കണ്ണടച്ചു നിന്നു. എത്രനേരം അങ്ങനെ നിന്നു പോയി എന്നയാള്‍ക്കോര്‍മ്മയില്ല. വീണു കിടക്കുന്ന ഗുരുവിനെ കാണാനായി അയാള്‍ കണ്ണ് തുറന്നു. അയാളെ ഭയപ്പെടുത്തിക്കൊണ്ട് ഒരു രക്ത സ്തംഭമായി മാറിയ ഗുരു അവിടെത്തന്നെ നിന്നിരുന്നു, പൊട്ടി വീണേക്കാവുന്ന ചുവന്ന ചിരിയോടെ.
      സാധുദാസ്‌ കൈ മണത്തു. ചോരത്തുള്ളിയുടെ മണം അയാളെ ഉണര്‍ത്തി. അയാള്‍ മുന്നോട്ടാഞ്ഞ്‌ ഗുരുവിന്റെ കഴുത്തില്‍ ഇറുകെപ്പിടിച്ചു. മഞ്ഞുകട്ട പോലെ തണുത്ത കഴുത്തില്‍ തൊട്ടപ്പോള്‍ അയാള്‍ക്ക്‌ ബോധ്യമായി: ഗുരു മരിച്ചിരിക്കുന്നു. അല്ല, അയാള്‍ സ്വയം തിരുത്തി: മരിച്ചു നില്‍ക്കുന്നു. അലര്‍ച്ചയോടെ അയാള്‍ ഗുരുവിനെ തള്ളി വീഴ്ത്താന്‍ ശ്രമിച്ചു. ഗുരു ആടിയുലഞ്ഞ്‌ അതേ നിലയില്‍ നിന്നു. പൊട്ടിച്ചിതറിയ രുദ്രാക്ഷമണികള്‍ സീല്‍ക്കാരം മുഴക്കിക്കൊണ്ട് ആ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും  ഉരുണ്ടുകൊണ്ടേയിരുന്നു. 
     സാധുദാസ്‌ തറയിലിരുന്നു പോയി. അയാള്‍ രക്തം പുരണ്ട കൈത്തലം കൊണ്ട് മുഖത്തടിച്ചു വിലപിച്ചു. വിലാപത്തിനിടെ അയാള്‍ ഗുരുവിന്റെ വാക്കുകള്‍ ഉരുവിട്ടു.   
     'സാധുദാസ്, ചോരയ്ക്കു ലഹരിയുണ്ട്'.
     അരമണിക്കൂര്‍ മുമ്പ് സാധുദാസിന്റെ മുറിയുടെ അവസ്ഥ 
ഇതൊന്നുമായിരുന്നില്ല. പ്രഭാതത്തിലെ പതിവുകള്‍ക്കു ശേഷം ശുദ്ധമായ മനസ്സോടെ ഓരോന്നാലോചിച്ചിരിക്കുകയായിരുന്നു  സാധുദാസ്. ജന്മവാസനകളെ നിയന്ത്രിക്കാനോ നിഹനിക്കാനോ കഴിയുമെന്ന് തെളിയിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അയാള്‍. ഒരു മാസത്തിനുള്ളില്‍ തീസിസ് സമര്‍പ്പിച്ചേ പറ്റു എന്ന കടുംപിടുത്തത്തിലാണ് ഡയറക്ടര്‍ സ്വാമികള്‍. സാധുദാസിന്റെ കൂട്ടുകാര്‍ എത്രയോ മുമ്പേ പാഞ്ഞുകയറിയിരിക്കുന്നു.അവര്‍ കൂടുതല്‍ സമര്‍ഥരായിരുന്നു. (ആകട്ടെ, പക്ഷെ, ഇത്തരം ഒരു വിഷയം തെരഞ്ഞെടുക്കാന്‍ ഈ സാധുദാസിനു മാത്രമേ ധൈര്യമുണ്ടായിരുന്നുള്ളൂ-സാധുദാസ് ദൈവത്തെ സ്തുതിച്ചു) 
     പഠനം കഴിഞ്ഞ്‌ അവര്‍ ആശ്രമത്തില്‍ ഒഴിവുകാലം കൊണ്ടാടുകയാണ്. 
     'നീ ഒരു സാധുമൃഗം തന്നെ. ഗവേഷണത്തിന് വേറെ എന്തെല്ലാം വിഷയമാകാമായിരുന്നു നിനക്ക്? ഉദാഹരണത്തിന്, കഴുതക്കുള്ള മുതിര എത്ര നേരം വേവിക്കണം.'
     പരിഹാസം അയാളെ തളര്‍ത്തിയില്ല. അയാള്‍ക്കറിയാം, അവര്‍ നാലുപേരും സ്നേഹമുള്ളവരാണ്. 
     തുളസിചെടികളെ തഴുകി എത്തിയ ഒരു കുളിര്‍കാറ്റു കടന്നു പോയി. വാതുക്കല്‍ ഗുരുവിന്റെ നിഴല്‍ കണ്ടതും സാധുദാസ് എഴുന്നേറ്റു നിന്നു വന്ദിച്ചു. ഗുരു ഇരുന്നില്ല. ഗുരു വിയര്‍ക്കുന്നുണ്ടായിരുന്നു. ഗുരു തളരുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍, ഇടതടവില്ലാത, അര്‍ഥരഹിതമായ വാക്കുകള്‍ കേട്ട് സാധുദാസ് വിസ്മയിച്ചു. ഈ ഗുരു എന്റെ  ഗുരുവല്ലാതായോ ഗുരുവേ?.
     അയാള്‍ ചോദിക്കാത്ത ചോദ്യം ഗുരു കേട്ടു.
     'ഉണ്ണീ, സാധു, കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ചയാണ് ഞാന്‍ കണ്ടത്. എന്റെ കണ്മുമ്പില്‍ വച്ച് അത് നടന്നിട്ടു പത്തു മിനിട്ടു കൂടി ആയില്ല. അതിന്റെ ഭയപ്പാടുകള്‍ എന്റെ വ്രതശുദ്ധിയെക്കൂടി കെടുത്തിക്കളഞ്ഞു, മകനെ'  
     നിരന്തരവും നിരാമയവുമായ ശക്തിവിശേഷത്തില്‍ മനസ്സുകൊണ്ടള്ളിപ്പിടിച്ചുകിടന്നാണ് കഴിഞ്ഞ പത്തു മിനിട്ടു നേരം കൊണ്ടു ഗുരു വര്‍ത്തമാനത്തിലേക്ക്  നീന്തിത്തുടിച്ചെത്തിയത്.
     'സാധു, ആ ദുഷ്ടന്മാര്‍ ചിലപ്പോള്‍ എന്നെയും കൊന്നു കളയും. എങ്കിലും വേണ്ടില്ല. ആ കൊടും പാപത്തിനു ദൃക്സാക്ഷി ആകേണ്ടി വന്നല്ലോ, ഈശ്വരാ, എനിക്ക്.'
     സാധുദാസ് ആശ്വസിപ്പിച്ചു. ഗുരുവിനെന്തോ തരക്കേടു പറ്റിയിരിക്കുന്നു. എന്തോ മിഥ്യാബോധമോ, ഭ്രമക്കാഴ്ചകളോ അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടെന്നു സാധുദാസ് കരുതി. 
     ഗുരു എല്ലാം പറഞ്ഞു. ചോര. ചോരക്കഥ തന്നെ. പരിഷ്കൃത മനുഷ്യന്‍ കേട്ടു പഴകിയ സംഭവങ്ങളുടെ തനിയാവര്‍ത്തനം. കൃഷ്ണ എന്ന പെണ്ണിനെ നാല് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. മൂന്നു മൃഗങ്ങള്‍ നോക്കി നില്‍ക്കെ ഒരു മൃഗം എന്നായിരുന്നു ചിട്ട. ഒടുവില്‍ മൃഗങ്ങള്‍ വസ്ത്രം ധരിച്ചു പോകാന്‍ തുടങ്ങിയതായിരുന്നു. ബോധം വീണ പെണ്ണ്  അവരുടെ പേരുകള്‍ പറഞ്ഞു നിലവിളിച്ചു. വസ്ത്രം ധരിച്ച മൃഗങ്ങള്‍ വിറകു കൊള്ളിയെടുത്ത് അവളുടെ തല ത ല്ലിത്തകര്‍ത്തു. ഗുരു ആ രംഗം കണ്ടുകൊണ്ടാണ്  ധ്യാനാലയത്തില്‍ നിന്നും തിരിച്ചെത്തിയത്‌. 
     'സാധു, ഇത് സത്യമാണ്. ഞാന്‍ കണ്ട സ്വപ്നമല്ല'
     ' ഇല്ല ഇത്തരമൊരു കാഴ്ച അങ്ങേക്കുണ്ടായില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു'.
     ഗുരുവിനറിയേണ്ടിയിരുന്നത് ആ ദുഷ്ടന്മാര്‍ ആരാണെന്നു സാധുടാസിന് ഊഹിച്ചു പറയാന്‍ കഴിയുമോ എന്നാണ്. ഭയപ്പാടിനിടയിലും ആ യുവാവിന്റെ ധര്‍മ്മാധര്‍മ്മബോധത്തിന്റെ ശക്തി പരീക്ഷിക്കാന്‍ തന്നെ ഗുരു തീരുമാനിച്ചു. സാധുദാസിന്റെ ജിജ്ഞാസ ഗുരുവിനു കൌതുകമായി. 
    'ജന്മവാസനകളാണല്ലോ നിന്റെ വിഷയം.'
    സാധുദാസ് ഓരോ പേരുകള്‍ പറഞ്ഞു തുടങ്ങി. 
    'നമ്മുടെ പാചകശാലയിലെ തൊഴിലാളികള്‍.'
    ഗുരു ചിരിച്ചു. വിറകുകൊള്ളി എടുത്തടിച്ചു എന്ന് പറഞ്ഞപ്പോള്‍ സാധുമനുഷ്യന്‍ തെറ്റായി ഊഹിച്ചതാണെന്ന് ഗുരു കളിയാക്കി. 
    'നമ്മുടെ ഡ്രൈവര്‍മാര്‍. നമ്മുടെ അലക്കുകാര്‍. പരിചാരകര്‍'.
    ഗുരുവിന്റെ മുഖത്തെ ഭയപ്പാടുകള്‍ മാഞ്ഞു തുടങ്ങിയിരുന്നു. അദ്ദേഹത്തിനറിയേണ്ടതു മാറ്റൊന്നാണ്.
    'സാധു, ഇവരാരുമല്ല. ആരായാലും നിനക്കവരെക്കുറിച്ചെന്തു തോന്നുന്നെന്നു പറയൂ.'
    'ശിക്ഷ, കടുത്ത ശിക്ഷ നല്‍കണം. നിയമത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടാലും നമുക്ക് ശിക്ഷിക്കണം.'
    അത് തെറ്റാണെന്നും വിധി എന്നും അവരെ പിന്തുടരുമെന്നും സര്‍വ്വത്തിനും സാക്ഷിയായവന്‍ വേണ്ടതു ചെയ്യുമെന്നും ഗുരു പറഞ്ഞു. സാധുദാസിനു യോജിക്കാനായില്ല. 
     'ഗുരോ, അത്തരമൊരു സംഭവം നടന്നു കാണില്ലെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഒപ്പം എന്റെ ഗുരു അസത്യം പറഞ്ഞിട്ടില്ലെന്നും.'
     എന്നിട്ടും അയാള്‍ വീണ്ടും വീണ്ടും ഗുരുവോടപേക്ഷിച്ചു. 
     'ആ നരാധമന്മാര്‍ ആരായിരുന്നു?'
     അവരുടെ പേരു പറഞ്ഞാല്‍ സാധുദാസിനു കടുത്ത ദു:ഖമുണ്ടാകുമെന്നു ഗുരുവിനറിയാമായിരുന്നു. 
     'ആരായിരുന്നാലും  ഞാനവരെ വെറുതെ വിടില്ല. വിശുദ്ധി നിറഞ്ഞ ഈ ജീവിതം കൈവെടിഞ്ഞും ഞാനവരെ ശിക്ഷിക്കാന്‍ തയ്യാറാണ് ഗുരുവേ അങ്ങ് പറയൂ '.
     ഗുരു നിസ്സഹായനായി. എങ്ങിനെ പറയാതിരിക്കും?
     'സാധു നിന്റെ കൂട്ടുകാര്‍ തന്നെ'
     അദ്ദേഹം പറഞ്ഞ ആ നാലു പേരുകള്‍ കേട്ടപ്പോള്‍ അയാളുടെ ഭാവം മാറി. 
     'സത്യമോ? കൊല്ലും ഞാന്‍'.
     ഗുരു സമാധാനിപ്പിച്ചു. 
    'വേണ്ട മകനെ, ഈശ്വരന്‍.....'
    സാധുദാസ് ഒന്നും കേട്ടില്ല. അയാള്‍ വിശക്കുന്ന കടുവ ആയി മാറി. അയാള്‍ ഇരുമ്പു വടിയെടുത്തു. തടയും മുമ്പ് തന്നെ അയാള്‍ ഗുരുവിന്റെ തല തകര്‍ത്തു കളഞ്ഞു. 
    പൊട്ടിച്ചിതറി വീണ രുദ്രാക്ഷ മണികളില്‍ ചവിട്ടാതെ സാധുദാസ് മുറിക്കു വെളിയിലേക്ക് നടന്നു. ചോര. കയ്യിലെ ചോര എന്ത് ചെയ്യും? അപ്പോഴേക്കും അട്ടഹാസങ്ങളോടെ   ആളുകള്‍ ഓടിയെത്തി അയാളെ മുറിക്കുള്ളിലാക്കി. 
    'സാധുദാസ് ഗുരുവിനെ കൊന്നു കളഞ്ഞു. പോലീസിനെ വിളിക്ക്. അവന്‍ കൃഷ്ണയെ തലക്കടിച്ചു കൊന്നതും ഇതുപോലെയാണ്. അവന്‍ രക്ഷപ്പെടരുത്‌. ബോണ്‍ ക്രിമിനല്‍.'
    കൂട്ടുകാരുടെ വാക്കുകള്‍ സാധുദാസ് വ്യക്തമായി കേട്ടു. പൂട്ടിയ മുറിക്കുള്ളില്‍ ചുവന്ന ചിരി പൊട്ടി വീണു. ഗുരുവിന്റെ ശവം ആടിയുലഞ്ഞ്‌ താഴേക്കു വീണു കഴിഞ്ഞിരുന്നു. 

No comments: