Thursday, February 23, 2012

പരാജിതര്‍ക്ക്



  

എനിക്കു കേട്ടറിവു മാത്രമുണ്ടായിരുന്ന ദാര്‍ശനികന്‍ കുമാരേട്ടന്‍ ഒരിക്കല്‍ എന്‍റെ മുമ്പില്‍ പ്രത്യക്ഷനായി. എന്‍റെ വീടിനു വലം വച്ചിട്ട് എന്റെ ശത്രു ദോഷത്തെക്കുറിച്ചും സാമ്പത്തിക പരാധീനതയെക്കുറിച്ചും വാചാലനായി. വാസ്തുവി ന്‍റെ ശാപമേറ്റു കഴിയാനാണോ എന്റെ വിധിയെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ എന്താണ് ആ വസ്തു എന്നായി എന്‍റെ ചിന്ത. വീടുകള്‍ക്കും ജീവനുണ്ടെന്നും അവ മനുഷ്യരെപ്പോലെ പ്രാണവായു ശ്വസിക്കുന്നെന്നും, സ്ഥാനം തെറ്റിയതും കണക്കു പിഴച്ചതുമായ ഗൃഹം നാശകാരിയാണെന്നും അദ്ദേഹം എനിക്കു പറഞ്ഞു തന്നു. എന്നെ കൂടുതല്‍ വിശ്വസിപ്പിക്കാനായി ഓസോണ്‍ പാളി കിഴിഞ്ഞതും എനെര്‍ജിയുടെ ക്വാണ്ടം ചാട്ടവും അദ്ദേഹം വാക്കുകളിലൂടെ വരച്ചു കാണിച്ചു. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ആ വീട്ടില്‍ ഞങ്ങള്‍ കഴിയുകയാണെന്ന് പറയാന്‍ തോന്നിയെങ്കിലും സ്വതേ ഒരു തികഞ്ഞ ഭീരുവായ ഞാന്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ ഒന്നും മിണ്ടാതെ തലയാട്ടിക്കൊണ്ടിരുന്നു.

കുമാരേട്ടന്‍ പറഞ്ഞാണ് ഞാന്‍ വീട് വിറ്റതും അദ്ദേഹത്തിന്റെ

വ്യവസായത്തില്‍ നിക്ഷേപിച്ചതും. നിക്ഷേപം മാസംതോറും ഇരട്ടിയായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം എന്നെ ഓര്‍മിപ്പിച്ചപ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തോട് 'അങ്ങെ ന്‍റെ ദൈവമാണ് കുമാരേട്ടാ, ദൈവം' എന്ന് പറയുമായിരുന്നു. ഞാന്‍ ദൈവം ദൈവമെന്നു വിളിച്ചു വിളിച്ച് കുമാരേട്ടന്‍ എപ്പോഴോ എന്റെ പണവുമായി പ്രപഞ്ച രഹസ്യങ്ങളിലേക്ക് അപ്രത്യക്ഷനായി. ഒരു ജന്മത്തില്‍ ഒന്നിലേറെ തവണ ഈശ്വര ദര്‍ശനം അസാധ്യമെന്നു പഴമക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഞാന്‍ ഇപ്പോഴും തപസ്സിലാണ്‌.

പക്ഷെ, ചെറുപ്പത്തില്‍ത്തന്നെ എന്‍റെയുള്ളില്‍ കയറിയിരുപ്പാണ്

പരാജിതനായ ഒരു യുക്തിവാദി.











No comments: