Tuesday, March 27, 2012

പ്രായോഗികം

പകല്‍ മുഴുവനും തിരക്കായിരുന്നു. അവസാനം കാല്‍മുട്ടില്‍ നീര്‍ക്കെട്ട്. വീട്ടിലെത്തി നീണ്ടു നിവര്‍ന്നു കിടന്നു. ജ്ഞാനപ്പാനയുടെ ശീലുകള്‍ കേട്ടുറങ്ങിപ്പോയി. ഉറക്കത്തില്‍ മകള്‍ വിളിച്ചു.  

     അമ്മൂമ്മയുടെ കത്തുണ്ടായിരുന്നു. വിളികേട്ട് എഴുന്നേറ്റപ്പോള്‍ നല്ല രാത്രി. അമ്മയുടെ കാതുകളില്‍ തുടക്കവും ഒടുക്കവും ഒരുപോലെ ആയിരിക്കും. ബാക്കി ഭാഗം വായിച്ചു. 
    അച്ഛനുറക്കമില്ല കിടന്നാലല്ലേ ഉറങ്ങൂ. നിര്‍ബന്ധിച്ചാല്‍ കിടക്കും.  കണ്ണില്‍ മയക്കം വരുമ്പോള്‍ ചാടി എഴുന്നേല്‍ക്കും. 
    കഴിഞ്ഞ മാസം ചെന്നപ്പോള്‍ നേരിട്ടറിഞ്ഞതാണ്. സിന്ധു തടങ്ങളിലേക്ക് പടയാളികള്‍ ഇറങ്ങിയെന്നാണ് പരാതി. അവര്‍ എല്ലാം തച്ചു തകര്‍ക്കുകയാണ്. രാവേറെ ചെന്നാലും ഊന്നുവടി കൊണ്ടു കട്ടില്‍ത്തണ്ടില്‍ ആഞ്ഞടിച്ചുകൊണ്ട്‌ അച്ഛന്‍ നാട്ടുകാരെ ഉണര്‍ത്തും.
    അവര്‍ മലമ്പാത താണ്ടിക്കഴിഞ്ഞു. നമ്മുടെ കാലിക്കൂട്ടങ്ങളെ അപഹരിച്ചു. കെട്ടിടങ്ങള്‍ ഉഴുതു മറിച്ചിട്ടു. ആദിദേവന്റെ ക്ഷേത്രം തീയിട്ടു. കുതിരക്കുളമ്പടി കേട്ടില്ലേ, നാട്ടാരെ, ഇങ്ങനെ കിടന്നുങ്ങാതിരിക്കൂ.
     കത്ത് തുടര്‍ന്നു. 
     മകനെ, കഴിഞ്ഞ തവണ നീ വന്നപ്പോഴുള്ള അവസ്ഥ തന്നെ ഇപ്പോഴും. നിന്നെ പേടിച്ചു അച്ഛന്‍ ആ മൂന്നു ദിവസവും ഉറങ്ങിയതോര്‍മ്മയില്ലേ ? നീ തിരിച്ചു പോയ ദിവസം മുതല്‍ പഴയ പടി തന്നെ. പോന്നു മോനെ, ഞാനും ഒരു വൃദ്ധയല്ലേ. അച്ചനുങ്ങാതെ പിച്ചും പേയും പറയുന്നത് കൊണ്ട്‌ എനിക്കും ഉറക്കമില്ല. 
    കത്ത് അവസാനിക്കുകയാണ്. 
    അച്ഛനെ  പേടിപ്പിച്ചുക്കാന്‍ നീ ഇനി എന്നു വരും? അല്ലെങ്കില്‍ പേടിപ്പിക്കാന്‍ ഞാന്‍ എന്ത് ചെയ്യണമെന്നു പറയണം. നീ പ ഠിപ്പുള്ളവനല്ലേ.
    വായിച്ചു വശം കെട്ടു. തല പ്രവര്‍ത്തിച്ചില്ല. വളര്‍ത്തിയെടുത്തു കണ്ണു തെളിയിച്ചു ലോകം മനസ്സിലാക്കിത്തന്ന അച്ഛനെ പേടിപ്പിക്കാന്‍ ഒരു വഴി വേണം. അല്ലെങ്കില്‍ എന്തിനു പഠിച്ചു? 
    പൂന്താനം തുടരുകയായിരുന്നു. 
    അമ്മയെ എങ്ങനെ സമാധാനിപ്പിക്കും? ആര്യന്മാര്‍ ആക്രമണം തുടങ്ങിക്കഴിഞ്ഞെന്ന ബോധം അച്ഛനെ തകര്‍ത്തിരിക്കുന്നു- എന്റെ മോനെ നോക്ക്, അവന്മാര്‍ പട തുടങ്ങിക്കഴിഞ്ഞു. വയ്യാടാ, വയ്യാ.  
    ഞാന്‍ ജ്ഞാനപ്പാന നിര്‍ത്തിക്കളഞ്ഞു. തളര്‍ച്ച ദേഷ്യമായി. എന്റെ കോപം റെക്കോര്‍ഡു ചെയ്ത് അമ്മക്കയച്ചു കൊടുക്കാനുള്ള തല തിരിഞ്ഞ ചിന്ത എനിക്കുണ്ടായി. ജ്ഞാനപ്പാനക്കു മീതെ ഞാന്‍ കലിയിളകിപ്പ റഞ്ഞു. 
    കിടന്നുറങ്ങുന്നുണ്ടോ. കിടക്കാന്‍. ഉറങ്ങുന്നുണ്ടോ. ഉറങ്ങാന്‍. കൊണ്ടുവരൂ മുട്ടന്‍ ദണ്ടുകള്‍. ഈ അച്ഛന്‍ ഉറങ്ങുന്നില്ല. വരട്ടെ ഒരായിരം പടയാളികള്‍. അച്ഛാ. കിടന്നുറങ്ങാന്‍ പറഞ്ഞാല്‍ ഉറങ്ങില്ലേ? കിടക്കവിടെ. ഹും.  ..
ട്ടേ..... ട്ടേ...... ട്ടേ.  മൂന്നുരു കൈ കൊട്ടി.(വെടിയൊച്ചയാണ്).

     ദേ, സിന്ധൂതട സംസ്കാരം തകര്‍ന്നടിഞ്ഞു കഴിഞ്ഞു. ഇനി തെക്കോട്ടോടുകയാണവര്‍. മിണ്ടാതെ, അനങ്ങാതെ അവിടെ കിടന്നാല്‍ അവര്‍ പിടികൂടാതെ കഴിക്കാം. കിടക്കൂ. കിടക്കാന്‍. 
    എന്റെ പുറകില്‍ ആറു കണ്ണുകള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലുണ്ടായി. നോക്കിയപ്പോള്‍ ഭാര്യയും മക്കളും നിലവിളിക്കാനാവാതെ നില്‍ക്കുകയായിരുന്നു. ഞാന്‍ ചിരിച്ചു പോയി. 
     പേടിക്കേണ്ടാ. അച്ഛനെ ഉറക്കനൊരു വഴിയാണ്. പഠിച്ചവനാണ് ഞാന്‍.

2 comments:

sankar said...

onnu edit cheythekkane..achane pedippichurakkan ni ennu varum portion..make it as peadippichu.

Anonymous said...

kadha ishtappettu....... kurachu vaakkukalil orupad artham olinjirikkunnu.....kadhykku adhunika saily und... kollaam.. iniyum nannaayi ezhuthan kazhiyatte.....
snehapoorvam SURA