Thursday, March 1, 2012

മൃഗയ




             ണങ്കാലില്‍ പഴുത്തുപൊട്ടിയ വ്രണം വിരിച്ച് കാട്ടിയിട്ട് മുരുകന്‍ പറഞ്ഞു: ഇപ്പോള്‍ മൃഗയ, ഒരു വിനോദമല്ലാതായിട്ടുണ്ട്. താങ്കള്‍ എന്നെ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കില്‍ കാലുകളില്‍ മാത്രമല്ല ശരീരം മുഴുവന്‍  വ്രണങ്ങള്‍ വിരിഞ്ഞ ഒരു പൂന്തോട്ടമായി ഞാന്‍ മാറുമായിരുന്നു.
             മുരുകന്‍ വേട്ടയ്ക്കൊരുമകനാണ്. വേട്ട മൃഗമായവന്‍.  അയാളെ വേട്ടയാടാന്‍ മറ്റൊരുവനുണ്ട്.  അത് അനന്തുവാകുന്നു.  അനന്തു മുരുകന്റെ അനുജനാകുന്നു. മുരുകന്‍ കഴിഞ്ഞ ആറു മാസമായി കുന്നിന്മണ്ടയിലെ സ്നേഹാലയത്തിലായിരുന്നു. സ്നേഹം എന്ന് പേരുള്ള ലായം. അതാണ്‌ മുരുകന്റെ വ്യാഖ്യാനം. കുതിരയോ, കഴുതയോ അല്ലായിരുന്നിട്ടും മുരുകന്‍ ലായത്തിലായി. അവിടെ അയാള്‍ക്ക്‌ പച്ചറൊട്ടി ഒരോമുറി വീതം രണ്ടു നേരം നല്‍കി പോന്നു. രാത്രിയില്‍ അയാള്‍ക്ക്‌ വേണ്ടി പുഴുക്കള്‍ ചത്തു മലച്ച കഞ്ഞിയുണ്ടായിരുന്നു.  അയാളെപ്പോലെ പത്തു പേരുണ്ടായിരുന്നു അവിടെ ജോലിക്കാരായിട്ട്.  അല്ലെങ്കില്‍ പത്തു മുരുകന്മാര്‍. എല്ലാവര്‍ക്കും കയ്യിലോ കാലിലോ പഴുത്ത മുറിവുമുണ്ടായിരുന്നു.  അതായിരുന്നു ഐഡന്റിറ്റി.  
                മൂന്ന് നിലകളും മുപ്പത്താറു മുറികളും ഇരുന്നൂറ്ററുപത് ആത്മീയ തടവുകാരുമുള്ള  കൂടാരമായിരുന്നു സ്നേഹാലയം. കക്കൂസ് വൃത്തിയാക്കി വൃത്തിയാക്കി മുരുകന് കൈകളുടെ മണം നഷ്ടപ്പെട്ടു. അയാള്‍ ആ വിനോദത്തിന്റെ താഴ്വരയില്‍ നിന്ന് എന്നോടൊപ്പം ഒളിച്ചുപോന്നതാണ്. ദിവസം രണ്ടു മുറി പച്ചറൊട്ടി നഷ്ടം. ചൂടുകഞ്ഞിയിലെ ചത്ത പുഴുക്കള്‍ ഭാഗ്യവാന്മാര്‍. സുവിശേഷം കേട്ട് മുരുകന്റെ ചെവിയുടെ വൈഭവം പോയി. അതിപ്പോള്‍ എല്ലാ ശബ്ദങ്ങളേയും  സംശയിക്കുന്നു. നിങ്ങള്‍ ദൈവത്തോട് അടുക്കുമ്പോള്‍ മനുഷ്യരെ ഭയപ്പെട്ടവരാകുന്നു . ഇതാകുന്നു മുരുകന്റെ ദര്‍ശനം. 
             സ്നേഹാലയത്തിലെ ഒരു ചടങ്ങില്‍ വച്ച്  മറ്റുള്ളവരെ സ്നേഹിക്കാനും അഭയം തേടുന്നവരെ രക്ഷിക്കാനും കൊടുത്ത എന്റെ ഉപദേശത്തിന് അറം പറ്റി. എന്നെ വീട്ടിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്ന വണ്ടി തടഞ്ഞു നിര്‍ത്തിയിട്ട് മുരുകന്‍ ചോദിച്ചു: സ്വന്തം ഉപദേശം താങ്കളെങ്കിലും ചെവിക്കൊള്ളുമോ? 
എന്റെ ചിരി അയാള്‍ക്ക്‌ അനുമതിയായി. അയാള്‍ വേഗം വണ്ടിയില്‍ കയറി എന്നോടൊപ്പം പോരുകയായിരുന്നു. വ്രണം തടവിക്കൊണ്ട് അയാള്‍ നന്ദിനിപ്പശുവിന്റെ  കഥ പറഞ്ഞു. അവന്റെ വീട്ടില്‍ നന്ദിനിപ്പശുക്കള്‍ ചത്തുകെട്ടും  പിറന്നും തുടര്‍ന്നുപോന്നു. പേരിടുന്നത് അമ്മയായിരുന്നു. എല്ലാത്തിന്റെയും പേര് നന്ദിനി എന്നായിരുന്നു.  അമ്മയ്ക്ക് അനന്തുവിനെക്കാള്‍ മുരുകനെ ആയിരുന്നു ഇഷ്ടം. മുരുകന്‍ എം. എ. ചരിത്രം പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അനന്തു    അറബിനാട്ടില്‍ പോയി. മലയാളവും ഇംഗ്ലീഷും പോയകാലത്തെ ചരിത്രവും കൊണ്ട് കേടായ  വണ്ടികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് അവന്‍ ചെറുപ്പത്തില്‍ തന്നെ മനസ്സിലാക്കിയിരുന്നു. അനന്തുവിന്റെ വിരല്‍ സ്പര്‍ശം ചത്ത വണ്ടികളുടെ യന്ത്രമനസ്സുകളെ ഉണര്‍ത്തിയോടിച്ചു.  അവന്‍ അനന്തുമേശരി ആവുകയും അവനു ധാരാളം പണം ഉണ്ടാകുകയും ചെയ്തു. റിയാലും ഡോളറുമായി അവന്റെ അക്കൌണ്ടുകള്‍ വളര്‍ന്നുവന്നു.   അനന്തു മുരുകന്റെ ചരിത്ര പുസ്തകങ്ങളുടെ തടിപ്പു കണ്ട് അറബിയില്‍ ചിറി കോട്ടി കാണിച്ചു. 
           അതേയ്.. ഇയാള് പഠിച്ചു പുണ്ണാക്കു
 തിന്ന്‌. ഇനീം ജീവിതം തുടങ്ങുന്നതെന്നാ ?. 
           മുരുകന്‍ മേല്‍മീശ വായുടെ ഇരുവശത്തേക്കും മാടിയൊതുക്കിക്കൊണ്ടിരുന്നു. ഒരാള്‍ ജീവിതം എപ്പോഴാണ് തുടങ്ങുന്നതെന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്‌ പിടികിട്ടിയില്ല.                                            അനന്തുവിന്റെ വിവാഹ ദിവസം വൈകിട്ട് ചേട്ടന് ഒരു ഗ്ലാസില്‍ വൈറ്റ് റം ഒഴിച്ചു കൊടുത്തിട്ട് അനന്തു ഉപദേശിച്ചതിങ്ങനെയായിരുന്നു. 
        ' ചേട്ടാ, കല്യാണം കഴിക്കുന്ന ദിവസം തുടങ്ങുന്നതാണു  ജീവിതം.'  
         അടുത്ത ദിവസം രാവിലെ അനന്തു ആ ചരിത്ര പാഠശാലയിലേക്കു കയറിച്ചെന്ന് നമസ്തേ പറഞ്ഞു.  പുതുമോടിക്കാരന്റെ നമസ്തേ കേട്ട് മുരുകന്‍ അതിശയിച്ചു.  അയാള്‍ അപ്പോള്‍ വായിച്ചുകൊണ്ടിരുന്ന നോവല്‍ ബുക്കിലെ സംഭാഷണ ശൈലിയില്‍ ഒരു ചോദ്യമിട്ടു കൊടുത്തു. 
         'ദെന്തു പറ്റി എന്റനന്തങ്കുട്ട്യെ,  ആകെ ഒരു     ചേലുകേടു പോലെ.'
          മുരുകന്റെ ഭാഷ മാറിപ്പോയതു കേട്ട് അനന്തു അന്ധാളിച്ചു. 
        ' കൊച്ചാട്ടന്റെ സമിസാരത്തിനൊരു വിത്ത്യാസം,  അമ്മെ, അമ്മച്ചിയേ..'
         ആ വ്യത്യാസം ഊതിപ്പെരുക്കി അനന്തു എല്ലാവരോടും പറഞ്ഞു നടന്നു.
        ' മുരുകന്‍ കൊച്ചാട്ടനു പ്രാന്താ.  തങ്കക്കൊടം പോലുള്ള എന്റെ പെണ്ണിനെ കണ്ടപ്പോ തൊടങ്ങീതാ.  ഓരോന്നിനും ഓരോ സമയമുണ്ടേയ്‌.  ഇപ്പൊ കണ്ടോ പ്രാന്താ.'
        അവന്‍ അമ്മയോടാലോചിച്ചു. ആരെക്കൊ ണ്ടെങ്കിലും ഉഴിഞ്ഞു മാറ്റണം. അമ്മ അനുകൂലിക്കാതിരുന്നപ്പോള്‍ അനന്തുവിന് കോപം വന്നു. അവനു  സൗദിക്കു തിരിച്ചു പോകണം.  തങ്കക്കുടം കഴിയുന്നിടത്ത് ഒരു ഭ്രാന്തനെ എങ്ങനെ വെച്ചുകൊണ്ടിരിക്കും.  തങ്കക്കുടവും അവനും കൂടി അമ്മയോടു പടപ്പുറപ്പാടായി. അതു പറഞ്ഞപ്പോള്‍ മുരുകന്റെ ചിരിയില്‍ കണ്ണീര്‍ കാണായി.  അനന്തുവിനെ പേടിച്ച് അമ്മ വീടൊഴിഞ്ഞു പോയി.  അമ്മയും കഴുത്തിലെ മൂന്നര പവനുള്ള ചെയിനും കൂടി താമസം മാറി. മുരുകന് മുഴു ഭ്രാന്ത്.  
             മേല്‍മീശ തടവിക്കൊണ്ട് അയാള്‍ എല്ലാവരോടും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. 
             നോക്ക്. പഠിച്ചത് കുറ്റമായോ.  തൊഴിലില്ലാതെ, പട്ടിണി കിടക്കുമ്പോള്‍ പ്രതിഷേധിച്ചു പോയാല്‍ ഭ്രാന്താണെന്നു നിങ്ങള്‍ പറയും.  എല്ലാവരും സാങ്കേതിക വിദ്യാഭ്യാസം ചെയ്താല്‍ മനുഷ്യത്വത്തിന്റെ കാര്യം ആരു നോക്കും? 
             അതു കേട്ടപ്പോള്‍ അയാള്‍ക്ക്‌ ഭ്രാന്താണെന്നു തന്നെ എല്ലാവരും ഉറപ്പിച്ചു. മുരുകന്‍ പലവട്ടം ആശുപത്രി കയറിയിറങ്ങി.  അനന്തു അയാളെ മുറിയില്‍ പൂട്ടിയിടുകയും  നിസ്സാര കുറ്റങ്ങള്‍ക്ക് ശിക്ഷിക്കുകയും ചെയ്തു.  അനന്തുവിന് എല്ലാറ്റിനും സ്പീഡാണ്‌.  അവനു  സൗദിക്ക് തിരിച്ചു  പോകേണ്ടതാണ്.  മുരുകന് രണ്ടു പ്രാവശ്യം ഷോക്കുകിട്ടി. അയാളുടെ തലച്ചോറിന്റെ പതുപതുപ്പില്‍ നിന്നും ചരിത്രം അങ്ങനെ ഒഴിഞ്ഞു പോയി.  അപ്പോള്‍ മുരുകന്‍ വര്‍ത്തമാനകാല ചരിത്രം പഠിക്കാന്‍ ശ്രമിച്ചു.  അനന്തു സൗദിക്കു തിരിച്ചു  പോയതിനു ശേഷം അയാളുടെ തങ്കക്കുടത്തിന് അയല്‍പക്കത്തുള്ള എക്സ് മിലിട്ടറിക്കാരനോടുണ്ടായ പ്രണയത്തെ ക്കുറിച്ച് മുരുകന്‍ നാട്ടുകാരോടു വിളിച്ചു പറഞ്ഞു. വേട്ടക്കൊരുമകന്റെ നില കഷ്ടമെന്നു കണ്ട്‌ അമ്മ ഇടയ്ക്കിടെ തങ്കക്കുടത്തിന്റെ വീട്ടില്‍ വിരുന്നു പോയി.  മുരുകന്റെ മരുന്നിനു ഡോസുകൂടി.  അമ്മ രഹസ്യമായി കൊണ്ടുചെന്ന ഭക്ഷണപ്പൊതികള്‍ അയാള്‍ ആര്‍ത്തിയോടെ തിന്നു തീര്‍ത്തു.  മയക്കു മരുന്നുകളുടെ മൂടാപ്പിനുള്ളിലും അയാള്‍ അമ്മയുടെ സ്നേഹം കണ്ടു.  തങ്കക്കുടത്തിനെ ദുഷ്പേര് കേള്‍പ്പിക്കാതെ നല്ലവനായി ജീവിക്കാന്‍ ഉപദേശിച്ചിട്ട് അമ്മ പോയപ്പോള്‍ അവന്റെയുള്ളില്‍ ചിരി പൊട്ടി.  പൊട്ടിച്ചിരി കേട്ട് അമ്മ തിരിച്ചുപോക്കിന് വേഗത കൂട്ടി.  
             മുരുകന് വാശിയായിരുന്നു.  മാലോകരെ വിശ്വസിപ്പിക്കാന്‍ തെളിവിനായി അയാള്‍ കാത്തിരുന്നു.  അയാള്‍ തങ്കക്കുടത്തിന്റെ മുറിയില്‍ ഒളിച്ചിരുന്നു.  രാത്രിയില്‍ എക്സ് മിലിട്ടറിക്കാരന്‍ വാതിലില്‍ മുട്ടിയപ്പോള്‍ തങ്കക്കുടം കതകു തുറന്നു കൊടുത്തു.  അവരുടെ രഹസ്യ സമാഗമത്തിനു സാക്ഷിയായി നിന്ന് മുരുകനുറക്കം വന്നു.  മുന്നില്‍ നടക്കുന്നത് സത്യമോ മിഥ്യയോ എന്നയാള്‍ക്ക് മനസ്സിലായില്ല.  അയാള്‍ അരണ്ട വെളിച്ചത്തിലൂടെ ഇഴഞ്ഞിഴഞ്ഞു ചെന്ന് തങ്കക്കുടത്തിന്റെ നഗ്നമായ പുറത്ത്‌ അടയാളമിട്ടു. പിറ്റേ ദിവസം ഓര്‍മ്മിക്കാനായിരുന്നു അത്. മുരുകനെ തള്ളി മാറ്റിയിട്ടു മുന്‍ പട്ടാളക്കാരന്‍ പുറത്തേക്കോടിപ്പോയി.  തങ്കക്കുടത്തിന്റെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ മുരുകനെ കെട്ടിയിട്ടു.  അനന്തു ടെലിഫോണ്‍ ലൈനിലൂടെ ഉത്തരവുകള്‍ നല്‍കി.  വീണ്ടുമുള്ള ഷോക്കുകള്‍ അയാളെ അവശനാക്കി.  എല്ലാം ഉരുകിപ്പോവുകയായിരുന്നു.  ഒന്നൊഴികെ. നന്ദിനി ഒരു കറമ്പിപ്പൈ ആണെന്നും അവള്‍ തന്നെ കൊല്ലാനിരിക്കുകയാണെന്നും അയാള്‍ മനസ്സിലാക്കി വച്ചിട്ടുണ്ട്. 
             ആശുപത്രിയില്‍ നിന്നും പോന്നതിനു ശേഷം മുരുകന്റെ പ്രധാന ജോലി നന്ദിനിക്കു പുല്ലു പറിച്ചു കൊടുക്കുകയായിരുന്നു. നന്ദിനി-7 എന്ന പശുവായിരുന്നു അപ്പോള്‍ തൊഴുത്തിന്റെ അധികാരി.  അവള്‍ ഒരു ദുഷ്ടയും മൂശേട്ടയുമായിരുന്നു എന്നതു പ്രസിദ്ധമാണ്. പുല്ലു നീട്ടുന്ന അയാളുടെ കൈകളിലേക്ക് അവള്‍ രൂക്ഷമായി ചീറ്റുമായിരുന്നു.  ഒരു ദിവസം പാടത്തേക്കു നോക്കിയിരുന്ന് അവിടെ എന്തുകൊണ്ടാണ് താമര വിരിയാത്തതെന്നു വിഷാദിച്ചുപോയ മുരുകന്റെ പുറകില്‍ ആ ചീറ്റല്‍ മുഴങ്ങി.  ഒഴിഞ്ഞു മാരും മുമ്പ് തന്നെ നന്ദിനി-7 അയാളെ കുത്തി മറിച്ചിട്ടു: ഒടുക്കത്തെ മറിച്ചിലായിരുന്നു  സാര്‍  അത്.  ആ  മറിച്ചിലില്‍ ഞാന്‍ തങ്കക്കുടത്തിന്റെയും ജാരന്റെയും മുഖങ്ങള്‍ കണ്ടു. 
             പാടത്തു വെള്ളമുണ്ടായിരുന്നതുകൊണ്ട് നന്ദിനി-7 അതിലേക്കു ചാടിയില്ല.  മുരുകന്‍ വെള്ളത്തില്‍ പതപ്പിച്ചു കിടന്നു രക്ഷപ്പെട്ടപ്പോള്‍ അയാള്‍ ആ വീട്ടിലേക്കു പോകാനില്ലെന്നുറച്ചു.  അപ്പോഴാണ് ഗബ്രിയേല്‍ രക്ഷകന്റെ വേഷത്തിലെത്തിയത്.  ഗബ്രിയേല്‍ ഒരിടയനാകുന്നു.  അയാള്‍ക്ക് പക്ഷെ ആടുകള്‍ ഉണ്ടായിരുന്നില്ല. കഷ്ടപ്പെടുന്ന മുരുകനെ സൗഖ്യമാക്കാനായി ഗബ്രിയേല്‍ സ്നേഹാലയത്തിലേക്ക് നയിച്ചു.  മുരുകന് അപ്പോഴും, ഇപ്പോഴും ഭയം നന്ദിനിപ്പശുവിനെ യായിരുന്നു. ഒന്നുകില്‍ അവളെ കൊല്ലണം. അല്ലെങ്കില്‍ സ്നേഹാലയത്തിലെ ക്ലോസെറ്റില്‍ തലയറഞ്ഞു ചാവണം.  ഏതു വേണം.  അതറിയാന്‍ അന്ത്യവിധി ദിവസം വരെ കാക്കണം എന്നാണ് ഗബ്രിയേല്‍ പറയുന്നത്.  
             മുരുകന് ക്ഷമയില്ല സാര്‍. 
             അമ്മയുടെ സാന്ത്വനം പോലൊരു മരുന്ന് കണ്ടു പിടിച്ചിട്ടില്ലെന്ന എന്റെ അറിവ് ഞാന്‍                       മുരുകനുപദേശിച്ചുകൊടുത്തു.  മുരുകനു വിശ്വാസം വന്നില്ല.  
             'ആഹോ. നേരോ, നേരോ. എന്റെ അമ്മയെന്നെ സ്വീകരിക്കുമോ'.
             എന്നോടു വഴിയില്‍ കാത്തു നില്ക്കാന്‍ പറഞ്ഞിട്ട് അയാള്‍ സഹോദരിയുടെ വീട്ടില്‍ കയറിച്ചെന്നു.  ആ വീടുണരുന്നതു കാണാനായി ഞാന്‍ കാത്തു നിന്നു.  അയാള്‍ എത്തിയതും വീടിന്റെ എല്ലാ വാതിലുകളും ജാലകങ്ങളും, അടഞ്ഞു പോയി.  അയാള്‍ അമ്മയെ വിളിച്ചു.  
             ഞാന്‍ വന്നു അമ്മെ. 
             ആരും എത്തിയില്ല. അയാളുടെ ഒച്ചയുയര്‍ന്നപ്പോള്‍ അടഞ്ഞ വാതിലിനപ്പുറത്തു നിന്നും ഒരു സ്ത്രീ വിളിച്ചു പറഞ്ഞു.
            ' മുരുകാ, നീ ഈ വീട്ടില്‍ കയറരുത്. ഞങ്ങള്‍ അനന്തുവിന്റെ സഹായം കൊണ്ടാണ് കഴിയുന്നത്‌.'  
             അത് അമ്മയല്ലെന്ന് അയാള്‍ ക്കുറപ്പായിരുന്നു.  അയാള്‍ അതുകൊണ്ടു വീണ്ടും വീണ്ടും അമ്മയെ വിളിച്ചു. അപ്പോള്‍ ജാലകമറയിലെ ചെറിയ ഓട്ടയിലൂടെ അമ്മയുടെ ശബ്ദം കേള്‍ക്കായി: ഇറങ്ങിപ്പോടാ.
             മുരുകന്‍ ഗുളികകള്‍ വെട്ടി വിഴുങ്ങാതെ മയങ്ങിപ്പോയി.  അയാള്‍ തളര്‍ച്ചയോടെ പടിയിറങ്ങി എന്റെയടുത്തേക്കു വന്നു: വയ്യ സര്‍, എന്റെ അമ്മ ഇപ്പോള്‍ നന്ദിനി-8 ആണ്. 
             മുരുകനു പോകേണ്ടിയിരിക്കുന്നു.  ഞാന്‍ കൂടി ചെല്ലണമെന്നാണ് ആവശ്യം. 
             'ഒരു ധൈര്യത്തിനു വേണ്ടി.  താങ്കളെ ഞാന്‍ അധികം ബുദ്ധിമുട്ടിക്കുകയില്ല'.  
             എന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ അവന്‍ ആവുന്നത്ര വേഗത്തില്‍ നടന്നു.  അല്ല ഓട്ടമായിരുന്നു. എത്ര നേരം ഓടാന്‍ കഴിയും.  ഞാന്‍ ടാക്സി വിളിച്ചു.  ഞങ്ങള്‍ മിണ്ടാതെ അതിനുള്ളിലിരുന്ന്  ആ ദൂരമത്രയും താണ്ടി.  ഒടുവില്‍ വിശാലമായ മൈതാനത്ത് കാര്‍ നിന്നു.  അതിനപ്പുറം കുന്നു തുടങ്ങുകയാണ്.  അവിടേക്ക് ഭംഗിയുള്ള പൂന്തോട്ടത്തിലൂടെയുള്ള പാത കണ്ടു.  മുരുകന്‍ എന്നെ വിട്ടു വേഗത്തിലോടി: സാര്‍, താങ്കള്‍ ഇനിയും വരേണ്ടതില്ല.  തിരിച്ചു പോകൂ.  ഒരായിരം നന്ദി. 
             ഇതാ പൂക്കള്‍ വിരിയുന്നത് കണ്ടില്ലേ? 
             മുരുകന്‍ പൂന്തോട്ടമായി.