Saturday, February 25, 2012

തിന്മയ്ക്കു മേല്‍ നന്മയുടെ ഉജ്വല വിജയം

             തിരുവോണനാളില്‍ പൂക്കളമൊരുക്കുകയായിരുന്നു തുറന്ന ജയിലിലെ അന്തേവാസികള്‍.  ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കാണികളായിരുന്നു. ജയില്‍ സൂപ്രണ്ട് പൂക്കളും, കമ്മീഷണര്‍ നിറം പിടിപ്പിക്കാനുള്ള പരല്‍ ഉപ്പും നല്‍കിയിരുന്നു. അവിദഗ്ധമായ കൈവിരലുകള്‍ ഉപ്പു പരലുകളില്‍ ഒരു സ്ത്രീ രൂപം തീര്‍ത്തത് കണ്ട്‌ കമ്മീഷണര്‍ അടുത്തു ചെന്നു പറഞ്ഞു:
          എടാ, അവളുടെ മൂക്കിനല്‍പ്പം വളവു കൂടിപ്പോയി.  നേരെയാക്കു. 
           ഒരു കവര്‍ച്ചക്കേസിലെ പ്രതിയായിരുന്നു ചിത്രകാരന്‍ എന്നതിനാല്‍ ആ പെണ്ണ് അത്രയ്ക്ക് സുന്ദരിയായിരുന്നില്ല.  പരലുപ്പില്‍ വാര്‍ന്നു വീണ ആ  സ്ത്രീരൂപത്തിനു ചുറ്റും      വൃത്താകൃതിയില്‍ പുഷ്പങ്ങള്‍ കൊണ്ടലങ്കാരങ്ങള്‍ ചെയ്ത്‌ അയാള്‍ മണ്ണില്‍ കോറിയിട്ടു:  
          ഓണാശംസകള്‍.
          കമ്മീഷണര്‍ കാല്‍മുട്ട് കൊണ്ടു അയാളുടെ തോളില്‍ തട്ടി. 
          അവളുടെ മൂക്ക് അല്‍പ്പം കൂടി ഉയര്‍ത്തി വരക്കെടാ. 
          ചിത്രകാരന്‍ കേള്‍ക്കാത്ത ഭാവത്തിലിരുന്നു കൊണ്ട് സൌന്ദര്യമില്ലാത്ത തന്റെ സൃഷ്ടി നോക്കി പുഞ്ചിരി പൊഴിച്ചപ്പോള്‍ ജയില്‍ സൂപ്രണ്ട് ചാടിച്ചെന്ന് അയാളുടെ പുറത്തു തൊഴിച്ചു.
             കമ്മീഷണര്‍സാര്‍ പറഞ്ഞാല്‍ അനുസരിക്കില്ലേടാ...
             ചിത്രകാരന്‍ കമിഴ്ന്നു വീണത്‌ പെണ്ണിന്റെ മുകളിലേക്കായിരുന്നു. അയാള്‍ അവളുടെ കണ്ണിലെ കറിയുപ്പിന്റെ സ്വാദറിഞ്ഞപ്പോള്‍  വല്ലാതെ വിഷമിച്ചു പോയി.  കാരണം  ത് അയഡൈസ് ചെയ്യാത്ത വെറും പരലുപ്പായിരുന്നു. 

No comments: