Wednesday, February 20, 2013

Saturday, June 23, 2012

അമ്മ കണ്ട കര


വെളുപ്പിന് മൂന്നു മണിക്ക് അമ്മ ഉണര്‍ന്നു.  പൂതംകുഴിയിലെ അമ്മയുടെ കണ്ണില്‍ ടോര്ച്ചടിച്ചവനാര്?
പലക പൊളിഞ്ഞ ജനലിലൂടെ കണ്ടു: ചന്ദ്രന്‍
    'നക്ഷത്രപ്പിള്ളാരെല്ലാമെന്തിയേന്റെ കുട്ടാ? ' 
മാനത്തെ ശരാബിക്ക് കുറ്റബോധം.
പൂതംകുഴി അമ്മയെ ഉണര്‍ത്തേണ്ടിയിരുന്നില്ല. 
    'നീ തങ്കടപ്പെടെണ്ടാ കുട്ടാ.  ഞാ ഇന്ന് ഒരെടംവരെ പൂവാനിരുന്നാ,  നിക്കറിയില്ലേ , രായന്കുട്ടിയെ ?'
അമ്മ വെള്ളം കോരാന്‍ തുടങ്ങി. തപസ്സുണര്ന്ന കിണര്‍ പ്രതിഷേധിച്ചു. അമ്മ ഒരു തൊട്ടി വെള്ളം തലയിലൊഴിച്ചു.  രണ്ടു തൊട്ടി. മൂന്നാം തൊട്ടി ഉയര്‍ത്താതെ കിണര്‍ ശപിച്ചു. കയര്‍ പൊട്ടി വീണു. അമ്മ കുളി മതിയാക്കി. തെക്കുവശത്ത് തിരിവച്ചു വിളിച്ചു....
    'തേവ കാര്‍ന്നോമ്മാരേ,.. ഞാം പൊന്നേ, രായങ്കുട്ടീനെമായല്ലാതെ ഞാമ്മടങ്ങി വരൂല്ലേയ്‌,  അതുവരെ പൂതംകുഴീവീടു കാത്തോണേ.'
    ' പോയി വാ, ചക്കവരട്ടി എടുത്തോ നീ?'
അക്കാര്യം ദേവകാര്‍ന്നോമ്മാര്‍ ഒര്മ്മിപ്പിച്ചില്ലായിരുന്നെങ്കില്‍ കഷ്ടമായേനെ. അമ്മ ഒറ്റയ്ക്ക് വരട്ടിയ തേന്‍ വരിക്കച്ചുളയാണ്.  അമ്മ അത്യാവശ്യം തുണികളെടുത്തു പഴയ  എയര്ബാഗിലാക്കി.  ചക്ക വരട്ടിയുള്ള ഭരണി ബാഗില്‍ ഭദ്രമാക്കി വച്ചു.  ഒരു കൊമ്പുചീപ്പ്‌, പാല്‍പ്പൊടി, കീറിയ ഈര്‍ക്കില്‍, ഒരു കൊച്ചു കണ്ണാടി ക്കഷണം, രണ്ടു ചെറിയ തുണി സഞ്ചികള്‍ നിറയെ നാണയങ്ങള്‍, ഒരു പേര്‍സില്‍ അടുക്കിവച്ച നൂറുരൂപാ നോട്ടുകള്‍.  വീടിന്റെ താക്കോല്‍ ആരെ ഏല്‍പ്പിക്കണമെന്ന് അമ്മ ആലോചിച്ചു. തിരി വയ്ക്കുന്ന കല്ലുകള്‍ക്ക് താഴെ സിമന്റിളകിയുണ്ടായ പൊത്തിലേക്ക്  അമ്മ താക്കോല്‍ നിക്ഷേപിച്ചു.
     അമ്മ യാത്ര തുടങ്ങി.
     വഴി ഒട്ടും കാണാറായിട്ടില്ല .നേരം വെളുക്കും വരെ കാത്തിരിക്കാന്‍ വയ്യാ. അമ്മക്ക് പാമ്പന്മാരെ ഭയമില്ല. മനുഷ്യമണം പറക്കുന്നതിന് മുമ്പുതന്നെ അവര്‍ പൊത്തുകളിലേക്ക് തിരിച്ചിഴഞ്ഞിരിക്കും.  അല്ലെങ്കിലെന്ത്?  ശക്തനായ ഒരാള്‍ കൂടെയുണ്ടല്ലോ. ഒരു ജീവന്‍ മാത്രമായിട്ടും ഈ ഗ്രാമത്തോളം വലുതായ കൈപ്പടത്തില്‍ പൂതംകുഴി അമ്മയെ സംരക്ഷിക്കുന്നൊരാള്‍.  പാമ്പന്മാര്‍ കൊണ്ടുപോയെങ്കിലും...
അമ്മയുടെ കാലുകള്‍ക്ക് ശക്തിയേറി. പ്രഭാതത്തിലെ ചെറുകാറ്റ്  മുഖത്ത് തഴുകി.
    'ന്റെ , രായന്കുട്ടീ. ഇത്ര സ്നേഹമില്ലാണ്ടായോ നിനക്ക് ? '
വെയില്‍ പരക്കാന്‍ തുടങ്ങി. ഗ്രാമാതിര്‍ത്തി കടന്നെന്ന് അമ്മയറിഞ്ഞു.  ചീഞ്ഞ ഗന്ധം നിറഞ്ഞ വഴി വിളിച്ചു. തീവണ്ടിയാപ്പീസ്.  ഈ വഴി എത്ര പരിചിതമാണമ്മയ്ക്ക് . ഓരോ മാസവും അമ്മ ഇവിടെത്താറുണ്ട് . പൂതംകുഴി  അമ്മക്കായി തീവണ്ടിയാപ്പീസിലെ  മാഞ്ചോട്ടില്‍ പ്രത്യേക ഇരിപ്പിടംവരെ ഉണ്ടാകും.
    'അമ്മച്ചിയെ.....'
മാഞ്ചോട്ടിലെ സിമന്ടുബഞ്ചിനു നേരെ നടന്ന അമ്മ മുറുക്കാന്‍ കടക്കാരന്റെ വിളി കേട്ട് തിരിഞ്ഞു.
   'സിഗരട്ട് വേണ്ടായോ?'
രായന്കുട്ടിക്കു വേണ്ടിയാണ്. പഞ്ഞിവച്ച സിഗരട്ട്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവന്‍ അമ്മ കാണാതെ ബീഡി വലിക്കുമായിരുന്നു. അമ്മ ശകാരിച്ചിട്ടില്ല,. അവന്റെ ഇഷ്ടമാണ് അന്നേ പ്രധാനം.
   ഇത് നൂറ്റിപ്പതിനൊന്നാമത്തെ കൂടാന് : പഞ്ഞിസിഗര്ട്ടുകൂടു വാങ്ങുമ്പോള്‍ അമ്മയോര്‍ത്തു.
   ' മോന്‍ വന്നില്ലെങ്കിലെന്താ' അമ്മച്ചിക്ക് പുക വിടാമല്ലോ.'
അമ്മ ദേഷ്യം സംഹരിച്ചു. എന്നിട്ടും കണ്ണു കലങ്ങി. പൂതംകുഴി അമ്മയുടെ ഭാവപ്പകര്‍ച്ച കണ്ട് കടക്കാരന്‍ ചിരിച്ചു. ചിരി കേട്ട് അമ്മ സംശയിച്ചു. ട്രെയിന്‍ നേരത്തെ വന്നുവോ? ഈ ചിരി രായങ്കുട്ടീടെയല്ലേ?
അമ്മ കടക്കുള്ളിലേക്കു പാളി നോക്കി. പതിനാലു വര്‍ഷമായി രായന്കുട്ടിയെ കണ്ടിട്ടു. അവന്റെ മുഖം  ഇപ്പോഴേങ്ങനെയിരിക്കും ? മിടായികളും തമ്പാക്കും വില്‍ക്കുന്നവന്റെ മുഖത്തേക്ക്  കണ്ണിമക്കാതെ നോക്കിനിന്ന് അമ്മ പിറുപിറുത്തു.
   'സത്യം പറ, നീ രായന്കുട്ടി അല്ലെ?'
അമ്മ അയാളുടെ കയ്യില്‍ പിടിച്ചു.
    'മോനെ....'
കുതറിമാറിയ കടക്കാരന്‍ സ്വയം പറഞ്ഞു.
   'തള്ളക്കു ശരിക്കും ഭ്രാന്ത്'
പൂതംകുഴി അമ്മയെ മകന്‍ തള്ള എന്ന് വിളിച്ചിട്ടില്ല. അമ്മ  സിമന്റുബഞ്ചിനു നേരെ നടന്നു. തണലെവിടെ? അമ്മക്ക് തണല്‍ പിടിക്കാനുള്ള മാവ് വെട്ടിയെന്നോ? അമ്മ സ്റ്റേഷന്‍ മാസ്‌റ്ററുടെ മുറിയിലേക്ക് കയറി.
  'മാഷ്ടരെ, ആ മാവെന്തിനു വെട്ടി? '
സ്റ്റേഷന്‍ മാസ്‌റ്ററുടെ അടുത്തിരുന്നവര്‍ പരസ്പരം നോക്കി. ആരും മറുപടി പറഞ്ഞില്ല. അമ്മ സ്റ്റേഷന്‍ മാസ്‌റ്ററുടെ  മുഖത്തു തന്നെ നോക്കി നിന്നു.  അമ്മയ്ക്കു സംശയം. അത് രായന്കുട്ടി തന്നെയോ?
    'മാഷ്ടരെ, മോന്റെ പേരെന്താ? രായന്കുട്ടീന്നല്ലേ? എന്നെ പറ്റിക്കാന്‍ മിണ്ടാതിരിക്കുന്നോ, രായാ. ..'
    ആരൊക്കെയോ ചേര്‍ന്ന് പൂതംകുഴി അമ്മയെ മുറിക്കു പുറത്താക്കി. സിമന്റു ബഞ്ചില്‍ കിടന്നു അമ്മ ഒന്നു മയങ്ങി. ഇരുമ്പുചക്രങ്ങളുടെ മുഴക്കവുമായി രായന്കുട്ടിയുടെ വണ്ടിയെത്തി. ഈ ജനമെല്ലാം എവിടാരുന്നു?  അമ്മയ്ക്ക് ഈ പുരുഷാരത്തില്‍ രായന്കുട്ടിയെ എങ്ങനെ തപ്പാനാകും? അമ്മ പ്ലാറ്റ്ഫോറത്തില്‍ ഓടിനടന്നു.  എന്ത് നീളം വെച്ച വണ്ടിയാണ്. വണ്ടി ഇഴഞ്ഞകന്നപ്പോള്‍ അമ്മ പലപ്രാവശ്യം രായന്കുട്ടിയെ വിളിച്ചു. വീണ്ടും പ്ലാറ്റ് ഫോറം ഒഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് ബോധ്യമായി: രായന്കുട്ടി ഇപ്പോഴും എത്തിയിട്ടില്ല. അമ്മ പരാജയപ്പെടാന്‍ കൂട്ടാക്കിയില്ല.
    ഇതോടെ കാത്തിരുപ്പു കഴിഞ്ഞു.  ഇന്ന് നൂറ്റിപ്പതിനൊന്നാം തവണ. ഇനി അമ്മ തനിസ്വരൂപം കാണിക്കാം രായന്കുട്ടീ.  നിന്നെ പിടിച്ച പിടിയാലെ പൂതംകുഴിയില്‍ എത്തിക്കാന്‍-തേവകാര്‍ന്നോമ്മാരേ, സഹായിക്കേണേ.
    അമ്മ എയര്‍ ബാഗ് തുറന്നു .പേര്‍സ് ഭദ്രമായുണ്ട്.  അമ്മ ടിക്കറ്റ് കൊടുക്കുന്നിടത്തെത്തി.
    'ഈ വണ്ടി എപ്പോള്‍ തിരിച്ചു വരും മോളെ?'
ശ്വാസം പിടിച്ചു കവിളിലെയും കഴുത്തിലെയും മാംസപേശികള്‍ വീര്‍പ്പിച്ചിരിക്കുന്ന ഗുമസ്ത എന്തോ പറഞ്ഞു. ( കഷ്ടം, മോള്‍ടെ ചിരി അനങ്ങുന്നില്ലേ). അമ്മ വീണ്ടും ചോദിച്ചപ്പോള്‍ ഗുമസ്ത ചീറി.
    'മൂന്നരക്ക്'
അമ്മയ്ക്ക് രായന്കുട്ടിയുടെ പട്ടണത്തിലേക്ക് ടിക്കെറ്റ് കിട്ടി.
തീവണ്ടിയില്‍ മലയാളമുണ്ടാകുമോ?
പത്താമത്തെ പെട്ടിയില്‍ അമ്മയ്ക്ക് സീറ്റു കിട്ടി. അമ്മ എയര്ബാഗും കെട്ടിപ്പിടിച്ചു, ജനലില്‍കൂടി വെളിയിലേക്കു നോക്കിയിരുന്നു.
തീവണ്ടിയിലെ മലയാളം അമ്മയ്ക്കിഷ്ടമായില്ല. ഒരു കൊച്ചു പെട്ടിയില്‍ പരസ്പരം അറിയാത്ത പത്തു പതിനഞ്ചു പേര്‍ കൂടിയിരുന്നു പറയുന്ന മലയാളത്തിന് ഒരരുചി. കല്ലിപ്പ്.
     ടിക്കെറ്റ് പിടുത്തക്കാരനെ കണ്ട് അമ്മ അന്തം വിട്ടു. രായന്കുട്ടി വളര്‍ന്നാല്‍ ഇത്രേം വലിപ്പമുണ്ടാകുമോ? നല്ല തീറ്റിയായിരിക്കും. ഇത്രേം വലിയ തീവണ്ടിയിലെ പിടുത്തക്കാരനെല്ലേ . നല്ല വരുമാനവും കാണും. ടിക്കെറ്റ്  തിരിച്ചു വാങ്ങുമ്പോള്‍ അമ്മ വാത്സല്യത്തോടെ അയാളെ നോക്കി.
   'മോന്റെ വീടെവിടാ?'
   അയാളുടെ പരുക്കന്‍ നോട്ടം കണ്ട് അമ്മ എയര്‍ ബാഗില്‍ മുറുകെപ്പിടിച്ചു. ആ ഇരുപ്പില്‍ ഒരു രാത്രി കടന്നുപോയതറിഞ്ഞില്ല , പൂതംകുഴി അമ്മ.
    'ചെന്നായ് 'എന്നു പുതുപേരിട്ട പട്ടണത്തില്‍ അമ്മയുടെ യാത്ര അവസാനിച്ചു. അമ്മ തീവണ്ടിയാപ്പീസിനു വെളിയില്‍ ഇറങ്ങി. പരക്കംപാച്ചിലുകള്‍ക്കിടയില്‍ അമ്മ എത്ര നേരം കാത്തു നിന്നു. അമ്മയ്ക്ക് വഴി മുറിച്ചു കടക്കണം. വഴിയുടെ മറുവശത്തെത്തണം. മറു വശത്തെത്തിയാലോ......
    എങ്ങോട്ടു പോകണമെന്നറിയാതെ അമ്മ കുഴങ്ങി. അമ്മയ്ക്ക് തല കറങ്ങി. മലയാളം ബോര്‍ഡു തൂക്കിയ കടയില്‍ ചെന്ന് പുട്ടും പഴവും കഴിച്ചു.
'രായന്കുട്ടി എന്നൊരാളെ അറിയാമോ മക്കളെ? വെളുത്തിട്ടാണ്‌ '
'പൊക്കം?'
'നിക്കറിഞ്ഞുകൂടാ.'
'തടി?'
'നിക്കറിഞ്ഞുകൂടാ.'
'ആരാ, രായന്കുട്ടി, അമ്മച്ചീടെ ?'
'ഒറ്റമോനാ.. പതിനാലു വര്‍ഷമായി നാട് വിട്ടിട്ടു. ഈ ചെന്നായ നഗരത്തില്‍ അവനുണ്ട്. അച്ഛനെ പാമ്പന്മാര്‍ കൊണ്ടുപോയ വര്‍ഷത്തില്‍ അവന്‍ നാടു വിട്ടു.'
'അമ്മ അന്വേഷിക്കൂ. ഇവിടെ ധാരാളം മലയാളികളുണ്ട്. '
    അമ്മ ഇറങ്ങി നടന്നു. മലയാളം ബോര്‍ഡുകള്‍ കാണായ കടകളിലെല്ലാം ആആംമ കയറി ഇറങ്ങി .
    'രായന്കുട്ടിയെ അറിയുമോ നിങ്ങക്ക്'
തിളയ്ക്കുന്ന ചൂടില്‍ നടന്നു നടന്നു അമ്മയുടെ ശബ്ദം കൂടി മാറിപ്പോയി. ക്ഷീണം കൂടുന്തോറും അമ്മയ്ക്ക് വാശി ആയിരുന്നു: അവനെ കണ്ടേ ഞാം പോകൂ, ചെന്നായെ.
ഈ പട്ടണത്തില്‍ എത്രയോ പ്രതിമകള്‍.  രായന്കുട്ടീടെ പ്രതിമ ഉണ്ടോ ഇവിടെ.
    ഒരു വിളി കേട്ട് അമ്മ നിന്നു.
    മുഷിഞ്ഞ കൈലിയും കീറിയ ബനിയനുമിട്ട ഒരാള്‍.
    'എന്തേ വിളിച്ചത്?'
    'ക്ഷമിക്കണം, ഞാന്‍ അമ്മയുടെ മകനല്ല. എന്റെ പേര് രാജന്കുട്ടി.ഞാന്‍ ഭയപ്പെട്ടു. നാട്ടില്‍ നിന്നും വന്നത് എന്റെ അമ്മയാണെന്ന്. '
അയാള്‍ തിരിച്ചോടി. അമ്മയ്ക്ക് ചിരി വന്നു.
പൂതംകുഴി തറവാട്ടിലെ അമ്മയുടെ മകന്‍ ഇങ്ങനെ മുഷിഞ്ഞ വേഷത്തില്‍ പട്ടണത്തിലിറങ്ങി നടക്കുമോ? അയാള്‍ക്കു പുറകെ കുറെ ഏറെപ്പേര്‍ വന്നു.   
എല്ലാവരും രായന്കുട്ടിമാര്‍ തന്നെ. ഓരോരുത്തരും സമൂഹത്തിന്റെ താഴേക്കിടയിലുള്ള.......
ഇത്രയും ദരിദ്രരായ രാജന്കുട്ടിമാരെ കണ്ട് പൂതംകുഴി അമ്മയ്ക്കു ദുഖമുണ്ടായി.
    കടല്‍ കാണായി.  ആകാശം പോലെ പരന്ന മണല്‍പ്പുറത്ത് ഉത്സവമാണോ? എത്രയോ ആളുകള്‍. കുതിരപ്പുറത്തു കയറാന്‍ കുട്ടികള്‍ ബഹളം വയ്ക്കുന്നു. ഇടതുവശത്ത് ബഹളം കേട്ട് അമ്മ ശ്രദ്ധിച്ചു. തമാശക്ക് തമ്മില്‍ തള്ളുന്ന ചെറുപ്പക്കാര്‍. ശരാബികള്‍. അവരിലൊരാള്‍ വിളിച്ചുപറഞ്ഞ തെറിവാക്ക് കേട്ട് അമ്മ ചെവി പൊത്തി.
    പക്ഷെ അവര്‍ പറയുന്നത് മലയാളം.
    അമ്മ അവരുടെ അടുത്തേക്ക് ചെന്നു. അവിടെ നിന്നും ശരാബികള്‍ ഓടി അകലാന്‍ തുടങ്ങി.
    അമ്മ കൈ നീട്ടി വിളിച്ചു.
    'മക്കളെ, നില്ല്, മക്കളേ...... നില്ല്'
    ശരാബികള്‍ കണ്ണ് മുഴപ്പിച്ചു കാണിച്ചു. അമ്മ ഭയപ്പെട്ടില്ല. അമ്മ ഓടിച്ചെന്ന് ഒരാളെ കടന്നു പിടിച്ചു. അമ്മ രാജന്കുട്ടിയെക്കുറിച്ചു പറഞ്ഞു.
    ശരാബികള്‍ ചര്‍ച്ച ചെയ്തു. 
    'നമ്മുടെ ബോസ്സായിരിക്കുമോ ഈ രാജന്കുട്ടി ?'  
    'എന്നാല്‍ ഇത്രയും നല്ലോരമ്മയ്ക്ക് ബോസ്സിനെപ്പോലെ ഒരു മകനുന്റാവുമോ ..?'
    'ഞങ്ങളുടെ ബോസ്സിനൊരമ്മ ഉണ്ടായിരിക്കില്ല. പക്ഷെ അയാള്‍ അതേ നാട്ടില്‍ നിന്ന് വന്നതാണ്'
    'എങ്കില്‍ രായന്കുട്ടി തന്നെ മക്കളെ. അമ്മയ്ക്കു സഹിക്കാനാവുന്നില്ല മക്കളെ. എന്നാല്‍ അവന്‍ കള്ളനും കൊള്ളക്കാരനുമാവില്ല. എനിക്ക് ബോസ്സുകുട്ടിയെ ഒന്ന് കാണാനൊക്കുമോ?'
     അമ്മ ധൃതി പിടിച്ചു. അവരിലൊരാള്‍ ബോസ്സിന് ഫോണ്‍ ചെയ്യാനായി പോയി.  അമ്മ കാത്തിരുന്നു. 
സന്ധ്യ ആകുംവരെ പൂതംകുഴി അമ്മ ഉരിയാടിയില്ല. ബോസ്സിനെ വിളിക്കാന്‍ പോയവര്‍ തിരിച്ചെത്തി. അമ്മ എയര്‍ ബാഗും തൂക്കി എഴുന്നേറ്റു.    
   'പോകാം കുട്ടാ'
   'പക്ഷെ അമ്മ കാത്തിരിക്കണം. അടയാളങ്ങള്‍ ശരിയാകുന്നുണ്ട്'
ശരാബികള്‍ അമ്മയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു. അമ്മ കൊണ്ടുവന്ന സിഗരട്ട് അവര്‍ക്ക് നല്‍കി.
   'പഞ്ഞി വച്ചതാ.'
അമ്മ എയര്‍
ബാഗില്‍ നിന്നും ഭദ്രമായി അടച്ചുകെട്ടിയ ഭരണി എടുത്തു.
    'തേന്‍ വരിക്ക വരട്ടിയതാ മക്കളെ'
ഭരണിയുടെ അടപ്പ് തുറന്ന് അമ്മ കൈ ഇട്ടു. ശൂന്യം! അമ്മയ്ക്കു നിരാശ.
     'ഭരണി മാറിപ്പോയി മക്കളേ.'
ശരാബികള്‍ കളിയാക്കി.
     'പതിനാലു വര്ഷം കാത്തിരുന്ന അമ്മ മകനു വേണ്ടി കൊണ്ടുവന്നത് ഒഴിഞ്ഞ ചീനഭരണി'
അമ്മയ്ക്കു നൊന്തു. അമ്മ തലയിലിടിച്ചു തേങ്ങിക്കരഞ്ഞു. ശരാബികള്‍ അമ്മയെ ആശ്വസിപ്പിച്ചു.
    'ബോസ്സ് ക്ഷമിക്കും അമ്മെ, തീര്‍ച്ച.'
    'എപ്പളാ അവനെ കാണ്വാ ..?'
അവര്‍ അമ്മയെയും കൊണ്ടു തീവ
ണ്ടിയാപ്പീസിലെത്തി. അമ്മയോടൊപ്പം അവരിലൊരാള്‍ തീവണ്ടിയില്‍ കയറി ഇരുന്നു.
    'അമ്മ ഉറങ്ങിക്കോളൂ'
മകന്റെ അടുത്തെത്താന്‍ ഇനി നിമിഷങ്ങളെ ഉള്ളൂ'
തീവണ്ടി താളം കൊട്ടി,ആട്ടുകട്ടിലാട്ടി അമ്മയെ ഉറക്കി.
ഉണര്‍ന്നപ്പോഴും വണ്ടി പായുകയാണ്. നേരം വെളുതുകഴിഞ്ഞു.
     'മോനൂട്ടാ.. '
അമ്മയുടെ വിളി കേട്ട് ചെറുപ്പക്കാരന്‍ ഉണര്‍ന്നു. വണ്ടി നിന്നപ്പോള്‍ അയാള്‍ സ്റ്റേഷനില്‍ നിന്നും ചായയും പലഹാരങ്ങളും വാങ്ങി വന്നു. ആഹാരം കഴിക്കുമ്പോള്‍ ആമ്മ സംശയിച്ചു.
     'രായന്കുട്ടീടെ താമസം ദൂരെയാണോ മോനെ?'
     'ആതെ.'
അയാള്‍ അമ്മയോടു വീണ്ടും ഉറങ്ങിക്കൊ
ള്ളാന്‍ പറഞ്ഞു. വണ്ടി പായുകയാണ്.
     ചെറുപ്പക്കാരന്‍ അമ്മയെ ഉണര്‍ത്തി. അവര്‍ തീവണ്ടിയില്‍ നിന്നും ഇറങ്ങി.
    'ഇതാണ് ബോസ്സിന്റെ സ്ഥലം.'
    അമ്മയ്ക്കു പരിഭ്രമമായി. എല്ലാ തീവ
ണ്ടി ആപ്പീസുകളും ഒരുപോലെ തന്നെ.
    'അവനെ എപ്പോഴാ കാണ്വാ .?'
അയാള്‍ ടാക്സി വിളിച്ചു.
    അമ്മയ്ക്കു സ്വന്തം ഗ്രാമത്തിലേക്കുള്ള വഴിയാ
ണോര്‍മ്മ വന്നത്. കാറില്‍ ആ വഴി പോകുമ്പോഴും ഇങ്ങനെ തന്നെ സുഖമുണ്ടാകും. രായന്കുട്ടീനേം കൂട്ടി ഇങ്ങനെ കാറില്‍ പൂതംകുഴിയിലേക്ക് അമ്മ ഒരു പോക്കുണ്ട്.
    ഒരു ക്ഷേത്രത്തിനു മുമ്പില്‍ കാര്‍ നിന്നു.
    'അമ്മ ഈ ക്ഷേത്രത്തില്‍ കാത്തിരിക്കുക. ബോസ്സ് ഇവിടെ വന്നു കൂട്ടിക്കൊണ്ടു പോകും'
അമ്മ കാറില്‍ നിന്നിറങ്ങി. കാര്‍ തിരിച്ചു പോകുമ്പോള്‍ അമ്മ കുറ്റബോധത്തോടെ ഓര്‍ത്തു.
   'അവന്റെ പേരുകൂടി ചോദിച്ചില്ല'
അമ്മ എത്ര നേരം വേണമെങ്കിലും കാത്തിരിക്കും. ക്ഷേത്രത്തിലേക്കു നടക്കുമ്പോള്‍ അമ്മയ്ക്കു ദൂരെയുള്ള ഏതോ സ്ഥലം ഓര്‍മ്മ വന്നു. നാട്ടിലെ ക്ഷേത്രം അതേ കൃത്യതയോടെ ഈ സ്ഥലത്തും!!!  
അമ്മ ആല്‍ത്തറയില്‍ കാത്തിരുന്നു.
സായാഹ്ന പൂജക്ക്‌ ക്ഷേത്രം തുറക്കാന്‍ ശാന്തിക്കാരനെത്തി.  അമ്മയെ കണ്ട് അയാള്‍ ചിരിച്ചു. അന്യ നാട്ടുകാരന്‍ അമ്മയെ അറിയുന്നോ?
    'അമ്മ എന്താ ഈ സമയത്ത്?'
അമ്മ സൂക്ഷിച്ചു നോക്കി. നാട്ടിലെ ശാന്തിക്കാരനെപ്പോലെതന്നെയിരിക്കുന്നു.
    'മലയാളിയാണോ?'
ശാന്തിക്കാരന് തമാശയായി.  അയാള്‍ വിക്കി വിക്കി പറഞ്ഞു.
    'കൊഞ്ചം കൊഞ്ചം തെരിയും അമ്മാ'
പൂജാപാത്രങ്ങള്‍ വൃത്തിയാക്കുന്നതിനിടയില്‍ അയാള്‍ ചിരിച്ചുകൊണ്ടിരുന്നു. സന്ധ്യയാകാറായിട്ടും രാജന്കുട്ടി എത്തിയില്ല. നട തുറന്നപ്പോഴും അമ്മ അതിശയിച്ചു. നാട്ടിലെ പ്രതിഷ്ടയോ?
അമ്മ നടയ്ക്കല്‍ നിന്നുകൊണ്ട് കണ്ണടച്ച് ഒറ്റ വിളി.
    'ദേവ്യേ, ഈ അന്യ നാട്ടില്‍ എന്നെ ഒറ്റയ്ക്കുനിര്‍ത്തിയിട്ട് എന്റെ രായന്കുട്ടിഎവിടെ ഒളിച്ചിരിക്കുന്നു? എനിക്കിവിടുത്തുകാരുടെ ഭാഷ പോലുമറിയില്ലേ..'
    തൊഴുതു നിന്നവരില്‍ നിന്നും കൂട്ടച്ചിരി മുഴങ്ങി.
   'പൂതംകുഴി അമ്മെ, ഞങ്ങള്‍ അന്യ ദേശക്കാരോ? സിഗരെട്ടുവലി നിര്‍ത്തി കഞ്ചാവ് തുടങ്ങിയോ?'
അമ്മ സ്തബ്ധയായി. നാട്ടിലെ ക്ഷേത്രം പോലൊരു ക്ഷേത്രം. നാട്ടിലെ പൂജാരിയെപ്പോലൊരു പൂജാരി. നാട്ടിലെ നാട്ടാരെപ്പോലെയുള്ള.....
    അമ്മ എയര്‍ ബാഗുംതൂക്കി വെളിയില്‍ കടന്നു. ഒന്ന് പരീക്ഷിച്ചു കളയുക. അമ്മ പടികളിറങ്ങി. പാടത്തിന്‍ വരമ്പിലൂടെ  കുന്നുംതോടും ചുറ്റിത്തിരിഞ്ഞ്‌....
     പൂതംകുഴി തരവാടുപോലൊരു തറവാട്. ഇടിഞ്ഞുവീണ അതേ പടിക്കെട്ടുകള്‍. കാടുപിടിച്ച മുറ്റം. അമ്മയ്ക്കു കാണാന്‍ കഴിഞ്ഞ കാഴ്ചകള്‍ അത്രയ്ക്ക് മാത്രം.
     നേരം ഇരുണ്ടു കഴിഞ്ഞു. അമ്മയ്ക്കു ദാഹിച്ചു. അമ്മ കിണറ്റുകരയിലെത്തി. നിലത്തിഴയാന്‍ തുടങ്ങിയ ഒരു പാമ്പന്റെ രൂപം. അമ്മ പുറകോട്ടു ചാടി. തോട്ടി കാണാഞ്ഞപ്പോള്‍ അമ്മ ഓര്‍മ്മിച്ചു. പാമ്പനല്ല. പൊട്ടിയ കയര്കഷണമാ.  നാട്ടില്‍ നിന്നും ഇങ്ങോട്ടു പോരുമ്പോള്‍ വീട്ടിലെ തോട്ടി പൊട്ടി വീണിരുന്നു. അമ്മ സ്വന്തം തറവാടുപോലെ കാണായ വീട്ടിലേക്കു കയറി.  തുറന്ന് കിടന്ന വാതില്‍ കണ്ട് അമ്മ സംശയിച്ചു: നാട്ടില്‍ നിന്നും ഞാന്‍ പോരുമ്പോള്‍ വീട് പൂട്ടിയിരുന്നോ?
      അമ്മ ഒരു തമാശക്കായി അകത്തുള്ള മുറികളില്‍ കയറി നടന്നു. അമ്മ വിലക്ക് കൊളുത്തി. അടച്ചു വച്ച ഒരു ഭരണി എടുത്തു. വരട്ടിയ തേന്‍ വരിക്കയുടെ മണം.  അലമാരയില്‍ അടുക്കി വച്ചിരുന്ന പഞ്ഞി സിഗരെട്ടിന്റെ കൂടുകള്‍ കൈ തട്ടി വീണു. അമ്മ അവിശ്വസിച്ചു.  ഇത് പൂതംകുഴി ആവില്ല. പൂതംകുഴി വീട് പൂട്ടിയിരുന്നല്ലോ.
     അമ്മ മുറ്റത്തിറങ്ങി,തെക്കോട്ട്‌ നടന്നു. ഗുരുകാര്‍ന്നോമ്മാരെ വിളിച്ച് അമ്മ തിരി വയ്ക്കുന്ന കല്ലുകള്‍ തപ്പി നടന്നു. അവിടെ ഒരു പൊത്തില്‍ വീട് പൂട്ടിയിരുന്ന താക്കോല്‍ വെച്ചിരുന്നതാണ്.
    'ഇതെന്റെ തറവാ
ടെങ്കില്‍ ഇത് തുറന്നുകിടക്കുമായിരുന്നില്ല.'
അമ്മയുടെ വിരലുകള്‍ പൊത്തില്‍ പരതി. 
അമ്മയുടെ കൈ തണുത്ത താക്കോലില്‍ തൊട്ടു.
      ആ കൈ വീ
ണ്ടെടുക്കാനറിയാതെ, താക്കോലിന്റെ സുരക്ഷിതത്വം തൊട്ടറിഞ്ഞ്, ഓരോന്നോര്‍ത്തു കിടന്നു പൂതംകുഴി അമ്മ.
**************************************************************



Friday, June 15, 2012

പഞ്ചതന്ത്രത്തിലെ മകന്‍


 പഞ്ചതന്ത്രത്തില്‍  എന്നെപ്പോലൊരു മകന്‍ ഉണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ കടുത്ത രോഗാവസ്ഥയില്‍ എന്നെ അരികെ വിളിച്ച് ഒരു നാടന്‍ കൃഷീവലനു വേണ്ട എല്ലാ ഭാവഹാവാദികളോടും കൂടി എന്റെ അച്ഛന്‍ ഉപദേശിച്ച കാര്യങ്ങള്‍ കേള്‍ക്കെ എനിക്ക് ബോധ്യമായി: എന്റെ അച്ഛന്‍ പഞ്ചതന്ത്രത്തിലെ അച്ഛന്‍ തന്നെയാണ്. 
    അച്ഛന്‍ കുഴിച്ചിട്ട നിധി തേടി ഞാന്‍ പറമ്പു കിളച്ചു മറിച്ചു.  പണിയായുധങ്ങള്‍ക്ക് വിശ്രമം കൊടുത്തില്ല. എന്റെ കൂന്താലി ഏതു നേരവും മണ്‍കട്ടകള്‍ക്കിടയില്‍ നിന്നും തിളങ്ങുന്ന ഒരു മഞ്ഞ സൂര്യനെ, അച്ഛന്‍ ശ്വാസതടസ്സങ്ങള്‍ക്കിടയില്‍ പ്രകീര്‍ത്തിച്ച നിധി, ഇളക്കി എടുത്തു വെളിയില്‍ കൊണ്ടുവരുമെന്ന് ഞാന്‍ ആഗ്രഹിച്ചു. സ്വര്‍ണ്ണനാണയങ്ങള്‍ നിറഞ്ഞ കുടം എനിക്കു കിട്ടിയില്ല.
പഞ്ചതന്ത്രത്തിലെ അറിവുകള്‍ എന്നെ അച്ഛന്റെ വഴികളിലേക്ക് തള്ളിവിട്ടു. ഒരു കൃഷിക്കാരനാവുക അത്ര എളുപ്പമല്ലെന്ന് എനിക്കറിയാന്‍ അധികകാലം വേണ്ടി വന്നില്ല. കിളച്ചു മറിച്ച മണ്ണിലേക്ക് ഞാന്‍ വിത്തെറിഞ്ഞു. ഋതുക്കളുടെ വേഗത അറിയുന്ന ഒരു നാടന്‍ കൃഷിക്കാരനാവുകയായിരുന്നു ഞാന്‍. കളപ്പുര നിറഞ്ഞപ്പോള്‍ ഞാന്‍ അച്ഛന്റെ നിധി കണ്ടു. ഞാന്‍ മുണ്ടു കൊടുത്തു കൊണ്ടുവന്ന പെണ്ണിനോട്  എന്നും അച്ഛന്റെ ബുദ്ധിയെക്കുറിച്ചു പറയുമായിരുന്നു. അത് കേട്ട് അവള്‍ - മറ്റൊരു പ്രമാണിയായ കൃഷിക്കാരന്റെ പുത്രി - മണ്ണിനോടുള്ള പഴയവരുടെ ബന്ധത്തെക്കുറിച്ച് പ്രകീര്ത്തിക്കുമായിരുന്നു.  വര്‍ണ്ണക്കൂട്ടുകള്‍ വാരിത്തേക്കാത്ത അവളുടെ മുഖം നോക്കിയിരുന്ന് എല്ലാ സായം കാലങ്ങളിലും ഞാന്‍ പറയുമായിരുന്നു.
    "ഒരു പക്ഷെ ഗോമതീ, നീയാണെന്റെ നിധി. അച്ഛന്‍ സൂചിപ്പിച്ച നിധി"
കവിളില്‍ കപട ഗൌരവം വരുത്തി അവള്‍ എന്നെ ഗുണദോഷിച്ചു പോന്നു.
    "ഭൂമി മലയാളത്തിലെ കൃഷീവലാ, ഇപ്പോള്‍ ഒരു നല്ല കൃഷിക്കാരന്‍ ആയിട്ടും നിധിയെക്കുറിച്ചുള്ള ചിന്ത തന്നെയോ മനസ്സ് നിറയെ?"
അവള്‍ പറഞ്ഞത് സത്യമായിരുന്നു. അച്ഛന്റെ ഉപായം ഒരളവുവരെ എന്നെ രക്ഷിച്ചെങ്കിലും ആ നിധി തേടിയുള്ള അലച്ചില്‍ എന്നെ ഇതാ മഹാ ദുരിതത്തിലേക്ക് എത്തിച്ചിരിക്കുന്നു. എല്ലാ ഭാഗ്യങ്ങളും അസ്തമിച്ചു കഴിഞ്ഞ ഒരു കൃഷിക്കാരന്റെ നിലനില്‍പ്പിനായുള്ള അവസാന കുതിപ്പാണ് ഇനിയുള്ള ഏതാനും നിമിഷങ്ങളില്‍. 


ഇപ്പോഴെത്തും ; രാമു വക്കീല്‍ ഇവിടെ ബസ്സിറങ്ങും. സന്ധ്യമയക്കത്തില്‍ ഈ കവലയില്‍ വന്നിറങ്ങി വീട്ടിലേക്കു നടക്കുമെന്നാണ് കേള്‍ക്കുന്നത്. ഒരു പുനര്‍വിചിന്തനത്തിന്  വിധേയെയമാക്കാതെ , വരും വരായ്കകളെ ഓര്‍ത്തു ഭീതി കൊള്ളാതെ ഞാന്‍ കാത്തിരിക്കുകയാണ്., രാമു വക്കീലിനെ. ബസ്സിറങ്ങിയാല്‍ വക്കീല്‍ നേരെ പുഴക്കടവില്‍ എത്തുമെന്നാണ് ഒരാള്‍ പറഞ്ഞത്. വള്ളക്കാരനെ കൈ വീശി വിളിക്കും. കടത്തു കടന്നെത്തുന്ന വക്കീലിനെ കാത്ത് അക്കരെയും ആള്‍ക്കാരുണ്ടാവും. ഒന്നാം ഊഴം തേടി ഈ ഞാന്‍.  തലയില്‍ കോറിയ വരകള്‍ ഉഴിഞ്ഞു കളയാന്‍ എത്ര ശ്രമിച്ചു? പഞ്ചതന്ത്രത്തിലെ മാര്‍ഗങ്ങളൊന്നും എനിക്ക് വഴങ്ങുന്നില്ല. ഇതാ ഞാന്‍ വ്യവഹാരം തുടങ്ങാന്‍ പോകുന്നു. ഉറക്കത്തിന്റെ കണ്ണീച്ചകള്‍ ക്രമേണ പറന്നു തുടങ്ങി. പകല്‍ ചുട്ട വഴികള്‍ നടന്നു ഞാന്‍ ക്ഷീണിച്ചിരിക്കുന്നു.  ഈ കാത്തിരുപ്പ് എത്ര നേരം കൂടി?
     ഉറക്കം മാറ്റാനായി പദങ്ങള്‍ ഉരുവിട്ടു പഠിക്കുന്നതാണ് നല്ലതെന്ന് തോന്നി.
    "ഹേ, നീതിമാന്‍, സത്യപ്പെരുമാളായ രാമു വക്കീലെ, എന്റെ ഭാര്യയേയും മക്കളെയും മറ്റൊരാള്‍ വശത്താക്കി വച്ചിരിക്കുകയും, ഇക്കാലമത്രയും പിതൃസ്വത്തായി കൈവന്നു ഞാന്‍ വച്ചനുഭവിക്കുകയും ചെയ്തു പോന്ന
സ്ഥാവരവസ്തുക്കള്‍ അയാള്‍ കൈക്കലാക്കുകയും ...."
ശിക്ഷയായി.  ഇത്ര നീണ്ട വാചകങ്ങളോ? രാമു വക്കീലിനെ കാണുമ്പോള്‍ ഒരു വിഭ്രാന്തിയുടെ വക്കോളം എത്തിയാലോ എന്ന് ശങ്കിച്ചായിരുന്നു ഈ വിഷമംപിടിച്ച വാചകം ഞാന്‍ കാണാപ്പാഠം പഠിച്ചത്. എന്റെ പേശികള്‍ക്കുള്ളില്‍ എന്തോ വലുതായി മഥിച്ചു.  നാക്ക്‌ ആ വാക്കുകളെ ക്രൂരമായി തിന്നു. പിടികിട്ടാപ്പുള്ളിയെപ്പോലെ  എന്റെ വ്യവഹാരഭാഷ എന്നെ അമ്പരപ്പിച്ചു. എനിക്കറിയാം, എല്ലാറ്റിനും കാരണം എന്റെ അതി മോഹം ആയിരുന്നു. അല്ല, എന്റെ വരണ്ട മനസ്സില്‍ മോഹവിത്തുകള്‍ കിളിര്‍പ്പിച്ച പഞ്ചതന്ത്രത്തിലെ അച്ഛനായിരുന്നു. എല്ലാ പിതാക്കന്മാരും ഇങ്ങനെ തന്നെ. മിട്ടായികള്‍ക്കൊപ്പം അതിമോഹത്തിന്റെ വലകളും അവര്‍ മക്കള്‍ക്കായി ഒരുക്കിയിടാറുണ്ട്.  ഒരു നല്ല കൃഷിക്കാരന്‍ പ്രകൃതിയോടു ചേര്‍ന്ന് ജീവിക്കണമെന്നും നിധിപോലുള്ള മായക്കഥകള്‍ വിശ്വസിക്കാതെ നോക്കണമെന്നും അനുഭവങ്ങളിലൂടെ അറിഞ്ഞ എനിക്ക് എന്താണ് സംഭവിച്ചത്?
     എല്ലാം എനിക്കോര്‍ക്കാന്‍ കഴിയുന്നുണ്ട്. ഒരു വൈകുന്നേരം ചക്രം വച്ച് കണ്ടത്തിലേക്ക്‌ വെള്ളം കയറ്റിക്കൊണ്ടിരുന്നപ്പോള്‍ രാമചന്ദ്രന്‍ എന്നെ തേടിയെത്തി. 
എന്റെ ബന്ധു ആണത്രെ അയാള്‍. എന്റെ കാലുകള്‍ ചവിട്ടി ഉയര്‍ത്തുന്ന വെള്ളത്തിലേക്ക്‌ നോക്കിനിന്ന് രാമചന്ദ്രന്‍ എന്നോടു സംസാരിച്ചു. അയാള്‍ ഗവേഷണ യാത്രയിലായിരുന്നു. ഭേദപ്പെട്ട കുറെ കൃഷിക്കാരുടെ അനുഭവങ്ങള്‍ അറിയണം. ശാസ്ത്രീയ രീതികള്‍ വല്ലതും അവലംബിച്ചിട്ടുണ്ടോ?.  ഈ പൊന്മേനി വിളയിക്കാന്‍ ആധാരം എന്ത്? ഒക്കേറ്റിനും ഈശ്വരകൃപ ഒന്നാണടിസ്ഥാനം എന്ന് ഞാന്‍ പറഞ്ഞു.  പണി കഴിഞ്ഞു, വെളിമ്പറമ്പില്‍ മേഞ്ഞുകൊണ്ടിരുന്ന കാളകളെയും തെളിച്ചു വീട്ടിലേക്കു പോരാന്‍ തുടങ്ങുമ്പോള്‍ രാമചന്ദ്രന്‍ കൂടെ കൊണ്ടുവന്ന ഒരു വലിയ തുകല്‍പ്പെട്ടി ഞാന്‍ കൊതിയോടെ നോക്കിക്കൊണ്ടിരുന്നു. ഇക്കാലത്ത് വലിയ മനുഷ്യര്‍ പാവപ്പെട്ട ബന്ധുക്കളെ അന്വേഷിച്ചു വരുക അസാധാരണം ആണ്. രാമചന്ദ്രന്‍ എന്നെ തേടിവന്നതോര്‍ത്ത് ഞാന്‍ അതിശയിച്ചു. എനിക്ക് അയാളോട് വല്ലാത്ത അടുപ്പവും ബഹുമാനവും തോന്നി. ഒരു നല്ല നാടന്‍ കര്‍ഷകന് ഒരിക്കലും ഈ പിഴവ് പറ്റാതിരിക്കട്ടെ.  രാമചന്ദ്രന്റെ ഭീമശരീരവും നരച്ച മേല്‍മീശയും മൂക്കോളം എത്തിയ കവിളെല്ലും എന്നെ ആകര്ഷിച്ചതെങ്ങനെ? ആ തടിച്ച തുകല്‍പ്പെട്ടിയുടെ  ഉടമസ്ഥന്‍ ആയിരുന്നു അയാള്‍ എന്നത് മാത്രമാണ് അതിനു കാരണമെന്ന് ഞാന്‍ അപ്പോള്‍ മനസ്സിലാക്കിയിരുന്നില്ല. ഒരു മാത്ര ആ തടിച്ച തുകല്‍പ്പെട്ടി  ഒന്ന് തൊടാന്‍ കൂടി ഞാന്‍ കൊതിച്ചു. 
      രാമചന്ദ്രന്‍ എന്നോടൊപ്പം കുറെ നാള്‍ താമസിക്കാന്‍ അനുവാദം ചോദിച്ചു. ഞാന്‍ ആ തടിച്ച പെട്ടിയോടായിരുന്നു സമ്മതം മൂളിയത്. താര്‍ ചെയ്ത വഴി വിട്ട് അമ്പലക്കുളം ചുറ്റിപ്പോകുന്ന വെട്ടുവഴിയിലൂടെ, ഇരുപുറവും മരച്ചീനിക്കമ്പുകൊണ്ടു വേലികെട്ടിയ ഇടങ്ങളിലൂടെ  ഞങ്ങള്‍ വീട്ടിലേക്കു നടന്നു. നീലനും മണിയനും കുടമണി കുലുക്കി ഞങ്ങള്ക്കു പുറകെ ഉണ്ടായിരുന്നു. രാമചന്ദ്രന്റെ തുകല്‍പ്പെട്ടി ചുമക്കാന്‍ എനിക്ക് പ്രയാസം തോന്നി. ഒരു പക്ഷെ എന്റെ ഭാഗ്യസൂര്യന്‍ ആകേണ്ടിയിരുന്ന  പെട്ടിയും പേറി ഞാന്‍ നടക്കുകയായിരുന്നു.  ഭൂമിയുടെ ഭാരം ചുമക്കുന്ന ഒരടിമയായിപ്പോയി ഞാന്‍. ഭാരം എന്നെ തളര്ത്തിയപ്പോള്‍ അഴുക്കു ചാലിലേക്ക് അതെറിഞ്ഞു കളഞ്ഞാലോ
എന്നുകൂടി ഞാന്‍ ആലോചിച്ചു. അത്ഭുതസിദ്ധികള്‍ ആവാഹിച്ച പെട്ടിയാകാം അത്.  പഞ്ചതന്ത്രത്തിലെ എന്റെ നിധിയും ആകാം. നിധി എറിഞ്ഞു കളയേണ്ടതല്ല. രാമചന്ദ്രന്റെ മുമ്പില്‍ ഞാന്‍ എത്ര നിസ്സാരന്‍ എന്ന തോന്നല്‍ ഒരു മിന്നലായി എനിക്കുണ്ടായി. വീടിന്റെ പടിക്കെട്ടുകള്‍ കയറുമ്പോള്‍ എന്റെ ഞരമ്പുകള്‍ വിയര്‍പ്പു ചീറ്റുംപോലെ-ഇരുട്ടില്‍ മണിയനോ, നീലനോ എന്റെ പാദത്തില്‍ കുളമ്പമര്‍ത്തി നോവിച്ചു. പെട്ടി പുറംതിണ്ണയില്‍ ഇറക്കി വക്കുമ്പോള്‍ എന്നെ ഒന്ന് സഹായിക്കാന്‍ പോലും നില്‍ക്കാതെ രാമചന്ദ്രന്‍ അകത്തു കയറി വിളിച്ചു.
     "ഗോമതിയേ, ....."
കാളകളെ തൊഴുത്തില്‍ കേട്ടിയിടാനോ, ഗോമതിയെ തിണ്ണയിലേക്ക് വിളിക്കാനോ എനിക്ക് കഴിഞ്ഞില്ല. പെട്ടിയുടെ ഭാരം എന്നെ കുഴക്കിയിരുന്നു.
കുഴഞ്ഞു വീണ ഞാന്‍ പെട്ടിയില്‍ തന്നെ മുഖമമര്‍ത്തി ലേശം ഉറങ്ങിപ്പോയി. അതോ, ആ പെട്ടി വിട്ടുപോകാനുള്ള മടികൊണ്ടാണോ എനിക്ക് തളര്‍ച്ചയുണ്ടായത് ? ആ ആര്‍ക്കറിയാം. ഞാന്‍ ഉണര്‍ന്നപ്പോള്‍ രാമചന്ദ്രന്‍ എന്റെ സമീപം കസേരയിലിരുന്നു കാല്‍ കൊണ്ടു പെട്ടിയില്‍ താളമിട്ടു മൂളിപ്പാട്ടു പാടുകയായിരുന്നു. കണ്ണ് തുറന്ന എന്നോട് ആദ്യം പറഞ്ഞ വാചകം കേട്ട് ഞാന്‍ സ്തംഭിച്ചുപോയി.
     "ഒരു കൃഷിക്കാരന് ഇത്രയും സുന്ദരിയായ ഭാര്യയെ കിട്ടിയല്ലോ. നിങ്ങള്‍ ഭാഗ്യവാനാണ്.":
റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ എനിക്ക് തോന്നിയത് ഞാന്‍ ചില്ലിനുള്ളില്‍ കുടുങ്ങിയ ഒരീച്ചയാണെന്നാണ്‌. എന്റെ ഭാവം കണ്ടു രാമചന്ദ്രന്‍ ചിരിച്ചു.
    വീട്ടിലെ പ്രധാനിയെന്ന നിലക്ക് അതുവരെ ഞാന്‍ ഉപയോഗിച്ചിരുന്ന മുറി എനിക്ക് നഷ്ടപ്പെട്ടു. ഏതു നിലക്കും ഞാന്‍ സുരക്ഷിതനായിരിക്കണമെന്നു കരുതിയാണ് നാലുപുറവും ഇഷ്ടികച്ചുമരുള്ള ഒരു സ്വകാര്യ മുറി വീടിനോടു ചേര്‍ന്ന് പണിയിച്ചത്.  എന്റെ ഭാര്യയെയോ മക്കളെയോ ഓര്‍ത്തു ഞാന്‍ അത്രയ്ക്കു സുരക്ഷിതത്വ നടപടികളെടുത്തിരുന്നില്ല .  അവര്‍ക്ക് വേണ്ടി വെടിപ്പും ഉറപ്പുമില്ലാത്ത മണ്‍ഭിത്തികളുള്ള രണ്ടു മുറികള്‍ ഉണ്ടായിരുന്നു. കുടുംബത്തലവനായ എന്റെ സുരക്ഷിതത്വം കൊണ്ടു മാത്രം അവര്‍ക്കും തൃപ്തിപ്പെടേണ്ടിവന്നു. കാരണം ഞാന്‍ രാജ്യത്തിന്റെയും കുടുംബത്തിന്റെയും നട്ടെല്ലായ ഒരു കൃഷിക്കാരനായിരുന്നല്ലോ. അഹന്ത കലര്‍ന്ന എന്റെ ഇത്തരം ചിന്തകളിലേക്ക് രാമചന്ദ്രന്‍ കടന്നുവന്നത് എന്നെ പിന്നീട് വിഷമിപ്പിച്ചു. 
എനിക്കു പെട്ടി ലഭിച്ച മുഹൂര്‍ത്തം എന്റെയുള്ളില്‍ തെളിയുന്നു.  ഞാറു നടാന്‍ നിലം പാകപ്പെടുത്തിയിട്ട് നീലനും മണിയനുമുള്ള ഒരുകെട്ട്‌ പുല്ലുമായി ഞാന്‍ വീട്ടിലെത്തിയതായിരുന്നു.  നീലന്റെ കണ്ണുകളില്‍ ഈച്ചയും പാടയും കുഴഞ്ഞിരിക്കുന്നത് എന്തോ ആപല്‍സൂചനയായി എനിക്കനുഭവപ്പെട്ടു. ഒരു നല്ല കൃഷിക്കാരന്‍ അവന്റെ മൃഗങ്ങളെ ശ്രദ്ധിച്ചാല്‍ ലോകത്തിന്റെ യാത്രാരഹസ്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. എപ്പോഴും ഗോമതിയുടെ ചേലത്തുമ്പില്‍  തൂങ്ങിനടക്കാറുള്ള കുട്ടികള്‍ രണ്ടും കച്ചിത്തുറുവിന്‍ കീഴില്‍ വിരിച്ച പുല്‍പ്പായയില്‍ കിടന്നുങ്ങുന്നുണ്ടായിരുന്നു. എന്റെ മുറിക്കുള്ളില്‍, അല്ല രാമചന്ദ്രന്റെ മുറിക്കുള്ളില്‍ അടക്കിപ്പിടിച്ച സംസാരം. ഞാന്‍ കടന്നു ചെന്നപ്പോള്‍ കണ്ടത് രാമചന്ദ്രന്‍ എന്റെ ഭാര്യയോടു ചേര്‍ന്നിരുന്നു തമാശകള്‍ പറയുന്നതായിരുന്നു. അവര്‍ മറ്റൊന്നും അറിയുന്നുണ്ടായിരുന്നില്ല. കലപ്പത്തഴമ്പുള്ള എന്റെ കൈകള്‍ തരിച്ചു. വീശിയടിക്കാന്‍ ചാട്ടയുമായി ഞാന്‍ ചാടി. ഞാന്‍ അവരെ ജീവനോടെ തിന്നുമായിരുന്നു. പക്ഷെ എന്റെ നേരെ പുഞ്ചിരി പൊഴിച്ച്, നടന്നടുത്ത്, എന്റെ തോളില്‍ തലോടിക്കൊണ്ട് രാമചന്ദ്രന്‍ പതിയെ പറഞ്ഞു.
     "തുകല്‍പ്പെട്ടിയിലെ നിധി, മണ്ടാ, നീ എടുത്തോളൂ."
ഞാന്‍ സന്മനസ്സു കാട്ടി. എനിക്കു പാവം തോന്നി. ഗോമതി വേഗം കുട്ടികളെ തേടിപ്പോയി.
തുകല്‍പ്പെട്ടി സമ്മാനിക്കുമ്പോള്‍ രാമചന്ദ്രന്റെ കണ്ണുകളില്‍ നീര്‍ കണ്ട് എനിക്കും ഗല്‍ഗദമടക്കാന്‍ കഴിഞ്ഞില്ല. രാമചന്ദ്രന്‍ എത്ര നല്ലവനാണ്. ആ പെട്ടിക്കു വേണ്ടി എന്റെ സര്‍വസ്വവും ഉപേക്ഷിക്കാന്‍ ഞാന്‍ എന്നേ തയ്യാറായിരുന്നു. രാമചന്ദ്രന്റെ ഐശ്വര്യവും എന്റെ ശുഭനക്ഷത്രവും കൂടി എന്റെ ജീവിതം സുഖകരമാക്കി.
രാമചന്ദ്രന്‍ മിക്ക ദിവസങ്ങളിലും വയല്‍ വരമ്പും കുളവും കടന്നു നഗരത്തിലേക്കു പോകുമായിരുന്നു. തിരിച്ചുവരുമ്പോള്‍ ധാരാളം പണവുമുണ്ടാകും. അതില്‍നിന്നും എന്റെ കുടുംബം നിത്യവൃത്തി കഴിച്ചുപോന്നു. എനിക്ക് പാടത്തു പണിക്കു  പോകേണ്ടിവന്നില്ല. വേദനയോടെയാണെങ്കിലും മണിയനെയും നീലനെയും ഞാന്‍ വിറ്റുതിന്നു.  കോഴികളെ രാമചന്ദ്രനു കറിവച്ചുകൊടുത്തു. വേലയെടുക്കാതെ എന്റെ മേദസ്സും ഉറഞ്ഞുകൂടാന്‍ തുടങ്ങി.  എന്റെ ഓണനാളുകള്‍ നീണ്ടുനിന്നില്ല. ഞാന്‍ എന്റെ വീട്ടില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു. പറമ്പിന്റെ ഒരു കോണില്‍, കുറ്റിക്കാടുകള്‍ക്കരികെ ഒരു കൊച്ചു മാടം കെട്ടിത്തരാന്‍ രാമചന്ദ്രന്‍ സന്മനസ്സു കാണിച്ചു. പുതിയ വാസസ്ഥലത്ത് യാതൊരു  അല്ലലുമില്ലാതെ എന്റെ തുകല്‍പ്പെട്ടിയുമായി ഞാന്‍ കഴിഞ്ഞു പോന്നു. എന്റെ പഴയ വീട്ടില്‍ നിന്നും ഗോമതി കൊണ്ടുവരുന്ന ആഹാരം കഴിച്ചു ഞാന്‍ കാലം പോക്കി.
      എന്റെ അച്ഛന്‍  അന്ത്യനിമിഷങ്ങളില്‍ ദര്‍ശിച്ച നിധി ആ തുകല്‍പ്പെട്ടി തന്നെയാവുമെന്ന് ഞാന്‍ വിശ്വസിച്ചു. അന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ കഫം കൊണ്ടു മൂടപ്പെട്ടില്ലായിരുന്നെങ്കില്‍ ആ തുകല്‍പ്പെട്ടിയെക്കുറിച്ചു തന്നെ അദ്ദേഹം പറഞ്ഞേനെ എന്ന് ഞാന്‍ വിശ്വസിച്ചു. ഓര്‍ക്കാപ്പുറത്ത് എന്റെ ഭക്ഷണം നിലച്ചു. പതിവുപോലെ ചോറും കറികളും വറുത്ത മീനും കാത്തിരുന്ന എന്നെ കാണാന്‍ ഗോമതി വെറുംകൈയോടെ എത്തി.
        "അദ്ദേഹം  പറഞ്ഞിരിക്കുന്നു, വേലയെടുക്കാത്ത മടിയനീച്ചകള്‍ക്ക് തീറ്റയില്ലെന്ന് ".
അവള്‍ പോയപ്പോള്‍ ഞാന്‍ ഒത്തിരി കരഞ്ഞു. പെട്ടിയില്‍ മുഖമമര്ത്തി ഉറങ്ങിപ്പോകുംവരെ ഞാന്‍ കരഞ്ഞു. അടുത്ത പ്രഭാതത്തില്‍ ഞാന്‍ കൈക്കോട്ടുമായി വയലിലിറങ്ങി. ഒരു തൂമ്പപ്പാടു മണ്ണിളക്കാന്‍ കൂടി കൈകള്‍ അശക്തമെന്നു ഞാനറിഞ്ഞു. ഞാന്‍ മടിയനീച്ചയാണ്. തുകല്‍പ്പെട്ടിയെക്കുറിച്ചുള്ള ഓര്‍മ്മ അപ്പോഴും എന്നെ ഭരിച്ചു. ഞാന്‍ ദിവസങ്ങളോളം പട്ടിണി കിടന്നു. രാമചന്ദ്രനെ നന്ദികെട്ടവനെന്നു വിളിക്കാന്‍ പൊന്തിയ എന്റെ നാവിനെ കുടല്‍ കഠിനമായി ശാസിച്ചു. പിന്നെ ഒന്നും പറയാതെ നാളുകള്‍ താണ്ടി. ആ ദിനങ്ങളില്‍ എന്റെ മുതുമുത്തച്ഛന്‍മാരെ, അവരുടെ ഭൂമിയെ ഞാന്‍ സ്മരിച്ചു. തടിച്ച തുകല്‍പ്പെട്ടി തുറക്കാനും, അച്ഛന്‍
അനുഗ്രഹിച്ചു സൂചിപ്പിച്ച നിധി കണ്ടെത്താനും എനിക്ക് സ്വപ്നദര്‍ശനമുണ്ടായി. കരിങ്കൂറ്റനെപ്പോലെ എന്റെ മാടത്തിന്റെ മുറ്റത്തു നിന്ന ഒറ്റമരത്തണലില്‍ ഞാനിരുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ പരിശ്രമിച്ചിട്ടും ആ തുകല്‍പ്പെട്ടി തുറന്നില്ല. രാമചന്ദ്രന്റെ നിഴലിനു മാംസവും, ചോരയും, ജീവനും വച്ചു വരുന്നതായും അയാള്‍ ഒരു ദുഷ്ടമൃഗമായി എന്നെ...... ഞാന്‍ അച്ഛനെ വിളിച്ച് അലറിക്കരഞ്ഞു. ഞാന്‍ ആ പെട്ടി ഉപേക്ഷിച്ചില്ല. എന്റെ കൈനഖങ്ങളിളകി ചോപ്പൊലിച്ചതല്ലാതെ ആ പെട്ടിയിലെ അക്കപ്പൂട്ടുകള്‍ ചലിച്ചില്ല. ഉപയോഗിക്കാന്‍ പറ്റാത്ത നിധി. ഞാന്‍ ശപിച്ചുകൊണ്ട് അത് ദൂരേക്കെറിഞ്ഞു കളഞ്ഞു.  എന്നാല്‍ ശക്തി ചോര്‍ന്നുപോയ എന്റെ കൈകള്‍ക്ക് അത് ദൂരെ എത്തിക്കാനായില്ല.  വാസ്തവത്തില്‍ അത് എന്റെ കാല്‍ച്ചുവട്ടില്‍ തന്നെ വീഴുകയായിരുന്നു. വീഴ്ചയില്‍ പെട്ടി സ്വയം തുറന്നു പോയി. ഞാന്‍ ആര്‍ത്തിയോടെ നോക്കി. നിധി.
     അത്തറിന്റെ സുഖദമായ കാറ്റ് എന്നെ തൊട്ടു പോയി. അതിനു പുറകെ ചീഞ്ഞ മാംസത്തിന്റെ സാന്ദ്രമായ ദുര്‍ഗന്ധം എന്റെ മൂക്കില്‍ ചാമ്പിക്കയറി.
 എന്റെ കണ്ണുകളെ നീട്ടിയ ആ ഗന്ധത്തിന്റെ ഉറവിടം പെട്ടിക്കുള്ളില്‍ പഴുത്തു വീര്‍ത്ത ഒരു പട്ടിയുടെ ജഡമായിരുന്നു.  എനിക്കവിടെ അധിക നേരം നില്‍ക്കാന്‍ കഴിഞ്ഞില്ല. ബോധപൂര്‍വ്വമായിരുന്നില്ല യാത്ര.എന്റെ പഴയ വീട്ടില്‍, രാമചന്ദ്രനെ തേടി, എല്ലാ മുറികളിലും ഞാന്‍ ഓടി നടന്നു. അയാളെ എങ്ങും കണ്ടില്ല. എന്റെ ഭാര്യ, മക്കള്‍, എല്ലാവരും എവിടെ? ഞാനിതാ എന്റെ മനസ്സില്‍ നിധിയെക്കുറിച്ചുള്ള ആഗ്രഹം വളര്‍ത്തിയ അച്ഛനെ.........
     അല്ല, ശാപം ഒന്നിനും പരിഹാരമല്ലെന്ന് ഞാന്‍ എല്ലാ കര്‍ഷകരെയും ഉദ്ബോധിപ്പിക്കട്ടെ.  വ്യഥാസ്വപ്നങ്ങളില്‍ മുഴുകാതെ യാഥാര്‍ത്ഥ്യം കാണുക. ഞാനിതാ രാമചന്ദ്രനെതിരെ വ്യവഹാരം തുടങ്ങുകയാണ്.
     "ബഹുമാനപ്പെട്ട കോടതീ, സമൂഹത്തിലെ രക്തം കുടിക്കുന്ന മനുഷ്യകീടങ്ങളെ നശിപ്പിച്ചു, കര്‍ഷകരെ രക്ഷിക്കേണമേ."
രാമുവക്കീല്‍ കേമനാണത്രേ.  അദ്ദേഹം ഏറ്റാല്‍ കേസു ജയിച്ചെന്ന് കൂട്ടിയാല്‍ മതിയത്രേ. ഇപ്പൊ വരും. സന്ധ്യമയക്കത്തില്‍ കവലയില്‍ ബസ്സിറങ്ങി, ഈ കടത്തു കടന്ന്.....
       അതാ വരുന്നു, തേടിയ വള്ളി.
രാമുവക്കീല്‍ കറുത്ത
കോട്ടുമായി ബസ്സിറങ്ങി.
സന്ധ്യവെളിച്ച
ത്തില്‍ ഞാന്‍ ശരിക്കും കണ്ടു. അയാള്‍ ചിരിക്കുകയല്ല. നരച്ച മേല്‍മീശയുടെ വെളുപ്പാണ്.  ഭീമശരീരം, മൂക്കോളമുന്തിയ കവിളെല്ല്....
     അതയാള്‍ തന്നെ.
രാമചന്ദ്രന്‍ തന്നെയോ, നമ്മുടെയീ രാമുവക്കീല്‍ !!! 

Saturday, May 26, 2012

ഉള്ളുണര്‍ത്താതിരിക്കുക

*******************
ഇരട്ടമക്കളുടെ  പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ബാല്‍രാജിനു എന്തോ സംഭവിച്ചിട്ടുണ്ട്.കോലാഹലങ്ങള്‍  അവസാനിച്ചപ്പോള്‍  ബാല്‍രാജ് ഒരത്ഭുത വസ്തുവിനെ എന്നവണ്ണം ക്ലോക്കിലേക്ക് നോക്കിയിരുന്നു.
അയാള്‍ക്ക്‌  ഇനി ഒന്ന് കിടന്നുറങ്ങിക്കൂടെ ? നേരം പതിനൊന്നായല്ലോ.
ഒരിക്കല്‍ അവിദഗ്ദ്ധനായ ഒരു തയ്യല്‍ക്കാരന്‍ ആയിരുന്നു ബാല്‍രാജ്. തയ്ക്കാന്‍ ആരും ഒരു കുഞ്ഞുടുപ്പു പോലും കൊടുത്തിരുന്നില്ല. എന്നിട്ടും കട വരാന്തയിലിരുന്നു 'തനിനിറം പത്രം' വായിക്കാന്‍  മാത്രമായി ആളുകള്‍ എത്തുമായിരുന്നു. അവരോടു കുശലം പറഞ്ഞുപറഞ്ഞു ബാല്‍രാജ് ഇന്നത്തെ നിലയിലായി. 
അയാള്‍ മുകളിലേക്കുള്ള കോണി കയറിയപ്പോള്‍ താഴെ സെറ്റിയുടെ അടിയില്‍ നിന്നും പുറത്തേക്കു നീണ്ടു കിടന്ന ഒരു കാല്‍പ്പാദം കണ്ടു. അത് കവി ആയിരുന്നു. ബാല്‍രാജ് കവിയെ താങ്ങി ഇരുത്തി. കുപ്പികള്‍ ഏറെ വിഴുങ്ങി മൂത്രത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു കവി. അയാള്‍ ഉറക്കം വിട്ടു ബാല്‍രാജിന്റെ തോളില്‍ തൂങ്ങി നിന്ന്  ചര്‍ദ്ദിച്ചു .
     നിന്റെ ആഘോഷത്തിന്റെ അവസാന തുള്ളി വരെ ഞാന്‍ കമട്ടും. ഇതെല്ലാം നീ മറ്റുള്ളവരെ കബളിപ്പിച്ചുണ്ടാക്കിയ പണമാ.
     ബാല്‍രാജിന്റെ മന്ദഹാസം മരവിച്ചു പോയി. എന്നിട്ടും നെറ്റിയില്‍ ചുളിവുകള്‍ വീഴാതിരിക്കാനും പരുക്കന്‍ വാക്കുകള്‍ പുറത്തു ചാടാതിരിക്കാനും അയാള്‍ ശ്രദ്ധിച്ചു.അതാണ്‌ ബാല്‍രാജ്.  അയാള്‍ ആരോടും മോശമായി സംസാരിച്ചിട്ടില്ല. ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ല. ശത്രുക്കളില്ല. എല്ലാവരെയും പ്രശംസിച്ചും സന്തോഷിച്ചും മാത്രം സംസാരിച്ചിരുന്നു. അതുകൊണ്ടെന്ത് ? മറ്റാര്ക്കും സാധിക്കാനാവാത്ത കാര്യങ്ങള്‍ എത്രയാ നേടിയത്? സുന്ദരിയായ ഭാര്യ. നല്ല വീട്. അടിപൊളി കാര്‍. ആധുനിക സൌകര്യങ്ങള്‍ ഒന്നും സ്വന്തമാക്കാന്‍, പക്ഷെ,നമ്മുടെ കവിശ്രേഷ്ടന് കഴിഞ്ഞില്ലല്ലോ.  ആരാണയാള്‍ക്ക് ചോദ്യം ചെയ്യാനുള്ള അവകാശം കൊടുത്തത്?
     സ്വയം വളരാന്‍ വേണ്ടി നീ നശിപ്പിച്ചവര്‍ എത്രയെന്നറിയാമോ ബാലാ, നിനക്ക്. നിന്റെ സ്വന്തം വിയര്‍പ്പില്‍ നിന്നുണ്ടായത് എന്തെങ്കിലും ഇവിടെയുണ്ടോ?
     ആ ചോദ്യം നെറ്റി പിളര്‍ന്ന് അകത്തു കയറി. വായില്‍ ദേഷ്യം നുര കുത്തി. എന്നിട്ടും അയാള്‍ കവിയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. കവി ചര്‍ദ്ദില്‍വീണ ഉടുപ്പിന്റെ കുടുക്കുകള്‍ നേരെയാക്കി. മൂത്രത്തില്‍ കുതിര്‍ന്ന മുണ്ടു മടക്കി ഉടുത്തുകൊണ്ട് സ്വയം വാതില്‍ തുറന്ന് ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി. ഇരുട്ട് ബാല്‍രാജിനോടു വിളിച്ചു പറഞ്ഞു:
     രാമന്‍ ചെട്ടിയാരുടെ എത്ര ലക്ഷമാ നീ കബളിപ്പിച്ചത്? ഗുമസ്തന്‍ രാജേഷിന്റെ ശമ്പളത്തില്‍ നിന്നും നിന്റെ ഒന്നര ലക്ഷത്തിന്റെ ജാമ്യപ്പണമാ പിടിക്കുന്നത്. ഗോപീചന്ദിന്റെ തുണിക്കട പൂട്ടിയത് നീ കാരണമല്ലേ?.
     ഈ കവിയുടെ പോക്കു കണ്ടാല്‍ ഈ ലോകം നന്നാക്കിയേ അടങ്ങൂ എന്ന് തോന്നും. ക്ഷമ നശിച്ചപ്പോള്‍ ബാല്‍രാജ് പറഞ്ഞു പോയി.
    എട, കള്ളുകുടിയാ.
     പൂര്‍ണ വിരാമത്തിനു പകരം ബാല്‍രാജിന്റെ നേര്‍ക്ക്‌ ഇരുള്‍ വല്ലാത്ത പ്രയോഗങ്ങള്‍ തൊടുത്തു.
     മഹാ മദ്യപാനി, ഭ്രാന്തന്‍, കവി ഇവരൊന്നും മനപ്പൂര്‍വം ആരെയും ദ്രോഹിക്കാറില്ല. നിന്നെപ്പോലെ ഒരു തുള്ളി പോലും അടിക്കാത്ത, ഒരു വരി വായിക്കാത്ത കീടം, ഹാ, എത്ര മഹത്തായ പദം, ചിന്തിച്ചു പുകയാനായി നിനക്കൊരു ശുഭരാത്രി.
   യാത്രാമംഗളം കേട്ട് ബാല്‍രാജ് വീടിന്റെ സുരക്ഷിതത്വത്തിലേക്ക് രക്ഷപ്പെട്ടു. കവിയുടെ തമാശ അധികമായെന്നു വിഷാദിച്ചു ബാല്‍രാജിനുറക്കം കെട്ടു,
     രാമന്‍ ചെട്ടിയാര്‍ ബാങ്കിലടക്കാന്‍ ഏല്‍പ്പിച്ച മൂന്നു ലക്ഷം രൂപാ സ്വന്തം ആവശ്യത്തിനുപയോഗിച്ചു. കുറ്റം ഏറ്റുപറഞ്ഞു മാപ്പു ചോദിച്ചപ്പോള്‍ അദ്ദേഹം ക്ഷമിച്ചു.
     ബാല്‍, അബദ്ധം ആര്‍ക്കു പറ്റും. നിന്റെ സത്യസന്ധത എനിക്ക് ഏറെ പിടിച്ചു. കഴിയും വേഗം നീ ആ പണം ഉണ്ടാക്കി തന്നാല്‍ മതി.
     മാന്യരായ പണക്കാരെ സേവിക്കാന്‍ ഈ കവിക്ക്‌ ഒട്ടും അറിയില്ല. ചിട്ടിക്കമ്പനിക്കാര്‍ രാജേഷിന്റെ ശമ്പളം പിടിക്കുന്നതിനോടു യോജിപ്പില്ല. പക്ഷെ, സ്വന്തമായി വരുമാനമില്ലാത്ത ബാല്‍രാജ് എന്ത് ചെയ്യും. ജീവിക്കേണ്ടേ? അയാള്‍ക്ക്‌ നൂറു നൂറു കാര്യങ്ങള്‍ ആലോചിക്കാനുണ്ട് . എന്നിട്ടും ഉറക്കം മുട്ടിപ്പോയ ആ രാത്രിയുടെ ശേഷിച്ച ഭാഗങ്ങളില്‍ കവിയുടെ മുള്ളുവാക്കുകള്‍ ഓര്‍ത്തോര്‍ത്തു ബാല്‍രാജ് സ്വയം മറന്നങ്ങനെ നടന്നു കൊണ്ടിരുന്നു.
    ചാരനിറമുള്ള ബര്‍മുഡയില്‍ ബാല്‍രാജ് ആദ്യം കടന്നത്‌ ബാത്ത് റൂമിലേക്കായിരുന്നു. കോട്ടുവാ ഇട്ട്, അയാള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ ബര്‍മുഡയുടെ ഒരു കാലുയര്‍ത്തിപ്പിടിച്ചുകൊണ്ട് യൂറോപ്യന്‍ ക്ലോസറ്റിലേക്ക് നോക്കി നിന്നു. ഏറെ നേരം കഴിഞ്ഞിട്ടും അയാള്‍ എന്തിനാണവിടെ ചെന്നതെന്ന് ആലോചിക്കാനറിയാതെ അങ്ങനെ നിന്നു പോയി.
ബര്‍മുഡയുടെ കാലിലെ പിടിവിട്ട് അയാള്‍ ബാത്റൂം ടൈലുകളുടെ ഭംഗി ആസ്വദിച്ചു. അയാളുടെ വിരലുകള്‍ ചെങ്കല്‍ നിറമാര്‍ന്ന ടൈലുകളിലൂടെ നീങ്ങിയപ്പോള്‍ അയാള്‍ പുറത്തിറങ്ങി. ചര്‍ദ്ദില്‍ ഗന്ധം മുറ്റിനിന്ന ഹാളിലൂടെ, അടുക്കളയിലൂടെ, പിന്നെ എല്ലാ ഇടങ്ങളിലൂടെയും അയാള്‍ കയറി ഇറങ്ങി നടന്നു കൊണ്ടിരുന്നു.
  
ഗോപീചന്ദിന്റെ തുണിക്കട പൂട്ടിയെന്നോ? അയാളുടെ പണം കൊണ്ടുണ്ടാക്കിയ കോണിക്ക് എന്ത് ചന്തം. ഫുള്‍ ഈട്ടിത്തടിയാ.  എമ്മെല്ലേക്ക് പോലും ഇങ്ങനെ ഒരു സുന്ദരി കോണിപ്പടി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
    ബാല്‍രാജ്, ഉറങ്ങുന്ന ഭാര്യയേയും രണ്ടു കുഞ്ഞുങ്ങളെയും നോക്കി നിന്ന് ഏതൊരു നല്ല കുടുംബനാഥനെയും പോലെ അഭിമാനത്തോടെ ആശ്വസിച്ചു, എന്റെ വലിയ സമ്പാദ്യം. എന്നാല്‍ അയാള്‍ക്ക്‌ അങ്ങനെ അധിക നേരം നോക്കി നില്‍ക്കാനായില്ല. അയാള്‍ വീട്ടിനുള്ളില്‍ നടപ്പു തുടര്‍ന്നു. അയാള്‍ അറിയാതെ പറഞ്ഞുകൊണ്ടിരുന്നു:- കവി ചോദിച്ചത് ശരിയല്ലേ?  രാജേഷിന്റെ സൌജന്യം ചുടുകട്ട.  രാമന്‍ചെട്ടിയാരുടെ സിമന്റും കമ്പിയും,
ഗോപീചന്ദിന്റെ മര്ബ്ബിള്‍ത്തറയും ഈട്ടിക്കോണിയും, കൃഷ്ണന്‍കുട്ടിയുടെ  അടുക്കള, ജഗദീഷിന്റെ വൈദ്യുതോപകരണങ്ങള്‍, നൌഷാദിന്റെ ക്രോക്കറീസും പൂജാമുറിയിലെ നിലവിളക്കുകളും.
      അയാള്‍ നടപ്പിനു വേഗം കൂട്ടി. കവി പറഞ്ഞ ഇനത്തില്‍പ്പെട്ട ഒന്ന്, സ്വയം വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ ഒന്ന്, അയാള്‍ തിരഞ്ഞു. അയാള്‍ അടുക്കളപ്പാത്രങ്ങള്‍ ഓരോന്നായി തട്ടിയെറിഞ്ഞു. ചില്ലലമാരികള്‍ ചിതറിവീണു.  ഫര്‍ണീച്ചര്‍ കടപുഴകി.  ഭാര്യ വിളിച്ചിട്ടും കുഞ്ഞുങ്ങള്‍ അല
റിക്കരഞ്ഞിട്ടും ബാല്‍രാജ് നിന്നില്ല. ആ വീടിനുള്ളില്‍ ഓടിനടന്ന് അയാള്‍ എന്തോ ഒന്ന് തിരയുകയായിരുന്നു. ബാല്‍രാജ് പഴങ്കഥയിലെ മന്ദബുദ്ധിയെപ്പോലെ ചോദിച്ചു:
     എവിടെ?അങ്ങനെയൊന്നു കാണിച്ചു താ.
അയാള്‍ അത് ചോദിച്ചു:- രാജേഷിന്റെ, ചെട്ടിയാരുടെ, ജമാലിന്റെ, ആരു
ടേതുമല്ലാത്ത അതാണ്‌ വേണ്ടത്. കാണിച്ചു താ
ആ കവിയെ ആണ് ഇതിനു കുറ്റപ്പെടുത്തേണ്ടത്. 
മൂന്നാലു മണിക്കൂര്‍ തോരത്തോരെ മദ്യം അകത്താക്കീട്ട്, ഉടുമുണ്ടില്‍ മൂത്രമൊഴിച്ചുകൊണ്ട് അയാള്‍ സാരോപദേശം നല്കിയില്ലായിരുന്നെങ്കില്‍ ബാല്‍രാജിന് ഈ പെടാപ്പാടു വേണ്ടിവരുമായിരുന്നില്ല. 
     ബാല്‍രാജ് ഓടിച്ചെന്നു കുട്ടികളെ എടുത്തു.
     എനിക്ക് ഇവിടെ ഉറങ്ങാന്‍ കഴിയില്ല. എല്ലാം അന്യരുടെ. ഭ്രാന്തു പിടിക്കും. വേഗം പുറത്തു കടന്നോ.
ഭാര്യ കണ്ണീര്‍ പൊഴിച്ചു.
     നമ്മുടെ വീട്.
     സ്വന്തമല്ലാത്തത്‌, വിയര്‍പ്പൊഴുക്കാത്തത്, ചതിയില്‍ ഉരുവായത്, ആരു വേണമെങ്കിലും എടുത്തോട്ടെ.
ഈ സമയമെങ്കിലും തെറ്റ് മനസ്സിലാക്കി കവിസുഹൃത്ത്‌  ഈ കഥയിലേക്ക്‌ മടങ്ങി വരേണ്ടതായിരുന്നു. അയാള്‍ സ്നേഹത്തോടെ രണ്ടുവരി കവിത തൊണ്ടക്കുഴിയിലെ മുഴങ്ങുന്ന ശബ്ദത്തോടെ പാടിക്കേള്‍പ്പിച്ചു, വാഹ്, വാഹ് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നെങ്കില്‍ ബാല്‍രാജിന്റെ കലി അടങ്ങിയേനെ.  ബാല്‍രാജ് ഒന്നിനും കാത്തുനിന്നില്ല. 
     വേഗം വരൂ. ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഒരു സാധാരണ ജീവിതം. എന്റെ സ്വന്തമായതു മാത്രം. കുഞ്ഞുങ്ങളുമായി വേഗം വരൂ. ഈ വീടു വിടണം.
    ബാല്‍രാജ് ഇരട്ടക്കുഞ്ഞുങ്ങളെ ഉമ്മവച്ച് അവരുമായി വാതില്‍പ്പടി ഇറങ്ങി നടന്നു.
    നില്‍ക്കൂ.
ഭാര്യയുടെ വിളി കേട്ടപ്പോള്‍ അയാള്‍ കരുതിയത്‌ ബര്‍മുഡ മാത്രം ധരിച്ചു പോകരുതെന്ന് അവള്‍ പറയാന്‍ തുടങ്ങുമെന്നാണ്.
    നിങ്ങളുടേതല്ലാത്തതൊക്കെ ഉപേക്ഷിച്ചു ഞാന്‍ വരട്ടോ?
    എല്ലാം കളഞ്ഞേക്കൂ. നീയും മക്കളും മാത്രം മതി.
 ഭാര്യ സംശയത്തോടെ  ചോദിച്ചു.
    കുഞ്ഞുങ്ങളെയും ഉപേക്ഷിക്കട്ടെ?
അയാള്‍ക്കവളെ നിശ്ശബ്ദയാക്കാനാകും മുന്‍പ് അവള്‍ വെളിപ്പെടുത്തി.
    ചെട്ടിയാരുടെ മൂന്നു ലക്ഷത്തില്‍ നിന്നും കുഞ്ഞുങ്ങളെ തട്ടിക്കിഴിക്കണം.
******************************************************
ഗുണപാഠം: കവികളും കലാകാരന്മാരുമായി കൂട്ടുകൂടാതിരിക്കണം 

Sunday, May 20, 2012

അങ്കക്കലി




അറച്ചുനില്‍ക്കുന്ന ശിശുപാലന്‍ എന്ന മിത്രത്തെ പിടിച്ചു വലിച്ച് തങ്കപ്പാജിയുടെ വിശ്രമസ്ഥാനിലേക്ക്, നട്ടുച്ചക്കും ഇരുട്ടും കുളിരും മായാതെ കിടന്ന ആ മുറിയിലേക്ക്, കടന്നു ചെന്നപ്പോള്‍ കണ്ണ് പിടിക്കാതെ ഞാനല്‍പ്പനേരം കുഴങ്ങിപ്പോയി. 
     -ഇരിയ്ക്കെടോ.
തങ്കപ്പാജിയുടെ കൈയാംഗ്യമറിഞ്ഞ് തണുത്ത സിമന്റു തറയില്‍ ചമ്രം പൂട്ടി ഇരിക്കുമ്പോള്‍ മാത്രമാണ് എന്റെ പുറകില്‍, ആ മുറി നിറയെ ആളുകള്‍ ഇരിപ്പുണ്ടായിരുന്നെന്നു ഞാനറിയുന്നത്. ശിശുപാലന്റെ പ്രശ്നം ആള്‍ക്കൂട്ടത്തില്‍ വച്ചു പരിഹരിക്കപ്പെടേണ്ടതല്ല. അതുവരെ ആള്‍ക്കൂട്ടത്തോടു വര്‍ണിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്വന്തം കൌമാരകാല കഥകള്‍ തങ്കപ്പാജി തുടര്‍ന്നു.
     -അതൊക്കെ എന്റെ ചെറുപ്പത്തിലേ ഉള്ള ശീലമാണെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ.
ആള്‍ക്കൂട്ടം ശരിവച്ചു. ആള്‍ക്കൂട്ടത്തിന്റെ ആരവമൊടുങ്ങിയപ്പോള്‍ ശിശുപാലന് സങ്കടം ഉണര്‍ത്തിക്കാനുണ്ടെന്നു ഞാന്‍ വിളിച്ചു പറഞ്ഞു.
     -എന്താദ്, ശിശുവേ?
ശിശുപാലന് വാക്കുകള്‍ വന്നില്ല. അവന്റെ കണ്ണ് നിറഞ്ഞു. അവന്‍ വിറയലോടെ പറഞ്ഞു:
     -എവന്‍ പറേം. അത് മതി.
തങ്കപ്പാജി തലയാട്ടി. അദ്ദേഹം ചാരുകസേരയില്‍ ചാരിവച്ചിരുന്ന ഒരു വലിയ ചതുരംഗപ്പലക എടുത്തു മടിയില്‍ വച്ചു. എന്റെ പുറകിലെ ആള്‍ക്കൂട്ടം ഒരാരവം തൊടുത്തു വിട്ടു.
     -ഇതങ്ങോട്ടു കൊടുത്തേ.
ഒരു കൂട്ടം ചതുരംഗ കരുക്കള്‍ കൈമാറി കൈമാറി എന്റെയടുത്തെത്തി. ഞാന്‍ നല്‍കിയ കരുക്കള്‍ പലകമേല്‍ നിരത്തിക്കൊണ്ടു തങ്കപ്പാജി ശിശുപാലന്റെ കഥയ്ക്ക്‌ ചെവിയോര്‍ത്തു.
     -ഈ ശിശുപാലന്‍ ഞങ്ങളുടെ നഗരത്തിന്റെ ചപ്പു ചവറുകള്‍ വിതക്കുന്നിടത്തു കുടില്‍ കെട്ടി കഴിഞ്ഞു പോന്നു.
തങ്കപ്പാജി വെള്ളത്തിനു വേണ്ടി ആംഗ്യം കാണിച്ചു.
ആള്‍ക്കൂട്ടം പിറുപിറുത്തു: വെള്ളാം........
     -ഇതങ്ങോട്ടു കൊടുത്തേ.
അവിടെ മറ്റൊരാരവം ഉത്ഭവിച്ച് എന്റെ നേര്‍ക്കു വന്നതറിഞ്ഞു.
ഞാന്‍ വെള്ളം കൈയെത്തിപ്പിടിച്ചു തങ്കപ്പാജിക്ക് നല്‍കി. വെള്ളമല്ല. വീര്യമുള്ള മദ്യമായിരുന്നു.
     -ഈ കോഴിക്കാലങ്ങോട്ടു കൊടുത്തേ.
പപ്പും പൂടയും കൊക്കുമില്ലാത്ത രണ്ടു കോഴിക്കാലുകളുടെ പ്രയാണമായിരുന്നു അത്. കോഴിക്കാല്‍ ചവച്ചുകൊണ്ട് തങ്കപ്പാജി അദ്ദേഹത്തിന്റെ യൌവനകാലത്തെ ഒരു സംഭവം പറയാന്‍ തുടങ്ങി. ശിശുപാലന്റെ കഥ തുടരാനാവാതെ ഞാന്‍ സംശയിച്ചു നിന്നു. ദേഷ്യം വന്നു ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോകുമെന്ന് ശിശുപാലന്‍ ഭയന്നു. അവന്റെ ദൈന്യതയെ ഓര്‍ത്തു ഞാന്‍ സ്വയം നിയന്ത്രിച്ചു. എന്നിട്ടും എന്നില്‍ ഒരുതരം കലി മുളപൊട്ടുകയായി.
തങ്കപ്പാജി എച്ചില്‍ക്കൈ കൊണ്ടു ചതുരംഗ കരുക്കള്‍ നീക്കാന്‍ തുടങ്ങി. കറുത്തൊരു തേര്‍ എന്റെ നേരെ വരുന്നതു കണ്ട് ഒരു വെളുത്ത കാലാള്‍ തടയിട്ടു.
ശിശുപാലന്‍ തങ്കപ്പാജിയുടെ നേര്‍ക്കു കൈ നീട്ടി.
      -എന്റെ കഥ കേട്ട് പരിഹാരം ചെയ്യണേ.
ഈ ശിശുപാലന്‍ ഒരു മോട്ടോര്‍ വര്‍ക്കുഷോപ്പിലെ പെയിന്ററാണ്. സ്പ്രേഗണ്‍ വച്ച് അവന്‍ വണ്ടികള്‍ മനോഹരമായി പെയിന്റ് ചെയ്യും. അവന്റെ ഭാര്യയായിരുന്ന കനകമണി ദേഷ്യപ്പെടുകയും മുഖം കറുപ്പിക്കുകയും ചെയ്യുമ്പോള്‍ അവന്‍ അവള്‍ക്കു നേരെയും ഇതുപോലെ കൈ നീട്ടി നില്‍ക്കുമായിരുന്നു. അങ്ങനെയുള്ള ആ നില്‍പ്പില്‍ അവന്‍ സങ്കല്‍പ്പത്തിലെ സ്പ്രേഗണ്ണില്‍ നിന്നും അവളുടെ മുഖത്തേക്ക് നിറങ്ങള്‍ വീശുകയാണെന്നു സ്വയം കരുതുമായിരുന്നു. ഈ ശിശുപാലന് കുട്ടികളെ ഇഷ്ടമാണ്. അതുകൊണ്ടായിരിക്കാം അവന് അന്നു കുട്ടികളില്ലായിരുന്നു. ദുഃഖം അകറ്റാനായി അവന്‍ കമ്പോളത്തില്‍ കിട്ടുന്ന പാരഡിഗാനങ്ങള്‍ അത്രയും വാങ്ങി കേള്‍ക്കുമായിരുന്നു. അല്‍പ്പം ചിരിക്കാന്‍ അവന്‍ അത്രയധികം ആഗ്രഹിച്ചു. ഏറെ കഴിയും മുമ്പ് തന്നെ ആ ഗാനങ്ങള്‍ക്ക് അവന്റെ കുടിലിനു ചുറ്റും അഴുകുന്ന ചപ്പു ചവറുകളേക്കാള്‍ ദുര്‍ഗന്ധമാണെന്നറിഞ്ഞ് അവന്‍ അവ കുപ്പത്തൊട്ടിയിലിട്ടു.
തങ്കപ്പാജിക്കായി പൊതിഞ്ഞ ഒരു കുപ്പി കൂടി എത്തിച്ചേര്‍ന്നു.
     -ആരാവള്‍, കനകമണി?
അദ്ദേഹം ആള്‍ക്കൂട്ടത്തിനോടു തിരക്കി.
     -നമ്മുടെ വിച്ചസ്ഹെവനിലെ സൈല്‍സ് ഗേളാണ് , ജീ അവള്‍.
     -ശിവ ശിവാ, അവള്‍ താങ്കപ്പെട്ടവളാണ് ശിശുവേ.
തങ്കപ്പാജി അവളെ നൂറു നാവുകളില്‍ പ്രശംസിച്ചു. ശിശുപാലന്‍ എന്നെ ഉണര്‍ത്തി.
അവന്റെ കുടിലിലേക്ക് കിഴിച്ചിറങ്ങിയ കേബിളിലൂടെ കടന്നു വന്ന ലോകത്തിന്റെ ഒരു പതിനാലിഞ്ചു പതിപ്പ് കണ്ടു കണ്ട് കനകമണി എല്ലാം മറന്നതും, ഈ ശിശുപാലന്റെ സമ്പാദ്യമെല്ലാം കവര്‍ന്ന് അവനെ അടിച്ചു പുറത്താക്കിയതും ഞാന്‍ തങ്കപ്പാജിയോടു പറഞ്ഞു. 
     -ജീ, കേബിള്‍ ടീവീക്കാര്‍ ലൈന്‍ ഒഫുചെയ്യുമ്പോഴും വൈദ്യതി ഇല്ലാത്ത നേരവും അവളീശിശുപാലനോട് ഒട്ടിയിരുന്നു പറയുമായിരുന്നു: നമുക്കൊരു കുഞ്ഞില്ലല്ലോ ശിശൂ.
എന്റെ വാക്കുകള്‍ക്കു ശക്തി പോരെന്നു തോന്നിയ ശിശുപാലന്‍ എഴുന്നേറ്റു.
     -ജീ, ഡോക്ടരുടെ അടുത്തു പോകാന്‍ അവള്‍ വന്നില്ല. ഞാന്‍ തനിയെ പോയി. എനിക്ക് കുഴപ്പം ഒന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
അവന്‍ കരയുന്നത് കണ്ടു ആള്‍ക്കൂട്ടം കുരവയിട്ടു.
     -കുഴപ്പമൊന്നുമില്ലെന്നു ഡോക്ടര്‍ പറഞ്ഞത് കുഴപ്പമായോ ശിശുവേ?
ശിശുപാലന്‍ ഒരു കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കനകമണി എതിര്‍ത്തു. സുന്ദരിയായ ഒരു പെണ്ണിനും അത് കഴിയില്ലെന്നവള്‍ തറപ്പിച്ചു പറഞ്ഞു. ശിശുപാലന്‍ ആ കുടിലുപേക്ഷിക്കില്ലായിരുന്നു, ജീ. പക്ഷെ ദിവസവും രാച്ചെല്ലുമ്പോള്‍ ഒരു പറ്റം ഗുണ്ടകള്‍ കുടില്‍ വളഞ്ഞ് ശിശുപാലനെ പിടികൂടി ഇടിച്ചു ചതക്കാന്‍ തുടങ്ങിയപ്പോള്‍ അവനവിടം വിട്ടു.
താങ്കപ്പാജിയുടെ കറുത്ത കുതിര ഒരു വെളുത്ത കാലാളിനെ വിഴുങ്ങി. ഒറ്റയ്ക്കു കളിക്കുന്നവന്‍ ഇപ്പോഴും കറുത്ത രാജാവിന്റെ ഭാഗത്ത്‌ തന്നെയാണ്. വെളുത്ത രാജാവിന്റെ കിരീടത്തില്‍ പിടിച്ചുയര്‍ത്തിക്കൊണ്ടു തങ്കപ്പാജി വായുവില്‍ കുത്തിക്കുത്തിപ്പറഞ്ഞു.
     -നോക്കൂ. അവര്‍ ഗുണ്ടകളൊന്നുമായിരുന്നില്ല. എന്റെ കുട്ടികള്‍ തന്നെ ആയിരുന്നു. തെറ്റിധാരണ ഒഴിവാക്കണം.
ആള്‍ക്കൂട്ടം ശരിവച്ചു. എന്റെ നേരെ ആരോ നീട്ടിയ ഐസ് പാത്രം ഞാന്‍ തന്കപ്പാജിക്കു കൈമാറി.
     -ജീ. നഗരത്തില്‍ കുറെക്കൂടി മോശമായോരിടത്ത് ഒരു ചെറിയ വാടകമുറിയെടുത്ത് ഈ ശിശുപാലനെ ഞാന്‍ അവിടെയാക്കി. അവിടെ പാരഡിഗാനങ്ങള്‍ക്ക് പകരം അവന്‍ ഒരു കുട്ടിയെ ദത്തെടുത്തു. ആ കുട്ടിയുടെ അമ്മയെ, ആരും ഇല്ലാത്തവളെ ഈ ശിശുപാലന്‍ വിവാഹം കഴിച്ചു.
      തങ്കപ്പാജി ചതുരംഗ കരുക്കള്‍ക്കിടയിലേക്കു വച്ച ഗ്ലാസില്‍ പൊങ്ങിക്കിടക്കുന്ന മഞ്ഞുകട്ട താഴ്ത്തുന്ന കളിയാണിപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. മദ്യം വിഷമിപ്പിച്ച ആ കണ്ണുകള്‍ കറുപ്പും വെളുപ്പും കളങ്ങളോ, കരുക്കളോ കാണുന്നില്ല.
     -രണ്ടാം ഭാര്യയില്‍ ശിശുപാലന് ഒരു കുട്ടിയുണ്ടായി.
തങ്കപ്പാജി ചിരിച്ചു തലയാട്ടി.
     -അതിന്റെയൊക്കെ രഹസ്യങ്ങള്‍ ഞാന്‍ പത്തു വയസ്സുള്ളപ്പോള്‍ തന്നെ പഠിച്ചിരുന്നു.
ഞാന്‍ കൊപമാടക്കി.
     -ശിശുപാലന്റെ ആദ്യ ഭാര്യ ഇപ്പോഴും കുഴപ്പമുണ്ടാക്കുന്നു. അവള്‍ക്കിപ്പോള്‍ വലിയൊരു തുക വേണമെന്ന് പറഞ്ഞു ശിശുപാലനെ ഉപദ്രവിക്കുന്നു.
      -ആ ഗുണ്ടാ സംഘം എന്നെ ഇപ്പോഴും ദ്രോഹിക്കുന്നു. എന്നെ രക്ഷിക്കണം ജീ, ആ കനകമണിയില്‍ നിന്നും.
അതുകേട്ടു തങ്കപ്പാജി ചിരിക്കാനായി മീശ തപ്പി. വായിലേക്ക് വളച്ചുവച്ചിരുന്ന മീശരോമങ്ങള്‍ തുപ്പിക്കൊണ്ട് അയാള്‍ വിളിച്ചു പറഞ്ഞു.
     -ആ കനകമണി നല്ല കുട്ടിയാ. അവളെ അനുസരിക്ക്, ശിശുവേ.
എനിക്ക് കോപമടക്കുവാനായില്ല. ഞാന്‍ അയാളുടെ മടിയിലിരുന്ന ചതുരംഗപ്പലക തട്ടി. അത്, ആ കരുക്കളോ
ടും നിറഗ്ലാസ്സിനോടമൊപ്പം താങ്കപ്പാജിയുടെ മുഖത്ത് പതിച്ചു. എന്താണ് നടന്നതെന്ന് ആള്‍ക്കൂട്ടം ശരിക്കു മനസ്സിലാക്കും മുമ്പ് ഞാന്‍ ശിശുപാലനെയും കൊണ്ടു നടയിറങ്ങി. തങ്കപ്പാജി നനഞ്ഞ മീശ തപ്പിക്കൊണ്ടു വിളിച്ചു  പരഞ്ഞുകൊണ്ടിരിക്കുകയാണ്.
     -ശിശുവേ, ആ കനകം പറയുന്നത് കേട്ടോളാ..
ഇപ്പോള്‍ ശിശുപാലന്‍ പറയുന്നത് ഞാന്‍ ചതുരംഗപ്പലക തട്ടിയതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നാണ്. ഭാഗ്യം. ആള്‍ക്കൂട്ടം ഒന്നും അറിഞ്ഞിട്ടില്ല.

Saturday, April 21, 2012

സ്നേഹത്തഴമ്പ്

    ഇന്റന്‍സീവ് കെയര്‍ യൂണിറ്റിന്റെ ചില്ലുജാലകം നോക്കിയിരിക്കുകയാണ് ഗോപാലന്‍.  ആ പച്ചത്തുണിക്കപ്പുറം രാധച്ചേച്ചിയുണ്ട്.
    -മരിച്ചാലും എന്റെ കണ്ണുകള്‍ തുറന്നു തന്നെയിരിക്കും. അത് നിന്നെ കാണാനാണ്.
    ആരാണങ്ങനെ പറഞ്ഞത്? ആര്. ആര്‍?
    ആശുപത്രിച്ചുമര്‍ ചാരിയിരുന്ന് അയാള്‍ ഭയപ്പെട്ടു. ആരോ പിന്തുടരുന്നുണ്ടെന്ന തോന്നല്‍. നേരറിയുന്ന രണ്ടു കണ്ണുകള്‍, അയാളുടെ ചെറിയ തമാശകളെപ്പോലും പ്രോത്സാഹിപ്പിച്ചിരുന്ന പൊട്ടിച്ചിരി. എല്ലാം അയാളുടെ വിദൂര ഭൂതകാലത്തില്‍ നിന്നും അയാളെ തേടിയെത്തി യിരിക്കുന്നതുപോലെ. കടുത്ത നിരാശയില്‍, മുഷ്ടി ചുരുട്ടി നെറ്റി താങ്ങി ഇരുന്നു കൊണ്ട്‌  ഗദ്ഗദങ്ങളോ നിശ്വാസങ്ങളോ അയാളറിഞ്ഞു, ഒരിളങ്കാറ്റിന്റെ തലോടലായി. 
   -ഇല്ല മോനെ, ചേച്ചിക്കൊന്നും വരില്ല. ധൈര്യമായിരിക്ക്‌.
   ചില്ലുജാലകത്തിന്റെ  പര്‍ദ്ദ ഇളകി മാറിയപ്പോള്‍ ഒത്തിരിപ്പേര്‍ അവിടേക്കോടിച്ചെന്നു തിക്കിത്തിരക്കി. അവരുടെ കഴുത്തുകള്‍ക്കും കക്ഷങ്ങള്‍ക്കും ഇടയിലൂടെ അകത്തേക്ക് നോക്കാനും രാധച്ചേച്ചിയെ ഒരു നിമിഷത്തേക്കെങ്കിലും കാണാനുമുള്ള അയാളുടെ ശ്രമം പരാജയപ്പെട്ടു. 
   കടന്നു കയറ്റത്തില്‍ അയാള്‍ എന്നും പുറകിലായിരുന്നു. 
  -ഗോബാല, നീ ഒറ്റ അളിയനാ എനിക്ക്. അതോണ്ടു പറേവാ. പണത്തിനു വേണ്ടി മാത്രമായി നീ ഇങ്ങനെ ജീവിതം തോലച്ചു കളേരുത്.
   ചേച്ചിയുടെ ഭര്‍ത്താവിന്റെ നിരന്തരമായ ഉപദേശം അതിന്റെ വഴി കണ്ടെത്തി. ജോലി ഉപേക്ഷിച്ചു മറുനാട്ടില്‍ നിന്നും കൈ നിറയെ പണവുമായി തിരിച്ചെത്തിയപ്പോള്‍ സ്നേഹത്തിന്റെ വിലയറിയുകയായിരുന്നു, ഗോപാലന്‍. കൈ വിരലുകളുടെ പിടിയില്‍ നിന്നും സമ്പാദ്യം പറന്നു പോയി. ത്യാഗം ചെയ്തു നശിക്കുന്നതിനെതിരെ ചേച്ചി രഹസ്യമായി അയാളെ താക്കീത് ചെയ്തു. 
  -മോനെ, നീ എന്റെ നെറ്റിയിലെ കരുവാളിച്ച ഒരു മുറിവിന്റെ അടയാളം കണ്ടോ? 
  അയാള്‍ ചെറുപ്പത്തില്‍ എറിഞ്ഞു പറ്റിച്ച മുറിവാണത്‌. ചേച്ചി അതിനു സ്നേഹത്തഴമ്പ് എന്ന് പേരിട്ടു. അവര്‍ പറഞ്ഞത് സ്നേഹത്തഴമ്പ് അവര്‍ക്കൊരലങ്കാരമാണെന്നാണ്.  അയാളുടെ നെഞ്ചു നീറി. 
  -നിന്റെ പണം ആ ദുഷ്ടനു കൊടുത്തു നീ ഇങ്ങനെ നശിക്കരുത്. 
 ചിതലരിക്കുന്ന വീടിന്റെ കഴുക്കോലുകളും വാതില്‍പ്പാളികളും ചൂണ്ടി അവര്‍ എത്ര തവണ ഓര്‍മ്മിപ്പിച്ചു  .
  -നിനക്കൊരു ജീവിതമില്ലേ ഗോപാലാ? 
  -എനിക്കു നിങ്ങളുണ്ടല്ലോ. എന്റെ ചേച്ചിയും കുഞ്ഞുങ്ങളും. 
  പച്ച പര്‍ദ്ദക്കപ്പുറം രാധച്ചേച്ചി സുഖം പ്രാപിക്കുകയായിരിക്കും. ചേച്ചിക്കെന്താണ്‌ പറ്റിയത്? ഭര്‍ത്താവും കുട്ടികളും എവിടെ?
  വാതില്‍ തുറന്ന നഴ്സ് വിളിച്ചു ചോദിച്ചു.  
  -കഞ്ഞിയുണ്ടോ? 
  ആള്‍ക്കൂട്ടം 'കഞ്ഞീ, കഞ്ഞീ' എന്നു പിറുപിറുത്തു. 
  ഗോപാലന്‍ അതിശയിച്ചു. ഇവിടെ രാധച്ചേച്ചിക്കിത്രയധികം ബന്ധുക്കളോ? കഞ്ഞിപ്പാത്രം നീട്ടാന്‍ രണ്ടു സ്ത്രീകള്‍ മത്സരിച്ചു. 
  -രാധച്ചേച്ചിക്കീ കഞ്ഞി കൊട്.
  -അതു കൈ വെഷമാ, ഇതു കൊട്. 
  ഒരു പാത്രം പിടിച്ചു വാങ്ങിക്കൊണ്ടു നഴ്സ് തിരിച്ചു പോയി. 
  ഏറെ നേരം കാത്തിരുപ്പ്. അയാള്‍ വാതിലില്‍ മുട്ടി വിളിച്ചു. ക്രൂദ്ധമായ നോട്ടത്തോടെ കതകു തുറന്ന നഴ്സിനോടയാള്‍ കെഞ്ചി. 
  -രാധച്ചേച്ചിയെ ഒന്നു കാണണം.
  ഒന്നും പ്രതികരിക്കാതെ, ദുഷ്ടമായ ഞരക്കത്തോടെ കതകടഞ്ഞു. സ്ത്രീകള്‍ പരസ്പരം ചോദിച്ചു:
  -ആരാടീ, ഈ പുതിയ ബന്ധു? 
  ഒരു വല്ലാത്ത ശബ്ദത്തോടെ അലാറം മുഴങ്ങുന്നതും കതകുകള്‍ വേഗം തുറന്നടയുന്നതും ഡോക്ടര്‍മാരും സഹായികളും ഓടി നടക്കുന്നതും വിയര്‍ക്കുന്നതുമൊക്കെ കാണായി.ഡോക്ടര്‍മാര്‍ സ്ഥലം വിട്ടപ്പോള്‍ ആര്‍ദ്ര നയനങ്ങളോടെ നഴ്സ് ആള്‍ക്കൂട്ടത്തെ അറിയിച്ചു.
  -ഹോപ്പില്ല.കഴിഞ്ഞുപോയി.
  കൂട്ടക്കരച്ചിലിനിടയില്‍ ഒരു സ്ത്രീ വിളിച്ചു പറഞ്ഞു: അവള്‍ടെ കഞ്ഞി കൊടുത്തപ്പഴേ അറിയാം. എല്ലാം പോയില്ലേടീ.
  മലര്‍ക്കെ തുറന്ന ഐ. സീ . റൂമിലേക്കയാള്‍ ഓടിച്ചെന്നു. ഭാഗ്യം. മരിച്ചത് അയാളുടെ രാധച്ചേച്ചിയല്ല. മറ്റാരോ ആണ്. സന്തോഷം പ്രകടിപ്പിക്കാനായി അയാള്‍ അപരാഹ്നത്തിന്റെ തളര്‍ച്ചയിലേക്കിറങ്ങി നടന്നു. വഴിവിട്ട തോന്നലുകളാണെല്ലാം എന്നാലോചിച്ചു കൊണ്ട് അയാള്‍ ആശുപത്രിക്കെട്ടിടത്തിന്റെ ഗാംഭീര്യം ആസ്വദിച്ചുകൊണ്ടു നടന്നു. രാധച്ചേച്ചിക്കു സുഖമില്ലെന്ന് ആരാണയാളോടു പറഞ്ഞത്. അയാള്‍ക്ക്‌ എത്തും പിടിയും കിട്ടിയില്ല. ഇത്രയും ദൂരം താണ്ടി വന്നിട്ട്  രാധച്ചേച്ചിയെയും കുട്ടികളെയും കാണാതെ പോകുന്നതെങ്ങിനെ? പക്ഷെ അവരുടെ ആ ദുഷ്ടനായ ഭര്‍ത്താവ്.  അയാള്‍ക്കു നല്‍കാന്‍ ഗോപാലനു സമ്പാദ്യം മിച്ചമൊന്നുമില്ലായിരുന്നു. പോകണോ, വേണ്ടായോ?. ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ അയാള്‍ കുഴങ്ങി. 
   അയാളെ പൊടിമണ്ണില്‍ കുളിപ്പിച്ചുകൊണ്ട് ഒരു കാര്‍ വന്നു നിന്നു.
   -മോനെ, ഗോപാലങ്കുട്ടീ.
   കാറില്‍ നിന്നും രാധച്ചേച്ചിയുടെ വിളി കേട്ട് അയാളുടെ പ്രായം നാല്‍പ്പതു വര്‍ഷം പുറകോട്ടു പോയി. ചേച്ചിയുടെ ഭര്‍ത്താവ് ഇറങ്ങിച്ചെന്ന് അയാളുടെ  കൈ കടന്നു പിടിച്ചുകൊണ്ട് അവിടെ നിന്നും അകന്നു മാറി. 
   -ഗോബാല്‍, നീ അവളെ കാണരുത്. ഒന്നും ചോദിക്കരുത്. രോഗം മൂര്‍ച്ചിക്കും.
   -പറ്റില്ല, പറ്റില്ല. 
   ഗോപാലന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ കൈ കുതറി മാറാന്‍ ശ്രമിച്ചു. അതു കണ്ടു രാധച്ചേച്ചിയുടെ മൂത്ത മകന്‍ ഓടിച്ചെന്ന് അയാളുടെ തോളില്‍ അമര്‍ത്തിപ്പിടിച്ചു
  -അമ്മാവാ. ഞങ്ങള്‍ അനുവദിക്കാതെ താന്‍ അവരെ കാണാന്‍ പോകുന്നില്ല. വന്ന വഴിക്കു പോകണം. 
   ഗോപാലന്‍ സ്തംഭിച്ചു പോയി. ആശുപത്രി വരാന്തയില്‍ ഒരൊഴിഞ്ഞ കോണില്‍ ടൂബുലൈറ്റിന്റെ വെള്ളി വെളിച്ചത്തില്‍ പൊരിഞ്ഞ് എത്ര നേരം അയാള്‍ അങ്ങനെ ഇരുന്നെന്നറിഞ്ഞില്ല.  കാലം അയാള്‍ക്കു മുമ്പിലൂടെ അയഥാര്‍ദ്ധമായ ഒരു തീവണ്ടിയില്‍ പായുകയായിരുന്നു. വര്‍ഷങ്ങള്‍ പൂത്തിരിയായി കത്തിയമരുന്നത് അയാളെ നടുക്കി. നടുക്കത്തിലും ഒരു നേര്‍ത്ത പുഞ്ചിരിയുടെ അടയാളം അയാളുടെ മുഖപേശിയില്‍ അവശേഷിച്ചിരുന്നു. അയാള്‍ക്കവിടം വിട്ടു പോകാന്‍ കഴിയുമായിരുന്നില്ല. ചേച്ചിയുടെ വിളിക്ക് കാതോര്‍ത്ത് അയാളങ്ങനെ ഇരുന്നു. അളിയന്‍ അടുത്തെത്തിയതായി തമ്പാക്കിന്റെ ദുഷ്ടമായ മണത്തില്‍ നിന്നും അയാള്‍ അറിഞ്ഞു.
   -നീ വിഷമിക്കരുത്, ഗോബാല്‍. 
   ചെറുപ്പത്തില്‍ ചേച്ചി എടുത്തുകൊണ്ടു നടന്നതും കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്തതുമെല്ലാം അയാള്‍ ഒരിക്കല്‍ക്കൂടി പറയാന്‍ തുടങ്ങിയപ്പോള്‍ ഗോപാലന്‍ തടഞ്ഞു.
  -ഇനി നിങ്ങള്‍ ഇങ്ങനെ പറഞ്ഞിട്ടു കാര്യമില്ല. എനിക്കിനി  സ്വത്തോ പണമോ ഒന്നും തരാന്‍ ബാക്കിയില്ല.
   അളിയന്‍ തമാശ അഭിനയിച്ചു. 
  -നീ കരുതുന്നതുപോലെ അവള്‍ക്കു നിന്നോടു സ്നേഹമില്ല. അവള്‍ നിന്നെ ശപിക്കാത്ത ദിവസമില്ല. 
   ഗോപാലന്‍ വെറുതെ ചിരിച്ചു. രാധച്ചേച്ചിയെ ഐ. സീ . റൂമില്‍ പ്രവേശിപ്പിച്ചു എന്നും ആ പച്ച പര്‍ദ്ദക്കപ്പുറം അവര്‍ നഴ്സുമാരോടു തമാശ പറഞ്ഞിരിക്കുകയാണെന്നും അളിയന്‍ പറഞ്ഞു.
   -നിന്നെ കാണാതിരിക്കാനാണ് അവള്‍ക്കിഷ്ടം. നീ പോയിക്കഴിഞ്ഞേ അവള്‍ പുറത്തു വരൂ. 
   ഗോപാലന്‍ നിസ്സംഗതയോടെ കേട്ടിരുന്നു. 
   -ചിലപ്പോള്‍ നിന്നെ പേടിപ്പിക്കാന്‍ അവള്‍ നേരെ മോര്‍ച്ചറിയിലേക്ക് നീങ്ങിപ്പോയെന്നും വരും. നീ ദുഷ്ടനായിത്തന്നെ അഭിനയിച്ചേക്കു. നിന്റെ ചേച്ചിയെ ചീത്ത പറഞ്ഞേക്ക്. അവളുടെ ദുഷ്ടതകള്‍ പിന്നേം പിന്നേം പറഞ്ഞു നിന്റെ ഉള്ളില്‍ ശത്രുത വളര്‍ത്ത്. 
   യാത്രക്കിടയില്‍ എപ്പോഴോ കഴിച്ച ഹോട്ടല്‍ ഭക്ഷണത്തോടൊപ്പം ഉള്ളില്‍ കടന്ന കീടാണുക്കള്‍  ഗോപാലന്റെ വയറ്റില്‍ പെറ്റുപെരുകിക്കൊണ്ടിരുന്നു. അയാള്‍ എരിയുകയായിരുന്നു. ഐ സീ റൂമില്‍
ഡോക്ടര്‍മാര്‍ ചേച്ചിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. 
  -ഗോബാല്‍ ഇനിയും ശത്രുത വളര്‍ത്തി വളര്‍ത്തി നീ ഇവിടെ നിന്നും അകന്നു പോ. അവള്‍ നിന്നെ കണ്ടാല്‍ വെറുപ്പുകൊണ്ടു മരിക്കും. നീ ഇനി അവളുടെ നെറ്റി എറിഞ്ഞു പൊട്ടിച്ച് അവളെ കൊല്ലുമെന്നവള്‍ ഭയക്കുന്നുണ്ട്.
   കരച്ചില്‍ പുരുഷനുള്ളതല്ലെന്നോര്‍ത്ത് ഗോപാലന്‍ എഴുന്നേറ്റു. ഐ സീ റൂമിലെ പച്ചത്തുണി ഒരിക്കല്‍ക്കൂടി മാറി. ജനം തള്ളിക്കൂടി. അയാളും അങ്ങോട്ടു പോയി. അളിയനും മക്കളുംകൂടി അയാളെ തള്ളി മാറ്റി.

നഴ്സു വാതില്‍ തുറന്നു പിടിച്ചു. 
  -രാധയുടെ കൂടെ വന്ന ഗോപാലന്‍കുട്ടി എവിടെ? 
  വാതിലിലേക്കയാള്‍  കുതിച്ചു. അളിയനെയും മക്കളെയും നഴ്സു തടഞ്ഞു. ഗോപലങ്കുട്ടിയെ കണ്ടാല്‍ മതി. 
   ചേച്ചിയുടെ നെറ്റിയിലെ സ്നേഹത്തഴമ്പു തിളങ്ങി നിന്നു. ഗോപാലന്‍ ഒരു കൊച്ചുകുഞ്ഞായി മാറി. ചേച്ചിയുടെ കണ്ണുകള്‍ തുളുമ്പി. അയാളുടെ മുഖത്തു തലോടി. 
  -മോനെ, നിന്നോടു ക്രൂരത കാറ്റില്‍ നീ പൊറുക്കണം. 
   അയാള്‍ മന്ദഹസിക്കാന്‍ ശ്രമിച്ചു. നഴ്സു ധൃതി കാട്ടി. 
  -മതി മതി. പുറത്തു പോകണം. 
   തുറന്നു വച്ച ഒരുജോടി കണ്ണുകള്‍ അയാളെ പിന്തുടരുന്നുണ്ടായിരുന്നു. അയാളുടെ കാഴ്ചയിലേക്ക് പച്ചത്തുണിത്തുണ്ടം ആരോ വലിച്ചിട്ടു. 
  

Sunday, April 1, 2012

ഒരു നരകപ്പശുവിന്റെ വരവും പോക്കും

     ഇന്ദിരാ നഗറിലെ രണ്ടാം വീടിനു ലഹരി പിടിച്ചു. വെളുപ്പിന് വൈറ്റ് ലഗോണുകളുടെ കൂട്ടിനുള്ളിലെ കാഷ്ടം തൂത്തുകൂട്ടുമ്പോഴാണ് കിഴവിത്തള്ള അതു കണ്ടത്. വെട്ടിനിര്‍ത്തിയ മൈലാഞ്ചി വേലിക്കപ്പുറം കറുമ്പിപ്പശു നില്‍ക്കുന്നു. അവര്‍ പീറ്ററുടെ  വാതില്‍ക്കലേക്കോടി. 
    മേരിയുടെ അടിവയറ്റില്‍ ഒരു കുഞ്ഞു പീറ്റര്‍ വളരുന്നുണ്ടെന്നു മേരിയും അതല്ല മേരിക്കുഞ്ഞാണെന്നു പീറ്ററും പന്തയം വച്ചുകൊണ്ടു കിടക്കുകയായിരുന്നു. തള്ള വാതിലില്‍ തട്ടി വിളിച്ചു. വാതില്‍ തുറന്ന പീറ്ററുടെ മുഖ ത്തേക്കവര്‍ കൂവി  വിളിച്ചു. 
    'പീറ്റരൂട്ടീ, സന്തോഷീടാ, നിന്റെ കറമ്പിപ്പൈ തിരിച്ചു വന്നേടാ.'  
    പീറ്റര്‍ പറക്കുകയായിരുന്നു. പൂക്കാത്ത ചെമ്പകത്തില്‍ പുറം ഉരച്ചു കൊണ്ടു കറമ്പിപ്പൈ വാലാട്ടി, തലയാട്ടി  നിന്നു. പീറ്റര്‍ അതിന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ഉണങ്ങിപ്പിടിച്ച ചാണകം നുള്ളിക്കളഞ്ഞു.    
    'നീ, ഇനി എങ്ങും പോകല്ലേ. എന്നെ ഉപേക്ഷിക്കല്ലേ, ഉപേക്ഷിക്കുമോ? ഒന്നു ചിരിച്ചേ'.
    അവളുടെ കഴുത്തിലെ മണി കിലുങ്ങി. പീറ്ററുടെ തുറന്ന വാതില്‍ക്കല്‍ മേരി തൂണുപോലെ ഉറച്ചു പോയി. മേരിത്തൂണ് നിന്നുകൊണ്ടു ദുസ്വപ്നം കണ്ടു. എന്തെന്ന് പിന്നീടോര്‍ക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണമായ ആ സ്വപ്നം തീര്‍ന്നപ്പോള്‍ എഴരയുടെ സൈറണ്‍ കേട്ടവള്‍ കണ്ണു തുറന്നു. 
    അടിവയറ്റില്‍ കുഞ്ഞു പീറ്റര്‍ അവളെ ചെറുതായി ഇടിച്ചു.. 
    'അമ്മെ, പപ്പയ്ക്ക് ഓഫീസില്‍ പോകണ്ടായോ?'
    നേരാണല്ലോ കര്‍ത്താവേ എന്നോര്‍ത്ത് അവള്‍ ചെമ്പക മരച്ചോട്ടിലേക്കു വിളിച്ചു. 
    'പീറ്റര്‍ ഓഫീസ്സില്‍ പോണില്ലേ?'
    അയാളുടെ മറുപടി കേട്ടപ്പോള്‍ തന്റെ സ്വപ്നം തീര്‍ന്നില്ലെന്ന് അവള്‍ക്കു തോന്നി. 
    'ഇല്ല മേരി, ഞാനിന്ന്‍ ഉച്ചവരെ കാഷ്വലാ. എന്റെ കറമ്പിപ്പൈ തിരിച്ചു വന്നല്ലോ.'
    പീറ്റര്‍ ആഘോഷിച്ചു. പീറ്റര്‍ ചന്തക്കു പോയി. ഒരുകെട്ടു പുല്ലും 
കേരള ഫീഡ്സിന്റെ ഒരു ചാക്ക് കാലിതീറ്റയും ഒരു മൂളിപ്പാട്ടുമായി അയാള്‍ തന്റെ പഴയ ഹെര്‍കുലീസ്‌ സൈക്കിളില്‍ തിരിച്ചെത്തി. പശുവിന്റെ നെറ്റിയില്‍ ചുവന്ന പുള്ളിപ്പൊട്ടിട്ടുകൊണ്ടു നിന്ന പീറ്ററോടു ഭാര്യ പരിഭവിച്ചു. 
    'എന്തെങ്കിലും കഴിക്കേണ്ടെ? ഒരു പശുവിനെ ഇങ്ങനെ പുന്നാരിക്കാനെന്തു?'
    അപ്പോള്‍ പീറ്റര്‍ പറഞ്ഞത് അയാളും പശുവും തമ്മില്‍ അത്രയ്ക്ക് അടുത്തു പോയെന്നാണ്. 
   അതായിരുന്നു കാര്യം. മൂന്നു മാസം മുമ്പ് കറമ്പിപ്പൈ കയറും പൊട്ടിച്ച് നഗരം കടന്നു ഗ്രാമത്തിലെ ഹരിതാഭയിലേക്ക് ഒളിച്ചോടിയിരുന്നു. പീറ്ററുടെ മനസ്സിലെ കരുതും ഹൃദയത്തിലെ സൂക്ഷിപ്പും നഷ്ടപ്പെട്ടു. ക്രമേണ പശുവിനെക്കുറിച്ചുള്ള ഓര്‍മ അലിഞ്ഞുപോയപ്പോള്‍ അയാള്‍ ഭാര്യയോടു പറ്റിച്ചേര്‍ന്നു. 
    കഴിഞ്ഞ ഏഴു വര്‍ഷമായി മേരി കാത്തിരുന്ന കുഞ്ഞുപീറ്റെര്‍ അവളുടെ ഉള്ളില്‍ കൂര്‍ക്കം വലി തുടങ്ങി. അവള്‍ താരാട്ടു പാടി. തീറ്റിയും കുളിയും കഴിഞ്ഞു പശു വിശ്രമിക്കാന്‍ അതുടങ്ങിയപ്പോള്‍ പീറ്റര്‍ ഊണ്മേശ തേടിച്ചെന്നു.  വിശന്നു പൊരിഞ്ഞു കാത്തിരുന്ന മേരിയെ അയാളുണര്‍ത്തി. വായും വയറും നിറഞ്ഞപ്പോള്‍ പീറ്റര്‍ ചോദിച്ചു. 
    'നീ എന്തെങ്കിലും കഴിച്ചോ?'
    മേരിക്ക് കരച്ചില്‍ വന്നു. കറമ്പിപ്പൈ വന്നതില്‍ പിന്നെ കുഞ്ഞുപീറ്ററുടെ കാര്യം കൂടി അയാള്‍ മരന്നതോര്‍ത്ത് അവള്‍ പരിഭവിച്ചു. 
    അയാള്‍ മേരിയെ അടുത്തു പിടിച്ചിരുത്തി. 
   'ഞാനൊന്നു പറയട്ടെ.'
   മേരി മൂളിക്കൊടുത്തു:പറയൂ.
   'അതായത്, ഈ കുഞ്ഞിനെ വേണ്ടാന്നു വച്ചൂടെ?'
   മേരി മൂളിയില്ല. അവള്‍ വേറെ ഏതോ ലോകത്തായിരുന്നു. അവള്‍ വീണ്ടും കേട്ട്. 
   'എന്തെ, ഒന്നും പറഞ്ഞില്ല. നമ്മള്‍ക്കിതുപേക്ഷിക്കാം' 
   ദുഷ്ടന്‍ എന്ന് പറഞ്ഞുകൊണ്ടു മേരി അടുക്കളയിലെക്കോടി.
   പീറ്ററുടെ ന്യായ വിചാരങ്ങള്‍ ശരിയായ ദിശയിലായിരുന്നു. ഒന്നാമത് നിസ്സാരമായ അയാളുടെ വരുമാനം കൊണ്ട് കുഞ്ഞുമേരിയെ വളര്‍ത്തി ഒരു കര പറ്റിക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല. എങ്ങും നടമാടുന്ന അരക്ഷിതാവസ്ഥയിലേക്ക് ഒരു പെണ്‍കുഞ്ഞിനെ വളര്‍ത്തി വിടാന്‍ അയാള്‍ക്ക്‌ ധൈര്യവുമില്ലായിരുന്നു. 
    'അതുകൊണ്ട്. മേരീ, നമുക്കിതു കളയാം. കറമ്പിപ്പൈയുണ്ടല്ലോ സ്നേഹിക്കാന്‍.'
   മേരി അടുക്കള വാതില്‍ തുറന്ന് കോഴിക്കൂട്ടിലേക്കൊടിപ്പോയി. അവള്‍ ആദ്യമായി അമ്മായിഅമ്മയെ തൊട്ടു വിളിച്ചു.
 'അമ്മെ'
  അവള്‍ക്കു ശ്വാസം മുട്ടി. കിഴവി അതിശയിച്ചു. മേരി ഭയം വിളമ്പി.
    'അമ്മെ, അബോര്‍ഷനു തീരുമാനിച്ചു.'
    അവരുടെ നിര്‍ദേശപ്രകാരം മേരി പീറ്റരോട് ആത്മഹത്യാ ഭീഷണി മുഴക്കി. പീറ്റര്‍ കേട്ട ഭാവം നടിച്ചില്ല. അരങ്ങൊരുങ്ങി. അടുക്കള അകത്തുനിന്നും പൂട്ടിയിട്ട് മേരി സാരിയില്‍ കെട്ടിത്തൂങ്ങാന്‍ പോയി. കിഴവിത്തള്ള ജനാലയിലൂടെ അകത്തേക്ക് നോക്കി വിളിച്ചു.
   'പൊന്നു പെണ്ണെ, തൂങ്ങല്ലേ. പീറ്ററെ, നിന്റെ പെണ്ണ് തൂങ്ങാന്‍ പോകുന്നു.കതകു  പൊളീടാ'.
   ചെമ്പകമരച്ചോട്ടിലെ പീറ്റര്‍ അടുക്കളക്കതകു തൊഴിച്ചു തുറന്ന് മേരിയെ തടഞ്ഞു.
   'പറയുന്നത് കേള്‍ക്ക്, ശവം.'
   'പൊന്നു പീറ്റര്‍, എന്റെ കുഞ്ഞിനെ ഞാന്‍ വളര്‍ത്തിക്കോട്ടേ , അല്ലെങ്കില്‍ എന്നെ മരിക്കാന്‍ വിട്' 
   പീറ്റര്‍ ദേഷ്യപ്പെട്ട്  ചെമ്പകമരച്ചോട്ടിലേക്കു പോയപ്പോള്‍ കിഴവി മേരിയെ ആശ്വസിപ്പിച്ചു. കറമ്പിപ്പൈ കുറെ നാള്‍ കൂടി അകന്നു നിന്നാല്‍ മതിയെന്ന് അവര്‍ തീരുമാനമെടുത്തു. അത് തിരിച്ചെത്തുമ്പോഴേക്കും മേരി പ്രസവിച്ചു കഴിഞ്ഞിരിക്കണം. 
   ഉച്ചക്ക് പീറ്റര്‍ ആപ്പീസിലേക്കു പോയ നേരം ചെമ്പകമരച്ചോട്ടിലെത്തിയ കിഴവി കറമ്പിപ്പശുവിന്റെ കയര്‍ അഴിച്ചു വിട്ടിട്ട് ഒരു വലിയ വടിയെടുത്ത് അതിനെ അടിച്ചു. ആദ്യം മടിച്ചു മടിച്ചു നിന്ന ആ ജന്തു വേദന കൊണ്ടു പുളഞ്ഞപ്പോള്‍ ഒടുവില്‍ മൈലാഞ്ചിവേലി കടന്ന് എങ്ങോട്ടോ ഓടിപ്പോയി. അത് നേരെ ഇറച്ചി വെട്ടുകാരുടെ ഷെഡുകളിലെത്തിപ്പെടാനായി മേരി പരിശുദ്ധമാതാവിങ്കല്‍ നൂറ്റൊന്നു മെഴുതിരിയും മുത്താരമ്മന്‍ കോവിലില്‍ ഒരര്‍ച്ചനയും നേര്‍ന്നു. 
    വൈകുന്നേരം പീറ്റര്‍ തിരിച്ചെത്തിയപ്പോള്‍ കറമ്പിപ്പൈ അവരെ ഉപേക്ഷിച്ചു വീണ്ടും പോയെന്നു പറഞ്ഞു. അത് കേള്‍ക്കെ ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആ കറമ്പിപ്പശുവിനോടൊപ്പം എന്ന് പറഞ്ഞുകൊണ്ട് കോഴിക്കൂടിന്റെ വരാന്തയിലിരുന്ന ഹെര്‍ക്കുലീസ് സൈക്കിളെടുത്തു   ചവിട്ടിച്ചവിട്ടി പീറ്ററും എങ്ങോട്ടോ പോയ്മറഞ്ഞു.