Thursday, March 15, 2012

ഒളിയുദ്ധങ്ങള്‍


        മഴപെയ്യാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ജേക്കബ്ബിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.  കഴിഞ്ഞ പത്തു വര്‍ഷമായി തന്നെ ചൂഴ്ന്നു നിന്ന മരണഭയം ഒഴിഞ്ഞു പോയതായി ജേക്കബ്‌ ഇനിയും വിശ്വസിക്കുന്നില്ലെന്നയാള്‍ കണ്ടു പിടിച്ചു.  ദൗര്‍ഭാഗ്യം കൊണ്ടു പ്രസ്ഥാനം പിളരുകയും പരസ്പരം കൊല്ലുന്ന രണ്ടു ചേരികളിലാവുകയും ചെയ്ത ആ പഴയ കൂട്ടാളികളുടെ ഒത്തു ചേരലായിരുന്നു അവിടെ. ബാറുടമ പ്ലാസ്റ്റിക്‌വള്ളികളും ഇലച്ചാര്‍ത്തുമുള്ള കൃത്രിമക്കുടില്‍ ഒരുക്കിയിരുന്നു.   ജേക്കബ്ബിനെ കൊല്ലാന്‍ ഉത്തരവിട്ട നേതാവ് പ്രസ്ഥാനം വിട്ടു പ്രതിലോമകാരികളുടെ  കൂടെ ചെര്‍ന്നെന്നും കൊലവിളി ഒരു കുമിളയായി അപമൃത്യു വരിചെന്നും അയാള്‍ പറഞ്ഞു. പിന്നെ ഇങ്ങനെയും:നീ ചിരിച്ചേ,  അങ്ങനെ, ഹ ഹ ഹാ.  കാരണം ചിരി ഒരു മരുന്നാണ്. 


     വിണ്ടു കീറിയ മനസ്സുകളില്‍ സ്നേഹം മഴയായി പെയ്യാന്‍ തുടങ്ങി.  ഓര്‍മ്മയുടെ പതുപതിപ്പില്‍ അവര്‍ തെറ്റുകള്‍ ഏറ്റുപറയാന്‍ തുടങ്ങി. സന്ത്വനിപ്പിക്കാനും.  സ്നേഹം മഴയാണ്. മഴ ലഹരിയും. ജട കെട്ടിയ മുടിയിഴകള്‍ വിടര്‍ത്തിക്കൊണ്ടിരുന്ന ജേക്കബ്ബിന്റെ വിരലുകള്‍ കഴിഞ്ഞ ദിവസം വരെ തനിക്കെതിരെ കാഞ്ചിയില്‍ അമര്‍ന്നിരിക്കുകയായിരുന്നെന്ന് അയാള്‍ ഓര്‍ത്തു.അയാള്‍ വീണ്ടും മദ്യം ഒഴിച്ചു കൊടുത്തു. 
    പോയ കാലം നമ്മുടേതല്ല.  ഭാവിയിലേക്കുനോക്കൂ, നമുക്കിടയില്‍ ഇനി ശത്രുവില്ല. ഭൂതകാലം ഒരു മിഥ്യയാണ്‌. 
    അയാള്‍ കൂടുതല്‍ വിവേകിയാകുന്നതു  വിലക്കാനെന്നോണം സെല്‍ ഫോണ്‍ ശബ്ദിച്ചു:ഇങ്ങോട്ടൊന്നും പറയരുത്. എല്ലാം അനുസരിച്ചാല്‍ മതി. 
     അയാള്‍ക്കതു കഴിയുമായിരുന്നില്ല. വേണമെങ്കില്‍ ഒരു കുപ്പി കൂടി വിഴുങ്ങിയിട്ട് ചുവന്ന കണ്ണുകളോടെ ഒരു പഴയ ഗാനം, ഒരു വിരഹ ഗാനം തന്നെ പാടി, ആ പ്ലാസ്റ്റിക്‌ ഇലച്ചാര്‍ത്തുകളില്‍ കണ്ണീര്‍പ്പൂ വിരിയിക്കാന്‍ അയാള്‍ക്ക്‌ കഴിയുമായിരുന്നു. പത്തു വര്‍ഷം കാത്തിരുന്നത് ജേക്കബിനെ കൊല്ലാനല്ല, തിരിച്ചു കിട്ടാനായിരുന്നു.  സെല്‍ ഫോണ്‍ എന്ത് പറഞ്ഞെന്നു ജേക്കബ്‌ ചോദിക്കാതിരിക്കാനായി അയാള്‍ വിഷയം മാറ്റി. 
     ജേക്കബ്‌, ആ പൊരിച്ച മുയലിറച്ചി കഴിച്ചില്ലല്ലോ.  നിങ്ങള്‍ വല്ലാത്ത ഒരു കുടിയന്‍ തന്നെ.  
     ഞാന്‍, ഓര്‍ക്കുകയായിരുന്നു. ഭൂതകാലം അസത്യമാണെന്ന ചിന്ത ഭയാനകമാണ്. ചരിത്രത്തിലെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ ഐക്യ  പ്പെടലിലൂടെ  നമുക്കെന്തു ചെയ്യാന്‍ കഴിയും? 
     ജേക്കബിന്റെ ചോദ്യം കേട്ട് അയാള്‍ നടുങ്ങി.  അയാള്‍  സ്വയം ചോദിച്ചു. ഞാന്‍ എങ്ങിനെ ഈ പാവത്തിനെ കൊല്ലും?
     ജേക്കബ്‌ അയാളുടെ വിയര്‍പ്പും മണ്ണും കുഴഞ്ഞു പറ്റിയ കൈത്തലങ്ങളിലേക്ക് ചാഞ്ഞ്‌ ഉറക്കം പിടിച്ചു. 
     ജേക്കബിന് കൊതിച്ച സ്വാതന്ത്ര്യം കിട്ടിയെന്നു അയാളോര്‍ത്തു.  സെല്‍ഫോണ്‍ വീണ്ടും വിളിച്ചു: പറഞ്ഞത് ചെയ്തില്ലെങ്കില്‍ ശിക്ഷ ഒഴിവാക്കാനാവില്ല. അയാള്‍ ധ്യാനിക്കാന്‍ തുടങ്ങി. വേണം, കൊല്ലാനൊരു കാരണം.  മദ്യം ഒരു പുതപ്പാവട്ടെ.  അയാള്‍ അതണിഞ്ഞു. (ജേക്കബ്‌, കഴിഞ്ഞ പത്തു വര്‍ഷമായി നീ പ്രസ്ഥാനത്തിന്റെ ശത്രുവാണ്. നമ്മുടെ പ്രസ്ഥാനങ്ങള്‍ ഒന്നായതും, പൊതു ശത്രുവുമായി രമ്യതയിലായതും, വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതും നേരായിരിക്കാം. നേര് ഏപ്പോഴും നേരായിരിക്ക മെന്നില്ലല്ലോ.  അതുകൊണ്ട് പഴയ ഉത്തരവ് നടപ്പാക്കേണ്ടതുണ്ട്.)
     ഗ്ലാസിലെ മദ്യം വീണ്ടും വിഴുങ്ങിയിട്ട് അയ്യാള്‍ പിസ്റ്റലെടുത്ത് ജേക്കബിന്റെ ചങ്കിനു നേരെ കാഞ്ചി വലിച്ചു.  ഒരാളെ കൊല്ലാന്‍ ഏറ്റവും നല്ല സമയം അയാള്‍ ഒരു കുട്ടിയെപ്പോലെ  സ്വപ്നം കണ്ടുങ്ങുമ്പോഴാണ്‌.ദയനീയമായ,നിശബ്ദമായ ഒരു മരണം.സെല്‍ഫോണെടുത്ത് അയാള്‍ അലറുകയായിരുന്നു:എല്ലാം പറഞ്ഞതു പോലെ.  ഓപ്പെറേഷന്‍ സക്സസ് .   
     മേശപ്പുത്തുകൂടി മദ്യം ഒഴുകിയൊഴുകി മാര്‍ബിള്‍ത്തറയിലേക്ക് ഇറ്റുവീഴാന്‍തുടങ്ങി. പ്ലാസ്റ്റിക്‌ ഇലപ്പടര്‍പ്പുകളില്‍ ബാര്‍ ഉടമയുടെ മുഖം തെളിഞ്ഞു മാഞ്ഞു.  ചാല്‍ കീറിയത് മദ്യമെന്നത് തോന്നലായിരുന്നു. ചോരയുടെ ചാല്‍, മഴയായല്ല, നദിയായി പുളച്ചൊഴുകുകയായിരുന്നു.  
     കയ്യില്‍ സെല്‍ ഫോണല്ല, ഒരു കറുത്ത വിഷജീവി.  അതയാളോടു പറയാന്‍ തുടങ്ങി.
     ജേക്കബിന്റെ കൊലപാതകത്തിലൂടെ പ്രസ്ഥാനത്തിന്റെ ഐക്യത്തിന് തുരങ്കം വച്ച നിന്നെ പുറത്താക്കിയിരിക്കുന്നു.  ഇനി ഞങ്ങളുടെ കുട്ടികള്‍ നിന്നെ കൈകാര്യം ചെയ്യും.  
     പിന്നെ ഉയിരുള്ള ചിരി. 
  പക്ഷെ, വധിക്കാന്‍ ഉത്തരവിട്ടത് നിങ്ങളല്ലേ? 
     ചിരിമുഴക്കം വാക്കുകളായി. 
     അതാവശ്യമായിരുന്നു, നീ ഒരനാവശ്യവും. 
    അയാള്‍ കണ്ടു. ചോര നദിയാണ്. നദി ലഹരിയും സ്നേഹവുമാണ്.
     ഒറ്റുകാരന്റെ റോളില്‍ ശിക്ഷാവിധിയുടെ തലക്കുറിയും പേറി അയാള്‍ ഒളിജീവിതത്തിലേക്കു തന്നെ തിരിച്ചുപോയി. 
     

No comments: