Wednesday, March 21, 2012

സ്വപ്ന പദ്ധതികള്‍

     രാമാനുജം കാലത്തുണര്‍ന്നത് ഭയന്ന് വിറച്ചു കൊണ്ടാണ്. അയാള്‍ ഒടുവില്‍ കണ്ടു നിര്‍ത്തിയ സ്വപ്നത്തില്‍ വീട് മാഞ്ഞുപോയി; ഭൂമിയില്‍ ഒട്ടും അവശേഷിക്കാതെ, ഒരു നിലവിളി പോലുമില്ലാതെ. പക്ഷെ നോക്കുമ്പോള്‍ വീട്, ആ  പരുക്കന്‍ ചുമരുകളും, ഇളകിപ്പൊടിഞ്ഞ  തറയും, മാറാല മൂടിയ കഴുക്കോലുകളും, കറു ത്തുപോയ  കൊല്ലം മേച്ചിലോടുമായി അങ്ങനെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.
     അതയാള്‍ക്ക്‌ ഒരോര്‍മ്മപ്പെടുത്തലായിരുന്നു.  തോഴില്‍ശാല വില്‍ക്കപ്പെട്ടു. പിരിച്ചു വിടുമ്പോള്‍ ഡയറക്ടര്‍ നല്‍കിയ തുക തീരാറായി.  ഇനി എന്ത് ? രാമാനുജം പോംവഴികള്‍ നിനച്ചു. മലമൂത്രാദികളില്‍ കിടന്ന അച്ഛനെ കുളിപ്പിച്ചു. ഉടുപ്പിക്കാന്‍ ഒരു മുണ്ടിനായി അയാള്‍ ഭാര്യയുടെ പെട്ടി പരതി. അവളുടെ നിറം കെട്ട ഒരു പഴയ സാരിയെടുത്ത്  അച്ഛനെ ചുറ്റി ഉടുപ്പിച്ചു.  ഭാര്യ നാണിച്ചു. മകള്‍ക്ക് ചിരി നിര്‍ത്താനായില്ല. 
     ഓട്ടോ റിക്ഷയില്‍ അവര്‍ പട്ടണത്തിലേക്ക് പോയി. പച്ച സാരിയില്‍ പൊതിഞ്ഞ അച്ഛനെ മരത്തണലില്‍ കിടത്തി, അരികെ ഒരു തുണിത്തുണ്ടത്തില്‍ കുറെ നാണയങ്ങളിട്ട് അവര്‍ ദൂരെ മാറിയിരുന്നു. അച്ഛന്റെ  തുണിത്തുണ്ടത്തിലേക്ക് നാണയങ്ങള്‍ വീണു തുടങ്ങിയപ്പോള്‍ രാമനുജത്തിനാശ്വാസമായി. 
     അയാള്‍ ഭാര്യയുടെ കണ്ണുകളിലേക്കു നോക്കി വിളിച്ചു: പോകാം.
     വീട്ടില്‍ നിന്നു പോരുമ്പോള്‍ മുതല്‍ അയാള്‍ ആവശ്യപ്പെട്ട കാര്യം അംഗീകരിക്കാന്‍ അവള്‍ അപ്പോഴും സമ്മതിച്ചില്ല. അയാള്‍ അച്ഛന്റെ  തുണിത്തുണ്ടത്തിലെ നാണയങ്ങള്‍ ചൂണ്ടിക്കാട്ടി. മരിച്ചു ജീവിക്കുന്ന അച്ഛന് നാണയങ്ങള്‍ പെരുപ്പിക്കാന്‍ കഴിയുമെങ്കില്‍ അവള്‍ക്കും അതാകാമെന്നയാള്‍ പറഞ്ഞു. മൈസൂര്‍ സാന്റല്‍ പൌഡറും, നഖപോളീഷും ലിപ്സ്ടിക്കും അയാള്‍ മടിക്കുത്തില്‍ നിന്നും പുറത്തെടുത്തു. 
     "പ്രിയേ, ഇതൊന്നനിയൂ."
     മുപ്പത്തഞ്ചു വയസ്സ് അത്രയ്ക്ക് കൂടുതലല്ലെന്നയാള്‍. പട്ടിണിയി ല്ലാ യിരുന്നെങ്കില്‍  ഇരുപതിന്റെ ചന്തമുണ്ടെന്നു കേട്ട് അവള്‍  ഇളകി. അയാള്‍ ഓര്‍മ്മിപ്പിച്ചു: എല്ലാം നമ്മുടെ മോള്‍ക്കുവേണ്ടിയല്ലേ .
     സാന്റല്‍ പൌഡറും നഖപോളീഷും ലിപ്സ്ടിക്കുമണിഞ്ഞ്  അവള്‍ സുന്ദരിയായി. ചെവിക്കോണിലെ ഒരു കൂട്ടം മുടിച്ചുരുളുകള്‍ അയാളിടപെട്ടു സ്വതന്ത്രമാക്കി. 
     "ഇതാ ചന്തം, അളകങ്ങള്‍, അല്ലെ മോളെ "
     മകള്‍ ശരി വച്ചു. മകളെ അച്ഛന്റെ അരികെ ഇരുത്തിയിട്ട് ഭാര്യയോടൊപ്പം അയാള്‍ വന്‍കിട ഹോട്ടലിലേക്ക് കയറിപ്പോയി. തനിയെ തിരിച്ചു പോരുമ്പോള്‍ അയാളോട് റിസപ്ഷനിലെ പെണ്ണ് ചോദിച്ചു. 
     " എന്താ,സേര്‍, ഒരു വല്ലായ്മ."
     നെഞ്ചില്‍ ഒരെരിച്ചിലെന്നും ഗ്യാസാണെന്നും അയാള്‍ പറഞ്ഞു. 
     അച്ഛന്റെയടുത്ത് കപ്പലണ്ടി കൊറിച്ചുകൊണ്ടിരിക്കുകയായിരുന്നു  മകള്‍. അയാള്‍ അവളുടെ മുടിപ്പിന്നുകള്‍ ഊറി മാറ്റി.  തലയില്‍ കുറച്ചു പൊടിമണ്ണിട്ട് തേച്ചു പിടിപ്പിച്ചു. മുഖത്ത് കറുത്ത കുഴമ്പു പുരട്ടി. ഒരു പാത്രത്തില്‍  ദൈവപടം വച്ച് കുറച്ചു ഭസ്മവും അച്ഛന്റെ തുണിത്തുണ്ടത്തില്‍ കിടന്ന കുറെ ചില്ലറയും ഇട്ടു കൊടുത്തിട്ട് അയാള്‍ മകളെ അനുഗ്രഹിച്ചു: ബസ്ടാന്റിലേക്ക് പോയി വരൂ. 
     അവള്‍ ഊമയായിരിക്കണമെന്നും, കാണുന്നവരുടെയെല്ലാം കൈത്തണ്ടയില്‍ തൊട്ട് അവരുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കണമെന്നും അയാള്‍ ഉപദേശിച്ചു. അവള്‍ ബസ്ടാന്റിലേക്കു നടന്നു. 
     അയാള്‍ സിമന്റുബഞ്ചില്‍ കിടന്നു. ചിത്രകഥകളിലെ കവര്‍ച്ചക്കാരുടെ  കറുത്ത വാലന്‍കണ്ണട ധരിച്ച ഒരാള്‍ അവിടെത്തിച്ചേര്‍ന്നു. അയാള്‍  ഗണപതിയാണെന്നു പരിചയപ്പെടുത്തി. ഗണപതിക്ക്‌ പത്തു വയസ്സിനു താഴെയുള്ള ഒരു കുട്ടിയെ വേണം. ഒരു കസ്റ്റമര്‍ ഹോട്ടല്‍ റൂമില്‍  കാത്തിരിപ്പുണ്ട്. 
     രാമാനുജം അതിശയിച്ചു. 
     " സോറി, എനിക്കാരെയും അറിയില്ല." ഗണപതിക്ക്‌ തൃപ്തിയായില്ല.
     "ചേട്ടനറിയാം, ചേട്ടന്റെ കൂടെ ഒരു പെണ്‍കുട്ടികൂടി  ഉണ്ടായിരുന്നെന്ന്‌ ഒരാള്‍ പറഞ്ഞല്ലോ."
     അയാള്‍ക്ക്‌ ദേഷ്യം വന്നു. അയാള്‍ ഒന്നും പറയാതെ നടന്നു. ഗണപതിയുടെ വലയില്‍ വീഴാതിരിക്കാന്‍ അയാള്‍ക്ക്‌ എത്രയോ കാരണങ്ങളുണ്ട്. നിരാശനായി മടങ്ങും മുമ്പ് ഗണപതി അയാളെ ഭീഷണിപ്പെടുത്തി. 
     "നീ താമസിക്കുന്ന വീടില്ലേ, അതെന്റെതാണ്. കുടിയിറക്ക് നോട്ടീസുമായി ഞാന്‍ വരുന്നുണ്ട്. ഗണപതിയുടെ വാക്കാണിത്"
     ഒരിക്കല്‍ അന്തിയുറങ്ങാനൊരിടമില്ലാതെ അലഞ്ഞു നടന്നപ്പോള്‍ നടരാജന്‍ ഏര്‍പ്പാടാക്കിക്കൊടുത്തതാണത് .  അത്രയും നാളത്തെ സമ്പാദ്യമെല്ലാം കൊടുത്തു വാങ്ങിയതാണ്. 
     " അതെന്റെതാടോ. ഞാന്‍ എന്തിനു പോണം" 
     " എന്റച്ഛന്‍ നടരാജന്‍ സത്യം, നിന്നെ ഞാന്‍ പൊക്കുമെടാ രാമാ"
     ഗണപതി അയാളുടെ നേരെ കാര്‍ക്കിച്ചു തുപ്പിയിട്ട് ബൈക്കില്‍ ചീറിപ്പാഞ്ഞുപോയി. 
     നടരാജന്റെ മേശക്കു മുമ്പിലെ കറങ്ങുന്ന കസേരയിലിരുന്നു രാമാനുജം യാചിച്ചു. 
    " എന്നെ ഇറക്കിവിടാന്‍ ഗണപതി വന്നു. താങ്കള്‍ ഇടപെട്ടല്ലേ സാര്‍, ഞാന്‍ ആ വീട് വാങ്ങിയത്"
     നടരാജന്‍ കിന്നാരം പറഞ്ഞ:ആ വീട് നില്‍ക്കുന്ന സ്ഥലം വേറൊരു പ്രോജക്ടിന് നല്‍കിക്കഴിഞ്ഞു. കേട്ടോടെ, ഒന്നും ശാശ്വതമല്ല. 
     അയാള്‍ക്ക്‌ ആ നട്ടുച്ചയ്ക്ക് നടരാജന്റെ തത്വം മനസ്സിലായില്ല. 
     വീട്ടിലെത്തി, അയാള്‍ രേഖകള്‍ അന്വേഷിച്ചു. പഴയ ട്രങ്കിനുള്ളില്‍, കടലാസ് കെട്ടുകള്‍ക്കിടയില്‍ ഭംഗിയായി മടക്കിയ രേഖകള്‍ ഉണ്ടായിരുന്നു. അയാള്‍ ട്രങ്ക് വൃത്തിയാക്കാന്‍ തുടങ്ങി. ആന വളര്‍ത്തിയ വാനമ്പാടി മുതല്‍ പടയോട്ടം വരെയുള്ള സിനിമാ നോട്ടീസുകളായിരുന്നു ഏറെയും. അയാള്‍ അവ നുള്ളിക്കീറി ഒരു കൂനയാക്കി. ആവശ്യമുള്ളവയില്‍  അയാളുടെ പത്താം ക്ലാസ് തോറ്റതിന്റെയും സല്‍സ്വഭാവത്തിന്റെയും സര്‍ട്ടിഫിക്കറ്റുകളും വീടിന്റെ രേഖയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ബീഡി കത്തിച്ചിട്ട് കടലാസ് കൂനയിലേക്ക് തീക്കൊള്ളി കാണിച്ചു. അത് മുകളിലെ മാറാലകളെ വിറപ്പിച്ചു കൊണ്ടു കത്തിപ്പടര്‍ന്നു. അപ്പോള്‍ വാതിലില്‍ മുട്ട് കേട്ടു. അയാള്‍ ഏഴു വരെ എണ്ണിക്കൊണ്ടു വാതില്‍ തുറന്നു.  തുറന്നുപിടിച്ച വാതിലിലൂടെ ഗണപതി അകത്തു കയറി. ഗണപതി ഒരാള്‍ക്കൂട്ടമായിരുന്നു. വീടിന്റെ നേര്‍ക്ക്‌ മണ്ണുമാന്തി വണ്ടികള്‍ ഉരുണ്ടു വരുന്നതു കാണായി. അയാള്‍ കത്തുന്ന തീയെക്കുറിച്ചോര്‍ത്തു തിരിഞ്ഞു നോക്കി. അത് പടര്‍ന്ന് അയാളുടെ തോല്‍വി സര്‍ട്ടിഫിക്കറ്റും വീടിന്റെ രേഖയും തിന്നു തീര്‍ത്തിട്ട് അണഞ്ഞു കഴിഞ്ഞിരുന്നു.
     ഗണപതി കറുത്ത വാലന്‍ കണ്ണട ഊരിയെടുത്ത്‌ ചൂണ്ടു വിരലില്‍ കറക്കിക്കൊണ്ടു വിളിച്ചു പറഞ്ഞു. 
     "പ്രോജക്റ്റ് തുടങ്ങുകയാണ്":


1 comment:

പൊട്ടന്‍ said...

മികച്ച ക്രാഫ്റ്റ്‌ എന്ന് പറയാന്‍ കഴിയില്ലെങ്കിലും, കഥക്ക് അനുയോജ്യമായ അതിശയോക്തി കലര്‍ത്തി നന്നായി പറഞ്ഞു.
ആശംസകള്‍, കഥാകാരാ