Friday, February 24, 2012

ശബ്ദവും വെളിച്ചവും










ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് കോളനിക്ക് ചെവി കേള്‍ക്കാന്‍ വയ്യാത്ത ഒരംഗത്തെ കിട്ടിയത്. കണ്ടു പിടിക്കപ്പെട്ടത്തില്‍ വെച്ച് ഏറ്റവും വലിയ ധനവാനും മനുഷ്യ സ്നേഹിയും ആയിരുന്നു അദ്ദേഹം എന്ന് ഞങ്ങള്‍ യോഗം ചേര്‍ന്ന് നിര്‍ണ്ണയിച്ചു. കാരണം അയാള്‍ കീശയില്‍ കയ്യിട്ടു കൈലെസെടുക്കുംപോഴൊക്കെ അഞ്ഞൂറി ന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ പുറത്തേക്കു വരുമായിരുന്നു. ബധിരനായ ആ കുടുംബനാഥനും അദ്ദേഹത്തിന്‍റെ സുന്ദരിയും സ്നേഹവതിയുമായ പ്രിയപത്നിക്കും നന്മ വരേണമേ എന്ന് ഒരു വാചാപ്രമേയം അവതരിപ്പിച്ചു ഞങ്ങള്‍ ദൈവത്തോട പ്രാര്‍ത്ഥിക്കുകയും തുടര്‍ന്നു മേല്‍പ്പറഞ്ഞ മനുഷ്യ സ്നേഹിക്ക് ഒരു ശ്രവണ സഹായി നല്കാന്‍ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹത്തെ അതറിയിക്കാന്‍ ഞങ്ങള്‍ വളരെ പണിപ്പെട്ടു. അംഗ വിക്ഷേപങ്ങളിലൂടെയും മണ്ണെഴുത്തിലൂടെയും ആകാശത്തെഴുത്തിലൂടെയും കുറെയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ അദ്ദേഹം വിനയാന്വിതനായി തൊഴുതു. ഞങ്ങളോട് നന്ദി പ്രകാശിപ്പിച്ചു. എന്ത് ചോദിച്ചാലും ഉറക്കെപ്പറ , ഉറക്കെപ്പറ എന്നല്ലാതെ അദ്ദേഹം ഒന്നും പറയുമായിരുന്നില്ല. നല്ലൊരു മനുഷ്യന്‍. ചെവി കേട്ടൂടാ. അല്ലായിരുന്നെങ്കില്‍ ഒരന്തി വായ്പ അല്ലെങ്കില്‍ ഒരയിരമോ പതിനായിരമോ ചോദിക്കാമായിരുന്നു. ആ മുഖം കണ്ടോ. തീര്‍ച്ചയായും തരുമായിരുന്നു. പാവം. ഞങ്ങള്‍ ഒറ്റക്കും കൂട്ടായും ചിന്തിച്ചതിങ്ങനെയാണ്‌. ടൌണ്‍ ഹാളിലെ യോഗത്തില്‍ അധ്യക്ഷന്‍ അലറിക്കരഞ്ഞു.

"നല്ലവനായ ഈ ചെറുപ്പക്കാരന് ചെവി കേട്ടൂടാത്തതിനാലാണ്‌ നമ്മള്‍ ഈ ചെവിയന്ത്രം വക്കാന്‍ തീരുമാനിച്ചത്. അയാള്‍ എല്ലാം കേട്ട് തുടങ്ങിയാല്‍ ഈ കോളനിക്കാര്‍ രക്ഷപെട്ടു.. ഇട്ടു മൂടാന്‍ സ്വത്തല്ലിയോ ബധിര ശിരോമണിയുടെ
മണിപ്പേര്‍സില്‍ ."

     അധ്യക്ഷന്‍ അദ്ദേഹത്തെ നോക്കി തല കുലുക്കി. തന്നെ സ്തുതിക്കുകയാണെന്നു കരുതി ശിരോമണി കൈയുയര്‍ത്തി തൊഴുതു. നഗരപിതാവ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ ചെവിയന്ത്രം അദ്ദേഹത്തിന്റെ തലയിലുറപ്പിച്ചു കൊടുത്തു . ഇരു ചെവികളിലും തൊട്ടിരുന്ന അത് അദ്ദേഹത്തിനൊരു കിരീടധാരിയുടെ പകിട്ടേകി. നഗരപിതാവ് ഉറക്കെപ്പറഞ്ഞു . " ഇവന്റെ ചെവിയിലേക്ക് നാം ശബ്ദത്തെ പറഞ്ഞയക്കുകയാണ് . ഞാന്‍ സ്വിച്ചിടുമ്പോള്‍ നിങ്ങളിലാരെങ്കിലും ഒരാള്‍ എഴുന്നേറ്റുവന്ന്‌ അവന് അഭിവാദ്യമോതണം . ശരി. ഒന്നേ , രണ്ടേ, മൂന്നേ . ഇതാ സ്വിച്ചോണായി ."
     സദസ്സ് മുഴുവന്‍ എഴുന്നേറ്റുനിന്ന് അലമുറയിടുന്നത് കേള്‍ക്കായി.

     "സാറെ , എനിക്ക് പണം വേണം "
     "എന്നെ സഹായിക്കണമേ "
     "വീട്ടുചെലവിനു വഹയില്ല "
     "പിരിവ് "
     " സപ്താഹം "
     " ബോണസ് "
     " കച്ചോടം പൊളിഞ്ഞു "
     " അഡ്വാന്‍സ്‌ : ചെക്കായാലും മതി കാശു വേണമെന്നില്ല "
അദ്ദേഹം അനങ്ങാതെ ഒന്നും പ്രതികരിക്കാതെ ഇരുന്നു.  


     " ഞാനൊന്നും കേട്ടില്ലല്ലോ " 
      അത്രയും മാത്രമാണ് ആ മനുഷ്യന്‍ പറഞ്ഞത്. എല്ലാവര്‍ക്കും വിഷമമായി. യന്ത്രച്ചെവി വച്ചാലും അയാള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ലെന്നുറച്ച് ഞങ്ങള്‍ നിരാശരായി. ഒരു തരത്തിലും പ്രയോജനമില്ലാത്ത അത്തര മൊരുവനെ പ്രകീര്‍ത്തിച്ചിട്ട് ഒന്നും നേടാനില്ലെന്നു മനസ്സിലാക്കി ഞങ്ങള്‍ സ്വതസ്സിദ്ധമായ ഭാഷയില്‍ അയാളെ തെറി വിളിക്കാന്‍ തുടങ്ങി. തെറിയുടെ ഉസ്താദുമാരായ അധ്യക്ഷനും നഗരപിതാവും മറ്റു വിശിഷ്ട വ്യക്തികളും, മൈക്കിലൂടെയാണ് അയാളെ ചീത്ത വിളിച്ചത്.

     പാവം അദ്ദേഹമാട്ടെ, ഈ ഭാവമാറ്റത്തിന്റെ അര്‍ഥം അറിയാതെ മിഴിച്ചിരുന്നു കൊണ്ട് ചെവിയന്ത്രത്തിന്‍റെ ഏതോ ഒരു ബട്ടണില്‍ അമര്‍ത്തിപ്പിടിച്ചു.അപ്പോള്‍ അയാളുടെ തലയിലേക്ക് ശബ്ദവും വെളിച്ചവും കടന്നുചെന്നു.അയാള്‍ ചാടിയെഴുന്നേറ്റു.
     "ദേ, ശരിക്കുള്ള ബട്ടനമര്‍ത്തിയപ്പോള്‍ ഞാന്‍ എല്ലാം വ്യക്തമായി കേള്‍ക്കുന്നു .ഇതാണോ നമ്മുടെ ഭാഷ. അയ്യേ, ഇതെനിക്ക് വേണ്ടായേ. "

     അയാള്‍ യന്ത്രചെവി ഊരി സദസ്സിനു നേരെ എറിഞ്ഞിട്ടു വേഗം ഇറങ്ങി ഓടിപ്പോയി.


++++++++++++++++++++++++++++++++++++++++++++++


NB : ആദ്യ വായനക്കാരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരുവന്‍ നമ്മുടെ കഥാകൃത്തിന് ഇങ്ങനെ ഒരു കത്തയച്ചു. "മഹാനെ, അയാളുടെ കൈയിലെ പണത്തിനു പ്രാധാന്യം കൊടുക്കുകയും ഞങ്ങളുടെ കോളനിക്കാരെ അത്യാര്‍ത്തിക്കാരാക്കുകയും ചെയ്യുക വഴി ഈ കഥയെഴുതിയവന്‍ സമൂഹത്തെ അപമാനിക്കുന്നു. നിഷേധിക്കാമോ? രണ്ടാമതായി, നഗരപിതാവിനെക്കൊണ്ടു തെറ്റായ സ്വിച്ചിടുവിച്ചതു തന്നെ കഥാകൃത്തി ന്‍റെ കഴിവുകേടായിട്ടേ ഞാന്‍ കാണൂ. എന്താ, രാഷ്ട്രീയക്കാര്‍ മണ്ടന്മാരാണെന്നാണോ നിങ്ങളുടെ വിചാരം? അതൊക്കെ പോട്ടെ, ഈ കഥ വായിച്ചാല്‍ എനിക്കെന്തു കിട്ടും? ശരിയാണല്ലോ. അയാള്‍ക്കെന്തു കിട്ടും?

No comments: